ബഹിരാകാശ ഗവേഷണത്തിന് പ്രധാനമായും രണ്ട് ലക്ഷ്യങ്ങളാണ് ഇന്ത്യന്‍ സ്‌പേസ് പ്രോഗ്രാമിന് അടിത്തറയിട്ട വിക്രം സാരാഭായി വിഭാവനം ചെയ്തത്-വാര്‍ത്താവിനിമയവും റിമോട്ട്‌സെന്‍സിങും. ദേശീയ വികസനത്തിനുള്ള ഉപാധിയായാണ് ബഹിരാകാശ ഗവേഷണത്തെ അദ്ദേഹം കണ്ടത്. image (2)

1960 കളുടെ ആദ്യം ആരംഭിച്ച ഇന്ത്യന്‍ സ്‌പേസ് പ്രോഗ്രം സ്തുത്യാര്‍ഹമായ നിലയില്‍ ആ ലക്ഷ്യങ്ങള്‍ നിര്‍വഹിക്കുന്നതിനൊപ്പം, മൗലികമായ ശാസ്ത്രഗവേഷണത്തിലേക്ക് ചുവടുവെയ്ക്കുന്നതിന് ഇരുപത്തിയൊന്നാം നൂറ്റാണ്ട് സാക്ഷ്യം വഹിച്ചു. 

ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ‘ചന്ദ്രയാന്‍ ഒന്ന്’ (2008), ചൊവ്വാദൗത്യമായ ‘മംഗള്‍യാന്‍ (‘മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍’ – 2014) എന്നീ ഗോളാന്തരദൗത്യങ്ങളുടെ അസൂയാര്‍ഹമായ വിജയം, ഇന്ത്യന്‍ ബഹിരാകാശപരിപാടിയെ ഇതുവരെയില്ലാത്ത ഉയരങ്ങളില്‍ പ്രതിഷ്ഠിച്ചു. 2015 സപ്തംബര്‍ 28 ന് ‘അസ്‌ട്രോസാറ്റ്’ വിക്ഷേപിച്ചതോടെ, സ്വന്തമായി ബഹിരാകാശ ടെലിസ്‌കോപ്പുള്ള അപൂര്‍വ്വം രാജ്യങ്ങളിലൊന്നായും ഇന്ത്യ മാറി.

അങ്ങനെ, ഗോളാന്തര ദൗത്യങ്ങളിലേക്കും പ്രപഞ്ചപഠനത്തിലേക്കും ചുവടുവെച്ച ‘ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന’ (ഐഎസ്ആര്‍ഒ), പുതിയൊരു മേഖലയിലേക്ക് കൂടി ഇപ്പോള്‍ രാജ്യത്തെ കൈപ്പിടിച്ച് ഉയര്‍ത്തുകയാണ്; സ്വന്തമായി ഗതിനിര്‍ണയ സംവിധാനമുള്ള രാജ്യം എന്ന നിലയിലേക്ക്! ‘ഇന്ത്യന്‍ റീജിണല്‍ നാവിഗേഷന്‍ സാറ്റ്‌ലൈറ്റ് സിസ്റ്റ’ത്തിലെ അഥവാ ഐആര്‍എന്‍എസ്എസ് ശ്രേണിയിലെ ഏഴാമത്തെ ഗതിനിര്‍ണയ ഉപഗ്രഹം ഇന്ന് വിക്ഷേപിച്ചതോടെയാണത്. 

‘ഐആര്‍എന്‍എസ്എസ്  -1ജി’ ( IRNSS-1G ) എന്ന ഉപഗ്രഹത്തെ പിഎസ്എല്‍വി റോക്കറ്റാണ് ഭ്രമണപഥത്തിലെത്തിച്ചത്. ആന്ധ്രപ്രദേശില്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണകേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. ഇതോടെ, ഐആര്‍എന്‍എസ്എസ് ശൃംഖലയിലെ എല്ലാ കണ്ണികളും പൂര്‍ത്തിയായി. 

IRNSS - 1G
ഐആര്‍എന്‍എസ്എസ് – 1ജി വിക്ഷേപണത്തിന് ഒരുങ്ങിയപ്പോള്‍. ചിത്രം: ISRO

 

