ദില്ലി: രാജ്യം വിടാന്‍ തന്നെ നിര്‍ബന്ധിതനാക്കിയതാണെന്നും ഉടനെ ബ്രിട്ടന്‍ വിട്ട് ഇന്ത്യയിലേക്ക് മടങ്ങാന്‍ ഉദ്ദേശമില്ലെന്നും ഭീഷണിമുഴക്കി മദ്യവ്യവസായി വിജയ് മല്യ രംഗത്ത്. ഒളിവില്‍ കഴിയുന്ന മല്യയെ നാട്ടിലേക്ക് തിരിച്ചയയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ ബ്രിട്ടന് ഔദ്യോഗികമായി കത്തെഴുതിയതിന്റെ തൊട്ടടുത്ത ദിവസമാണ് മല്യ തന്റെനിലപാട് ഭീഷണി രൂപേണ വ്യക്തമാക്കിയിരിക്കുന്നത്.

തന്നെ അറസ്റ്റ് ചെയ്യുകയോ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുകയോ ചെയ്താല്‍ ബാങ്കുകള്‍ക്ക് ഒരു രൂപപോലും കിട്ടാന്‍ പോകുന്നില്ലെന്ന് മല്യ പറഞ്ഞു. ഇന്ത്യ വിടാന്‍ തന്നെ നിര്‍ബന്ധിതനാക്കുകയായിരുന്നു. വായ്പ തിരിച്ചടയ്ക്കുന്ന വിഷയത്തില്‍ ബാങ്കുകളുമായി നിരവധി തവണ ചര്‍ച്ച നടത്തിയിട്ടുണ്ട്. ബാങ്കുകളുമായി ന്യായമായ ഒത്തുതീര്‍പ്പ് ആഗ്രഹിക്കുകയാണ്. ഞങ്ങള്‍ക്ക് താങ്ങാന്‍ പറ്റുന്നതും ബാങ്കുകള്‍ക്ക് ന്യായമായതുമായ തുകയാണ് വാഗ്ദാനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ക്ക വായ്പയും കുടിശ്ശികയും ഉള്‍പ്പെട 9,000 കോടിരൂപയാണ് മല്യ നല്‍കാനുള്ളത്. ഇതില്‍ ആറായിരം കോടിയോളം തിരിച്ചടയ്ക്കാമെന്ന് മല്യ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ബാങ്കുകള്‍ ഈ വാഗ്ദനം തള്ളിയിരിക്കുകയാണ്. ബാങ്കുകള്‍ക്കുള്ള ഭീമമായ കടം നിലനില്‍ക്കെ മാര്‍ച്ച് രണ്ടിനാണ് മല്യ ബ്രിട്ടനിലേക്ക് കടന്നത്. അതേസമയം മല്യയെ ഇന്ത്യയിലേക്ക് തിരിച്ചയ്ക്കുന്നതില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ക്ക് ഔദ്യോഗികമായി കത്തയച്ചു. മല്യയ്‌ക്കെതിരായ നടപടികളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ രണ്ട് ദിവസം മുന്‍പ് മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here