ബംഗളൂരു: അധികാരത്തിലേറിയാൽ വൈദ്യുതി സൗജന്യമാക്കുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അതിനാൽ വൈദ്യുതി ബില്ലടക്കില്ലെന്നും കർണാടകയിലെ ഗ്രാമീണർ. കർണാടക ചിത്രദുർഗയിൽ വൈദ്യുതി മീറ്റർ റീഡിങ്ങിനെത്തിയ ബിൽ കലക്ടറോടാണ് തുക തരില്ലെന്ന് നാട്ടുകാർ പറയുന്നത്. ഇതിന്റെ വിഡിയോ ബി.ജെ.പി ഐടി സെൽ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തു. എന്നാൽ, കനത്ത പരാജയം ഏറ്റുവാങ്ങിയ ബി.ജെ.പിക്കാർ ജാള്യത മറച്ചുവെക്കാൻ കുത്തിത്തിരിപ്പുമായി രംഗത്തിറങ്ങുകയാണെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.

 

വൈദ്യുതി ബിൽ അടയ്ക്കാൻ വിസമ്മതിക്കുന്ന ആളുകൾ മറ്റുള്ളവരെ കൂടി ഇതിനായി പ്രേരിപ്പിക്കുന്നു​ണ്ടെന്ന് പറഞ്ഞാണ് മാളവ്യ വിഡിയോ പങ്കുവെച്ചത്. “അധികാരത്തിൽ വന്നയുടൻ വൈദ്യുതി സൗജന്യമാക്കു​മെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തതാണ്. പോയി കോൺഗ്രസിൽനിന്ന് പണം വാങ്ങൂ എന്നാണ് ഗ്രാമീണർ പറയുന്നത്. എന്നാൽ, കോൺഗ്രസാണെങ്കിൽ മുഖ്യമന്ത്രിയെ ഇനിയും പ്രഖ്യാപിക്കാതെ ചുറ്റും അരാജകത്വം ഉണ്ടാക്കുകയാണ്’ ബിജെപി നേതാവ് ട്വിറ്ററിൽ കുറിച്ചു.

കർണാടകയിൽ ഗൃഹജ്യോതി എന്നപേരിൽ 200 യൂണിറ്റ് സൗജന്യ വൈദ്യുതിയാണ് കോൺഗ്രസ് വാഗ്ദാനം ചെയ്തത്. കൂടാതെ ഗൃഹ ലക്ഷ്മി (ഓരോ സ്ത്രീക്കും 2,000 രൂപ), അന്ന ഭാഗ്യ (ബിപിഎൽ കുടുംബങ്ങൾക്ക് 10 കിലോ അരി), തൊഴിലില്ലാത്ത ബിരുദധാരികൾക്ക് യുവ നിധി (3,000 രൂപ), ശക്തി എന്നീ പദ്ധതികളും പ്രകടനപത്രികയിൽ പ്രഖ്യാപിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ വിജയം നേടിയതിന് പിന്നാലെ, പാർട്ടിയുടെ പ്രകടനപത്രികയിലെ അഞ്ച് വാഗ്ദാനങ്ങളും പാർട്ടി നിറവേറ്റുമെന്ന് പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ജനങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. “ജനങ്ങൾ ഞങ്ങൾക്ക് റെക്കോർഡ് വോട്ടുകൾ നൽകി. പ്രകടനപത്രികയിൽ പൊതുജനങ്ങൾക്ക് നൽകിയ 5 വാഗ്ദാനങ്ങളും മന്ത്രിസഭ രൂപീകരിച്ചതിന് ശേഷം നടപ്പിലാക്കും” -ഖാർഗെ ഞായറാഴ്ച പറഞ്ഞു.

‘ഖജനാവിന് 51,150 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന 5 ഉറപ്പുകൾ നിറവേറ്റുന്നതും കാത്തിരിക്കുകയാണ് ജനങ്ങൾ. കർണാടകയുടെ മൊത്തം ബജറ്റിന്റെ 21.6 ശതമാനം വരും ഈ തുക. സൗജന്യ ബസ് പാസുകൾ കണക്കാക്കിയാൽ വീണ്ടും കൂടും. അതിനാൽ കോൺഗ്രസ് മുഖ്യമന്ത്രിയെ ഉടൻ തീരുമാനിക്കണം’ -മാളവ്യ പറഞ്ഞു.

ബി.ജെ.പിയെ തറപറ്റിച്ച് സംസ്ഥാന ഭരണം നേടിയതിനു പിന്നാലെ വാഗ്ദാനങ്ങളെല്ലാം നടപ്പാക്കുമെന്ന് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. കർണാടകയിലെ ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ നടപ്പാക്കാൻ പാർട്ടി ശുഷ്കാന്തിയോടെ പ്രവർത്തിക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുപിന്നാലെ വ്യക്തമാക്കിയിരുന്നു.