2013 ജൂലായിലാണ് ഈ ശ്രേണിയിലെ ആദ്യ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് -1എ വിക്ഷേപിച്ചത്. തുടര്‍ന്ന് ഐആര്‍എന്‍എസ്എസ് -1ബി (2014 ഏപ്രില്‍), ഐആര്‍എന്‍എസ്എസ് -1സി (2014 ഒക്ടോബര്‍), ഐആര്‍എന്‍എസ്എസ് -1ഡി (2015 മാര്‍ച്ച്), ഐആര്‍എന്‍എസ്എസ് -1ഇ (2015 ജനവരി 20), ഐആര്‍എന്‍എസ്എസ് -1എഫ് (2015 മാര്‍ച്ച് 10) എന്നിവ വിക്ഷേപിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുത്ത സ്വതന്ത്ര ഗതിനിര്‍ണയ സംവിധാനമാണ് ഐആര്‍എന്‍എസ്എസ്. ഇത് പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ, ജിപിഎസ് അടക്കമുള്ള മറ്റ് രാജ്യങ്ങളുടെ ഗതിനിര്‍ണയ സംവിധാനങ്ങളെ ഇന്ത്യയ്ക്ക് ആശ്രയിക്കേണ്ടി വരില്ല. 

1500 കിലോമീറ്ററാണ് ഈ സംവിധാനത്തിന്റെ പ്രവര്‍ത്തന പരിധി. ഓരോ ഉപഗ്രഹത്തിനും 150 കോടി രൂപ വീതമാണ് ചെലവ്. ഉപഗ്രഹം വിക്ഷേപിക്കുന്ന പിഎസ്എല്‍വി റോക്കറ്റിന് 130 കോടി രൂപ വീതവും. പദ്ധതിയുടെ മൊത്തം ചെലവ് 910 കോടി രൂപയെന്ന് കണക്കാക്കപ്പെടുന്നു. 

ശരിക്കുപറഞ്ഞാല്‍ മൊത്തം ഒന്‍പത് ഉപഗ്രഹങ്ങളാണ് ഐആര്‍എന്‍എസ്എസ് പദ്ധതിയിലുള്ളത്. ഏഴെണ്ണം മുകളിലും, രണ്ടെണ്ണം ഭൂമിയിലും. ബഹിരാകാശത്തെ ഏഴെണ്ണത്തില്‍ ഏതിനെങ്കിലും തകരാറുണ്ടായാല്‍, പകരം വിക്ഷേപിക്കാനുള്ളതാണ് ഭൂമിയില്‍ സൂക്ഷിച്ചിട്ടുള്ള ഉപഗ്രഹങ്ങള്‍. 

മുകളിലുള്ള ഏഴ് ഉപഗ്രഹങ്ങളില്‍ മൂന്നെണ്ണം ഭൂസ്ഥിര ഭ്രമണപഥത്തിലും നാലെണ്ണം ജിയോസിങ്ക്രണസ് ഭ്രമണപഥത്തിലുമാകും സ്ഥിതിചെയ്യുക. ഈ ഉപഗ്രഹ സംവിധാനം നിയന്ത്രിക്കാന്‍ 15 ഗ്രൗണ്ട് സ്റ്റേഷനുകളുണ്ട്.

ഇന്ത്യയുടെ സ്വന്തം ജിപിഎസ്

ഗതിനിര്‍ണയ സങ്കേതങ്ങള്‍ സാധാരണക്കാര്‍ക്കും പരിചിതമായിത്തുടങ്ങിയത് സ്മാര്‍ട്ട്‌ഫോണുകളുടെ വരവോടെയാണ്. മിക്ക സ്മാര്‍ട്ട്‌ഫോണുകളുടെയും ഫീച്ചറുകളിലൊന്നാണ് ജിപിഎസ്. മാപ്പുകളടക്കം സ്മാര്‍ട്ട്‌ഫോണിലെ ഒട്ടേറെ സംവിധാനങ്ങള്‍ ജിപിഎസിന്റെ പിന്തുണയോടെയാണ് പ്രവര്‍ത്തിക്കുന്നത്.  

സ്മാര്‍ട്ട്‌ഫോണുകളാണ് ജിപിഎസിനെ ഏവരുടെയും പരിചിതപദമാക്കിയതെങ്കിലും, കരയിലൂടൈയും കടലിലൂടെയും വായുവിലൂടെയുമുള്ള ഗതാഗതം, യുദ്ധം, ജാഗ്രതാസംവിധാനങ്ങള്‍ തുടങ്ങിയവയിലൊക്കെ ഗതിനിര്‍ണയ സംവിധാനങ്ങള്‍ നിര്‍ണായകമാണ്. 

