വേനലവധി ക്ലാസുകള്‍ക്ക് സമ്പൂര്‍ണ്ണ നിരോധം ഏര്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്. പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള എല്ലാ ക്ലാസ്സുകള്‍ക്കും നിരോധനം ബാധകമാണ്. ഉത്തരവ് സിബിഎസ്ഇ സ്‌കൂളുകള്‍ക്കും ബാധകമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

വേനലവധിക്ക് കുട്ടികളെ പഠനത്തിനും പഠന ക്യാംമ്പുകള്‍ക്കും നിര്‍ബന്ധിക്കരുതെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മറ്റു തരത്തിലുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കാത്തപക്ഷം സ്‌കൂളുകള്‍ മാര്‍ച്ച് മാസത്തെ അവസാന പ്രവൃത്തിദിനത്തില്‍ അടയ്‌ക്കേണ്ടതും ജൂണ്‍മാസത്തെ ആദ്യ പ്രവൃത്തി ദിനത്തില്‍ തുറക്കേണ്ടതുമാണ്.

 

എന്നാല്‍, ഇതിനു വിരുദ്ധമായി സംസ്ഥാനത്ത് പല വിദ്യാലയങ്ങളും അവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നുണ്ട്. സംസ്ഥാനത്ത് വേനല്‍ ചൂട് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും കുട്ടികളോടുള്ള ഇത്തരം സമീപനം അവരില്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങളെ മുന്‍നിര്‍ത്തിയാണ് ഗവ. എയ്ഡഡ്, അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ, സി.ഐ.എസ്.സി എന്നിങ്ങനെയുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളും അവധിക്കാലത്ത് ക്ലാസുകള്‍ നടത്തരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ക്ലാസെടുക്കുന്ന പ്രധാന അധ്യാപകര്‍, മേലധികാരികള്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here