ചെന്നൈ: വിഖ്യാത മൃദംഗ വിദ്വാനും കര്‍ണാടക സംഗീതത്തില്‍ അരനൂറ്റാണ്ടിലേറെ സ്ഥിരം സാന്നിധ്യവുമായിരുന്ന കാരൈക്കുടി ആര്‍. മണി അന്തരിച്ചു. 77 വയസ്സായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം.

 

മൃദംഗത്തിന് ലോകപ്രശസ്തി നേടിക്കൊടുക്കുന്നതില്‍ അക്ഷീണം പ്രയത്‌നിച്ച പ്രതിഭയായിരുന്നു കാരൈക്കുടി. പോള്‍ സൈമണ്‍, പോള്‍ ഗ്രബോസ്വ്കി, ജോണ്‍ കൈസാന്‍ നെപ്ട്യൂണ്‍ തുടങ്ങി നിരവധി വിദേശ സംഗീതജ്ഞരുമായി ചേര്‍ന്ന് ഫ്യൂഷന്‍ സ്റ്റേജ് പരിപാടികള്‍ നടത്തുകയും ആല്‍ബങ്ങള്‍ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. മൃദംഗവും പുല്ലാങ്കുഴല്‍, മാന്‍ഡലിന്‍, ഇലക്ട്രിക് വയലിന്‍, ഘടം, തബല എന്നിങ്ങനെ ആറുവാദ്യങ്ങളുമായി ഒരുമണിക്കൂറോളം നീളുന്ന, ഷണ്‍മുഖ എന്നുപേരിട്ട കലാവിരുന്ന് അവതരിപ്പിച്ചിട്ടുണ്ട്.

 

1944 സെപ്തംബര്‍ 11ന് തമിഴ്‌നാട്ടിലെ കാരൈക്കുടിയില്‍ ആയിരുന്നു ജനനം. മൃദംഗത്തെ ലോകത്തിനു പരിചയപ്പെടുത്തുന്നതില്‍ മാറ്റിവച്ചതായി അദ്ദേഹത്തിന്റെ ജീവിതം. എം.എസ് സുബ്ബലക്ഷ്മി, ഡി.കെ പട്ടമ്മാളിനും വേണ്ടി മൃദംഗം വായിച്ചിട്ടുണ്ട്. രണ്ടായിരത്തിലേറെ ശിഷ്യസമ്പത്തും അദ്ദേഹത്തിനുണ്ട്. രാജ്യാന്തര സംഗീത മാസികയായ ‘ലയമണിയല’ത്തിന്റെ ചീഫ് എഡിറ്റുമായിരുന്നു.

കാരൈക്കുടി മണി ബാണി ( ശൈലി ) എന്നറിയപ്പെടുന്ന സ്വന്തമായ ശൈലി രൂപപ്പെടുത്തിയെടുത്തു. 1998ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. രാഷ്ട്രപതി ഡോ. രാധാകൃഷ്ണനില്‍ നിന്ന് ആദ്യ ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ കാരൈക്കുടിക്ക് പതിനെട്ട് വയസ്സായിരുന്നു പ്രായം.

LEAVE A REPLY

Please enter your comment!
Please enter your name here