ജിപിഎസ് എന്നാല്‍ ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം. 24 ഉപഗ്രങ്ങള്‍ കണ്ണിചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജിപിഎസ് അമേരിക്കയുടെ ഗതിനിര്‍ണയ സംവിധാനമാണത്. 1973 ലാണ് അമേരിക്ക ജിപിഎസ് പദ്ധതി തുടങ്ങുന്നത്. അമേരിക്കയുടെ ജിപിഎസ് കൂടാതെ, റഷ്യയുടെ ഗ്ലോനാസ് ( Glonass ), യൂറോപ്പിന്റെ ഗലീലിയോ ( Galileo ), ചൈനയുടെ ബെയ്ദൂ ( Beidou ), ജപ്പാന്റെ ക്വാസി-സെനിത് സാറ്റ്‌ലൈറ്റ് സിസ്റ്റം ( Quasi-Zenith Satellite System – QZSS ) എന്നിവയാണ് ലോകത്ത് നിലവിലുള്ള ഗതിനിര്‍ണയ സംവിധാനങ്ങള്‍. ഈ പട്ടികയില്‍ ഇടംപിടിക്കുകയാണ് ഇപ്പോള്‍ ഇന്ത്യയും. 

മേല്‍സൂചിപ്പിച്ചതില്‍ അമേരിക്കയുടെയും റഷ്യയുടെയും ഗതിനിര്‍ണയ സംവിധാനങ്ങള്‍ ആഗോളതലത്തില്‍ സേവനം നല്‍കുമ്പോള്‍, ജപ്പാന്റെയും ചൈനയുടെയും പ്രദേശിക സേവനമാണ് നല്‍കുന്നത്. യൂറോപ്പിന്റെ സംവിധാനം ഇനിയും പൂര്‍ണമായി പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ഇന്ത്യയുടെ ഐആര്‍എന്‍എസ്എസ് സംവിധാവും പ്രദേശികതലത്തിലാണ് സേവനം നല്‍കുക. 

IRNSS - 1G
പിഎസ്എല്‍വി – സി33 റോക്കറ്റ്, ഐആര്‍എന്‍എസ്എസ് – 1ജിയെ വഹിച്ച് ശ്രീഹരിക്കോട്ടയില്‍ വിക്ഷേപണത്തിന് ഒരുങ്ങിയപ്പോള്‍. ചിത്രം: ISRO

 

രണ്ട് മുന്നണികളിലാകും ഐആര്‍എന്‍എസ്എസിന്റെ സേവനം ലഭ്യമാകുകയെന്ന് ഐഎസ്ആര്‍ഒ കേന്ദ്രങ്ങള്‍ പറയുന്നു-പൊതുവായ സേവനവും, നിയന്ത്രിത സേവനവും. പൊതുവായ സേവനം എല്ലാവര്‍ക്കും ലഭ്യമാകും, അതേസമയം നിയന്ത്രിത സേവനം എന്‍ക്രിപ്റ്റഡ് ആയിരിക്കും, അംഗീകൃത യൂസര്‍മാര്‍ക്കുള്ളതാകും അത്. 

ഗതിനിര്‍ണയ മേഖലയില്‍ സ്വയംപര്യാപ്തത എന്നത് ഏത് രാജ്യത്തിന്റെയും തന്ത്രപ്രധാന മേഖലയ്ക്ക് വളരെ നിര്‍ണായകമാണ്. എപ്പോഴും മറ്റ് രാജ്യങ്ങളുടെ സേവനം ഇക്കാര്യത്തില്‍ അഭികാമ്യമായി എന്ന് വരില്ല. ഉദാഹരണത്തിന്, 1999 ല്‍ കാര്‍ഗില്‍ യുദ്ധകാലത്ത് സൈനിക മുന്നേറ്റത്തിന് ജിപിഎസ് സഹായം ഇന്ത്യ അമേരിക്കയോട് ആവശ്യപ്പെട്ടു. അമേരിക്ക അത് നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് സ്വന്തം ഗതിനിര്‍ണയ സംവിധാനം വികസിപ്പിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.

കരയിലൂടെയും കടലിലൂടെയും ആകാശത്തിലൂടെയുമുള്ള സഞ്ചാരത്തിന് സഹായം നല്‍കുക എന്നതാണ് ഗതിനിര്‍ണയ സംവിധാനത്തിന്റെ ലക്ഷ്യം. യുദ്ധവേളകളില്‍ സേനയ്ക്ക് ആവശ്യം വേണ്ട സേവനങ്ങള്‍ നല്‍കുവാനും ഗതിനിര്‍ണയ സംവിധാനത്തിനു കഴിയും. രാജ്യത്തിനകത്ത് നിരീക്ഷണങ്ങള്‍ കാര്യക്ഷമമാക്കാനും ഭീകരാക്രമണങ്ങള്‍ തടയാനും സഹായിക്കും.  

ഗതിനിര്‍ണയക സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനായി ഫ്രണ്ട് എന്‍ഡ് റേഡിയോ ഫ്രീക്വന്‍സി ചിപ്പുകള്‍ ഐഎസ്ആര്‍ഒ വികസിപ്പിക്കുകയാണ്. ഈ വര്‍ഷം തന്നെ ഇതിന്റെ പ്രാരംഭ പതിപ്പ് പുറത്തിറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.