കോട്ടയം: സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന്റെ പേരില്‍ കോട്ടയം കടുത്തുരുത്തിയില്‍ യുവതി ആത്മഹത്യ ചെയ്ത കേസില്‍ പ്രതി കടുത്തുരുത്തി കോതനല്ലൂര്‍ സ്വദേശി അരുണ്‍ വിദ്യാധരന്‍ മരിച്ചനിലയില്‍. കാഞ്ഞങ്ങാട്ടെ ഹോട്ടലിലാണ് അരുണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അരുണ്‍ സമൂഹ മാധ്യമത്തില്‍ ചിത്രമടക്കം നല്‍കി അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് ആതിര (26) തിങ്കളാഴ്ച ജീവനൊടുക്കിയത്.

 

രാവിലെ ഏഴ് മണിയോടെയാണ് പ്രതി ജീവനൊടുക്കിയതെന്ന് പോലീസ് പറയുന്നു. ആദ്യം കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചുവെങ്കിലും വിജയിക്കാതെ വന്നതോടെ ഹോട്ടലില്‍ നിന്ന് പുറത്തുപോയ അരുണ്‍ ഭക്ഷണം കഴിച്ച് തിരിച്ചുവന്ന് മുറിയില്‍ കയറി ബഡ്ഷീറ്റ് ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

 

പെരുന്തല്‍മണ്ണ സ്വദേശി രാജേഷ് എന്ന പേരിലാണ് ഹോട്ടലില്‍ മുറിയെടുത്തിരുന്നത്.

ആതിര പോലീസിന് പരാതി നല്‍കിയതിനു പിന്നാലെ ഒളിവില്‍ പോയ അരുണിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. അരുണിന്റെ മൊബൈല്‍ സിഗ്നല്‍ രണ്ട് ദിവസം മുന്‍പ് കോയമ്പത്തൂരില്‍ വന്നിരുന്നു. ഇതേതുടര്‍ന്ന കടുത്തുരുത്തിയില്‍ നിന്നുള്ള പോലീസ് സംഘം തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിരുന്നു.

അതിനിടെ, ആതിര നല്‍കിയ പരാതി പോലീസില്‍ നിന്നും അരുണിന് ചോര്‍ന്ന് കിട്ടിയതും അയാള്‍ അത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതും വിവാദമായിരുന്നു. പരാതി നല്‍കാനെത്തിയ ആതിരയുടെ മൊബൈലില്‍ നിന്ന് തന്നെ പോലീസ് അരുണിനെ വിളിച്ചതോടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.

അരുണ്‍ നടത്തിയ അധിക്ഷേപങ്ങള്‍ തടയാന്‍ പോലും പോലീസ് ശ്രമിച്ചില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. കടുത്തുരുത്തി പോലീസിന്റെ നിഷ്‌ക്രിയ നിലപാടില്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് പ്രതിയെ തിരഞ്ഞിറങ്ങാന്‍ പോലീസ് തയ്യാറായത്. ഇതിനിടെയാണ് അരുണിന്റെ ആത്മഹത്യയും.

LEAVE A REPLY

Please enter your comment!
Please enter your name here