ദില്ലി: ലോക ബഹിരാകാശ നേട്ടങ്ങളുടെ തലപ്പത്തേയ്ക്ക് ഇന്ത്യയെ ഉയര്‍ത്തി ചന്ദ്രയാന്‍ മൂന്ന് ദൗത്യം പൂര്‍ണ്ണ വിജയം. ഐഎസ്ആര്‍ഒ പ്രതീക്ഷിച്ച കൃത്യ സമയത്ത് ഇന്ത്യയുടെ ചാന്ദ്ര പേടകം ചന്ദ്രോപരിതലം തൊട്ടു. 140 കോടി ജനതയുടെ പ്രതീക്ഷകളുമായി ഇന്ത്യന്‍ ലാന്‍ഡര്‍ ചന്ദ്രനെ തൊട്ടത് ഐ എസ് ആര്‍ ഓ സ്ഥിരീകരിച്ചതോടെ രാജ്യം ആഘോഷത്തില്‍ മുങ്ങി. ഇതുവരെ ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്.

വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാന്‍ഡിംഗ് പ്രക്രിയ 19 മിനുട്ടുകള്‍ കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ചന്ദ്രനില്‍ സോഫ്റ്റ്‌ലാന്‍ഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതിയും ചരിത്രനേട്ടവുമാണ് ഇതോടെ ഇന്ത്യ സ്വന്തമാക്കിയത്. ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി & ട്രാക്കിംഗ് കമാന്‍ഡ് നെറ്റ് വര്‍ക്കിലെ മിഷന്‍ ഓപ്പറേഷന്‍സ് കോപ്ലക്‌സ് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം. ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്റര്‍ വഴിയാണ് ഭൂമിയില്‍ നിന്നുള്ള സിഗ്‌നലുകള്‍ ലാന്‍ഡറിലേക്ക് എത്തുന്നത്.

ലാന്‍ഡിങ്ങ് പ്രക്രിയ തുടങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് തന്നെ അവസാന ഘട്ട കമാന്‍ഡുകള്‍ പേടകത്തിലേക്ക് അയച്ചിരുന്നു. അതിന് ശേഷം പേടകത്തിലെ സോഫ്റ്റ്‌വെയറാണ് നിയന്ത്രണമേറ്റെടുത്തത്. മണിക്കൂറില്‍ ആറായിരത്തിലേറെ കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന പേടകത്തിന്റെ വേഗം കുറച്ച് സെക്കന്‍ഡില്‍ രണ്ട് മീറ്റര്‍ എന്ന അവസ്ഥയിലെത്തിച്ചിട്ടാണ് ലാന്‍ഡിംഗ് പൂര്‍ത്തിയാക്കുന്നത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ മാന്‍സിനസ് സി, സിംപിലിയസ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാന്‍ മൂന്ന് ഇറങ്ങിയത്.

നാല് കിലോമീറ്റര്‍ വീതിയും 2.4 കിലോമീറ്റര്‍ നീളവുമുള്ള പ്രദേശമാണ് ലാന്‍ഡിങ്ങിനായി തെരഞ്ഞെടുത്തിരുന്നത്. ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററില്‍ നിന്നുള്ള ചിത്രങ്ങള്‍ വച്ചാണ് ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡിങ്ങ് സ്ഥാനം തെരഞ്ഞെടുത്തത്. ചന്ദ്രനില്‍ ഇറങ്ങുന്ന ലാന്‍ഡര്‍, ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കാന്‍ റോവര്‍, പിന്നെ ലാന്‍ഡറിനെ ചാന്ദ്ര ഭ്രമണപഥം വരെയെത്തിച്ച പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ എന്നിങ്ങനെ മൂന്ന് ഘടകങ്ങള്‍ ചേര്‍ന്നതാണ് ചന്ദ്രയാന്‍ മൂന്ന് ദൗത്യം.

ചന്ദ്രോപരിതലത്തില്‍ നിന്ന് ഏകദേശം 25 കിലോമീറ്റര്‍ ഉയരത്തില്‍ വച്ചാണ് ലാന്‍ഡിങ്ങ് പ്രക്രിയക്ക് തുടക്കമായത്. പേടകത്തിനടിയിലെ നാല് 800 N ലിക്വിഡ് പ്രൊപ്പല്‍ഷന്‍ എഞ്ചിനുകള്‍ പ്രവര്‍ത്തിപ്പിച്ച് വേഗത കുറച്ചു. സെക്കന്‍ഡില്‍ 1.68 കിലോമീറ്റര്‍ എന്ന വേഗത്തില്‍ നിന്ന് സെക്കന്‍ഡില്‍ 358 മീറ്റര്‍ എന്ന വേഗത്തിലേക്ക് 690 സെക്കന്‍ഡ് കൊണ്ട് പേടകമെത്തി. ഒടുവില്‍ കോടിക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ചാന്ദ്രോപരിതലം തൊട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here