ബിലാസ്പൂര്‍: ഛത്തീസ്ഗഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയില്‍ പങ്കെടുക്കാന്‍ പോയിരുന്നവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പെട്ട് മൂന്ന് മരണം. ആറ് പേര്‍ക്ക് പരിക്കേറ്റു. നാല്‍പതോളം പേരുണ്ടായിരുന്ന ബസ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. റായ്പൂരില്‍ നടക്കാനിരിക്കുന്ന പ്രധാനമന്ത്രിയുടെ റാലിയില്‍ പങ്കെടുക്കാന്‍ അംബികാപൂരില്‍ നിന്ന് പോയവരാണ് അപകടത്തില്‍പെട്ടത്.

വെള്ളിയാഴ്ച ബെല്‍താര വില്ലേജിന് സമീപമായിരുന്നു അപകടമെന്ന് ബിലാസ്പൂര്‍ പൊലീസ് സൂപ്രണ്ട് സന്തോഷ് സിങ് പറഞ്ഞു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രക്ക്, കനത്ത മഴ കാരണം ബസിന്റെ ഡ്രൈവര്‍ക്ക് കാണാന്‍ സാധിക്കാത്തതാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം. ട്രക്കിന് പിന്നിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു.

പരിക്കേറ്റ ആറ് പേരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. സൂരജ്പൂര്‍, ബല്‍റാംപൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചത്. പരിക്കേറ്റ് ഗുരുതരാവസ്ഥയിലുള്ള രണ്ട് പേര്‍ ബിജെപിയുടെ പ്രാദേശിക ഭാരവാഹികളാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവരെ ബിലാസ്പൂര്‍ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. നാല് പേരെ ബിലാസ്പൂരിലെ ഛത്തീസ്ഗഡ് ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ അനുശോചനം അറിയിച്ച ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here