Saturday, May 4, 2024
spot_img
Home ന്യൂസ്‌ ലോകം പാകിസ്താനെ കൈകാര്യം ചെയ്യാന്‍ ഇന്ത്യയുടെ സഹായം തേടും: ട്രംപ്‌

പാകിസ്താനെ കൈകാര്യം ചെയ്യാന്‍ ഇന്ത്യയുടെ സഹായം തേടും: ട്രംപ്‌

74
0

വാഷിംഗ്ടണ്‍: അസ്ഥിര രാഷ്ട്രമായ പാകിസ്താനെ കൈകാര്യം ചെയ്യാന്‍ ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളുടെ സഹായം തേടുമെന്ന് റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ഒരു പ്രചാരണ യോഗത്തില്‍ പങ്കെടുക്കവെയാണ് ട്രംപിന്റെ പരാമര്‍ശം.

അമേരിക്കയുടെ സഹായം കൈപ്പറ്റുകയും പിന്നീട് ഇരട്ടത്താപ്പ് കാണിക്കുകയും ചെയ്ത പാകിസ്താനടക്കമുള്ള രാജ്യങ്ങളോടുള്ള സമീപനം എന്തായിരിക്കുമെന്ന ചോദ്യത്തിന് മറുപടി പറയവേയാണ് ട്രംപ് പാകിസ്താനോടുള്ള തന്റെ നിലപാട് വിശദീകരിച്ചത്. 

നമ്മള്‍ പാകിസ്താന് ധാരാളം പണവും ആയുധങ്ങളും മറ്റു സഹായങ്ങളും നല്‍കിയിട്ടുണ്ട് എന്നാല്‍ നാം ആഗ്രഹിച്ച നടപടികളൊന്നും അവരില്‍ നിന്നുണ്ടായിട്ടില്ല. പലപ്പോഴും നമുക്ക്‌ ദോഷകരമായ പല കാര്യങ്ങളും അവര്‍ ചെയ്യുകയും ചെയ്തു -ട്രംപ് പറഞ്ഞു.

പാകിസ്താന്‍ ഒരു ആണവരാഷ്ട്രമാണ് എന്നതാണ് ഇതിലെ പ്രധാനപ്രശ്‌നം. ലോകത്ത് ആണവായുധങ്ങളുള്ള ഒന്‍പത് രാജ്യങ്ങളുണ്ട്. എന്നാല്‍ അതില്‍ അല്‍പമെങ്കിലും അസ്ഥിരമായ  രാജ്യം പാകിസ്താന്‍ മാത്രമാണ്. പൂര്‍ണമായും അസ്ഥിരതയും അരാജകത്വവും ഉണ്ടായി കാണാന്‍ നമ്മള്‍ ആഗ്രഹിക്കുന്നില്ല. നമ്മള്‍ക്ക് അവരുമായി നല്ല ബന്ധമാണുള്ളത്. അത് നിലനിര്‍ത്താനാവും ഞാനും ശ്രമിക്കുക. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി വിശദീകരിച്ചു.

അവര്‍ക്ക് നമ്മള്‍ ഇപ്പോള്‍ ചെയ്തു കൊടുക്കുന്ന സഹായങ്ങള്‍ തുടര്‍ന്നും ചെയ്തില്ലെങ്കില്‍, അവിടെ വേറെ ചിലരാവും സ്വധീനം സൃഷ്ടിക്കുക അത് വലിയ ദുരന്തങ്ങളിലേക്ക് വഴി തുറക്കും. നമ്മുടെ സഹായം പറ്റുന്ന ഒരുപാട് രാജ്യങ്ങളുണ്ട്, എന്നാല്‍ അവരില്‍ നിന്ന് നമ്മുക്കൊന്നും തിരിച്ചു കിട്ടുന്നുമില്ല, ഇതെല്ലാം എത്രയും പെട്ടെന്ന് നിര്‍ത്തേണ്ട പരിപാടിയാണ്. എന്നാല്‍ ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങളെ നോക്കൂ, ചിലപ്പോള്‍ അവര്‍ക്ക് നമ്മളെ ഇത്തരം പ്രശ്‌നങ്ങളില്‍ സഹായിക്കാന്‍ സാധിച്ചേക്കും. തന്റെ വിദേശനയത്തെ വിശദീകരിച്ചു കൊണ്ട് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. 

പ്രതീക്ഷിച്ച ഫലം ഇല്ലാഞ്ഞിട്ടും പാകിസ്താന് കണക്കില്ലാതെ പണം നല്‍കുന്ന ഒബാമ ഭരണകൂടത്തിന്റെ നടപടിയെ  യു.എസ്. കോണ്‍ഗ്രസിലെ അംഗങ്ങള്‍ വിമര്‍ശിച്ച അതേ ദിവസം തന്നെയാണ് ഡൊണാള്‍ഡ് ട്രംപിന്റെ പാകിസ്താന്‍ വിമര്‍ശമെന്നതും ശ്രദ്ധേയമാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here