62,000 കോടി; കർണാടകയിൽ കോൺഗ്രസിന് വാഗ്ദാനങ്ങൾ പാലിക്കാൻ വേണം വൻ തുക

ബംഗളൂരു: ബി.ജെ.പിയെ തറപറ്റിച്ച് കർണാടക ഭരണം കോൺഗ്രസ് തിരിച്ചുപിടിച്ചെങ്കിലും മുഖ്യമന്ത്രിയാരെന്ന കാര്യത്തിൽ വടംവലി തുടരുകയാണ്. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യക്ക് വീണ്ടും അവസരം പ്രതീക്ഷിക്കുമ്പോൾ, പാർട്ടി സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാറും ഒട്ടും വിട്ടുകൊടുക്കാതെ മുഖ്യമന്ത്രി പദം ലക്ഷ്യമിടുന്നുണ്ട്. അതേസമയം, 224ൽ 135 സീറ്റ് നേടി ഭരണത്തിലേറുന്ന കോൺഗ്രസിന് ആരു മുഖ്യമന്ത്രിയായാലും വർഷം തോറും അധികമായി കണ്ടെത്തേണ്ടിവരിക 62,000 കോടി രൂപയോളമാണ്. ജനങ്ങൾക്ക് നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും സൗജന്യങ്ങളും യാഥാർഥ്യമാക്കണമെങ്കിൽ സർക്കാറിന് ഇത്രയും തുക വർഷം തോറും ആവശ്യമായി വരും.

കോൺഗ്രസിന്‍റെ പ്രധാന വാഗ്ദാനങ്ങളിൽ ചിലത്

  • സ്ത്രീകൾ കുടുംബനാഥയായ വീടുകൾക്ക് മാസംതോറും 2000 രൂപ
  • തൊഴിൽരഹിതരായ ഡിപ്ലോമക്കാർക്ക് മാസംതോറും 1500 രൂപ
  • തൊഴിൽരഹിതരായ ബിരുദക്കാർക്ക് മാസംതോറും 3000 രൂപ
  • സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര
  • എല്ലാ കുടുംബങ്ങൾക്കും 200 യൂനിറ്റ് വരെ വൈദ്യുതി സൗജന്യം
  • ആഴക്കടൽ മത്സ്യത്തൊഴിലാളികൾക്ക് വർഷം തോറും നികുതിയില്ലാതെ 500 ലിറ്റർ ഡീസൽ
  • ട്രോളിങ് നിരോധന കാലത്ത് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 6000 രൂപ വീതം
  • ബി.പി.എൽ കുടുംബങ്ങൾക്ക് പ്രതിവർഷം മൂന്ന് പാചകവാതക സിലിണ്ടറും ദിവസേന അര ലിറ്റർ പാലും, റേഷനു പുറമേ പ്രതിമാസം അഞ്ച് കിലോഗ്രാം ധാന്യങ്ങളും സൗജന്യം

വാഗ്ദാനങ്ങൾ പ്രകാരം നേരിട്ടു നൽകുന്ന പണവും വൈദ്യുതി നിരക്ക് ഇളവും മാത്രം 62,000 കോടിയുടെ ബാധ്യത സർക്കാറിനുമേൽ ഉണ്ടാക്കുമെന്ന് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇത് സംസ്ഥാന ബജറ്റിനെ തന്നെ ബാധിച്ചേക്കും.

സംസ്ഥാന ബജറ്റിന്‍റെ 20 ശതമാനത്തോളം വരും 62,000 കോടി രൂപ. തെരഞ്ഞെടുപ്പ് വാഗ്ദാനത്തിലെ സൗജന്യങ്ങൾക്കായി ചെലവഴിക്കേണ്ട തുക കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ധനക്കമ്മിയേക്കാൾ കൂടുതലാണ്. 2022-23 വർഷത്തെ ധനക്കമ്മി 60,581 കോടിയായിരിക്കുമെന്നാണ് കണക്കാക്കുന്നത്. ഇതാകട്ടെ സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 2.6 ശതമാനമാണ്.

ബജറ്റിന്‍റെ 15 ശതമാനത്തിൽ താഴെ മാത്രമേ കോൺഗ്രസ് വാഗ്ദാനം ചെയ്യുന്ന സൗജന്യങ്ങൾ വരൂവെന്നായിരുന്നു എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല നേരത്തെ പറഞ്ഞത്. ഒപ്പം, അഞ്ച് വർഷത്തിനകം ബജറ്റ് തുക വർധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സൗജന്യങ്ങൾക്ക് നൽകേണ്ട വില ബജറ്റിന്‍റെ 20 ശതമാനം കടക്കുന്ന സാഹചര്യത്തിൽ ഇതിനെ എങ്ങനെ നേരിടുമെന്നതാകും നിലവിൽ വരുന്ന പുതിയ സർക്കാറിന്‍റെ മുന്നിലെ കടമ്പ.

 
 

LEAVE A REPLY

Please enter your comment!
Please enter your name here