കേരളം ഉറ്റുനോക്കുന്ന പാലക്കാട്ടെ രാഷ്‌ട്രീയ പോരാട്ടത്തെ അതിനേക്കാൾ ഉദ്വേഗത്തോടെ ഉറ്റുനോക്കുന്ന ഒരു കുടുംബമുണ്ട് ദോഹയിൽ. നിലമ്പൂർ സ്വദേശി ജോസഫ് മുത്തൂറ്റിന്റെ കുടുംബത്തിലേക്കു കഴിഞ്ഞ ഡിസംബറിലെത്തിയ ‘ജോയി’യാണ് പാലക്കാട്ടെ പോരാട്ടം കനപ്പിക്കുന്നത്. പ്രതിപക്ഷ നേതാവ് തൊണ്ണൂറ്റിരണ്ടുകാരനായ വി.എസ്.അച്യുതാനന്ദനെ നേരിടുന്നത് അദ്ദേഹത്തിന്റെ പ്രായം തിരിച്ചിട്ടാൽ കിട്ടുന്നത്ര മാത്രം ചെറുപ്പമായ എതിരാളി കെഎസ്‌യു സംസ്‌ഥാന പ്രസിഡന്റ് വി.എസ്.ജോയി.

ജോസഫിന്റെ മൂത്തമകൾ ഡോ. ലയയും വി.എസ്.ജോയിയും തമ്മിലുള്ള വിവാഹം കഴിഞ്ഞ ഡിസംബറിലായിരുന്നു. ലയ ഇപ്പോൾ ന്യൂഡൽഹിയിൽ മറ്റൊരു കോഴ്‌സ് ചെയ്യുകയാണ്. ഫജാർ അൽ ഖലീജ് ട്രേഡിങ് ആൻഡ് കോൺട്രാക്‌ടിങ് കമ്പനി ഉടമയായ ജോസഫ് കഴിഞ്ഞ 33 വർഷമായി ദോഹയിലുണ്ട്. മകൻ ജോയൽ സെറ്റെൻ്‌ഡടൺ സർവകലാശാലയിൽ ബിസിനസ് മാനേജ്‌മെന്റ് കഴിഞ്ഞശേഷം അച്ഛന്റെ ബിസിനസിൽ സഹായിക്കുന്നു.

ഇളയ മകൾ ഹെപ്‌സിബ പാലക്കാട് നെഹ്‌റു കോളജിൽ ബിടെക്കിനു പഠിക്കുന്നു. ദിവസവും ഫോൺ വിളിച്ചു പാലക്കാട്ടെ കാര്യങ്ങൾ അറിയുന്ന ജോസഫ് പ്രചാരണം മൂക്കുന്നതോടെ പാലക്കാട്ട് എത്താനാണു പ്ലാൻ. ബിസിനസ് തിരക്കുകൾ കാരണമാണു യാത്ര വൈകുന്നത്. എന്നാൽ, അടുത്തമാസം അഞ്ചിനുശേഷം എന്തായാലും പാലക്കാട്ട് ഉണ്ടാകുമെന്നു ജോസഫ് പറഞ്ഞു. വല്ലപ്പോഴുമാണ് ജോയിയുമായി ഫോണിൽ സംസാരിക്കാൻ കഴിയുക. എന്നാൽ തുടക്കത്തിലെ ട്രെൻഡ് പൂർണമായി മാറിയ സ്‌ഥിതിയാണ് ഇപ്പോൾ. സിപിഎമ്മിന്റെ കോട്ടയാണെങ്കിലും ഇത്തവണ സ്‌ഥിതി മാറും. ജനം മാറ്റം പ്രതീക്ഷിക്കുന്നുണ്ട്. അതു വോട്ടെടുപ്പിലും പ്രതിഫലിക്കുമെന്നാണു പ്രതീക്ഷയെന്ന് അദ്ദേഹം പറയുന്നു.

വർഷങ്ങളായി പ്രവാസിയാണെങ്കിലും കേരള രാഷ്‌ട്രീയം സജീവമായി ഉറ്റുനോക്കുന്ന ജോസഫ് നിലമ്പൂരിലെ പ്രാദേശിക രാഷ്‌ട്രീയത്തിലും തൽപരനാണ്. മന്ത്രി ആര്യാടൻ മുഹമ്മദിനോട് അടുപ്പം സൂക്ഷിക്കുന്ന ഇദ്ദേഹം ആര്യാടന്റെ പ്രചാരണത്തിലൊക്കെ സജീവമായിരുന്നു. എന്നാൽ സ്വന്തം കുടുംബത്തിൽ നിന്നൊരാൾ മൽസരരംഗത്ത് എത്തുന്നതിന്റെ കൗതുകവും ആശങ്കയും വലിയ സമ്മർദമുണ്ടാക്കുന്നു. പ്രത്യേകിച്ച് രാജ്യം മുഴുവൻ അറിയപ്പെടുന്ന ഒരു നേതാവിനെതിരെ തുടക്കക്കാരന്റെ മൽസരം കൂടിയാകുമ്പോൾ.

LEAVE A REPLY

Please enter your comment!
Please enter your name here