കൊച്ചി : സര്‍ക്കാരും പൊലീസും കടുത്ത അനാസ്ഥ തുടരുന്ന ജിഷ കൊലക്കേസില്‍ എട്ടു ദിവസം പിന്നിട്ടിട്ടും അന്വേഷണത്തില്‍ ഒരു പുരോഗതിയും ഇല്ല. പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്. ശാസ്ത്രീയ തെളിവുകള്‍ക്കുള്ള സാധ്യതകള്‍ ഇല്ലാതാക്കിയതിനാല്‍ ഒരു തുമ്പും ഇതുവരെ ലഭിച്ചില്ല.

രണ്ട് ഇതര സംസ്ഥാന നിര്‍മാണ തൊഴിലാളികളെ ചോദ്യംചെയ്തുവെങ്കിലും കുറ്റം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ സമ്മതിച്ചു. അടുത്ത പറമ്പില്‍ നിന്ന് കണ്ടെടുത്ത ചെരുപ്പ് നിര്‍മാണതൊഴിലാളിയുടേതാണെന്ന നിഗമനത്തിലാണ് പൊലീസ് ആ തരത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്്. എന്നാല്‍ അതും ഫലം കണ്ടില്ല. ജിഷയെ ഒരുതവണ ഫോണില്‍ വിളിച്ചിട്ടുള്ളവരെവരെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കുകയാണ്.

ജിഷയെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. 13 സെന്റിമീറ്റര്‍ ആഴത്തിലുള്ള മൂന്നു മുറിവ് കഴുത്തിലും നെഞ്ചിലുമായുണ്ട്. 38 മുറിവാണ് മൃതദേഹത്തില്‍ ആകെയുള്ളത്. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷമാകാം മുറിവുകള്‍ വരുത്തിയതെന്നും സൂചനയുണ്ട്. പ്രധാന അവയവങ്ങള്‍ക്ക് മാരകമായി മുറിവേറ്റിട്ടുണ്ട്. പുറത്ത് കടിയേറ്റ പാടുകളുണ്ട്. മുറിവുകളും കഴുത്തുഞെരിച്ചതും മരണകാരണമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പല്ലു കൊണ്ടുള്ള മുറിവുകളില്‍നിന്ന് സാമ്പിള്‍ എടുത്ത് ഡിഎന്‍എ ടെസ്റ്റിന് അയച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറുപ്പംപടി സിഐ ആലപ്പുഴയിലെത്തി സര്‍ജനുമായി ചര്‍ച്ച നടത്തി.

അന്വേഷണം വഴിമുട്ടിയ കേസ് കോടതിക്കു മുന്നിലുമെത്തി. സംഭവം അന്വേഷിക്കാന്‍ വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ടി ബി മിനി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും. പൊലീസ് കൃത്യവിലോപത്തിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പി ഡി ജോസഫ് കുറുപ്പംപടി ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയിലും പരാതി നല്‍കി. കോടതി കേസ് ഒമ്പതിനു പരിഗണിക്കും.

കേന്ദ്ര പട്ടികജാതി കമീഷന്‍ ചെയര്‍മാന്‍ പി എല്‍ പൂനിയ ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചു. അന്വേഷണത്തില്‍ അദ്ദേഹം അതൃപ്തി രേഖപ്പെടുത്തി.

ഗുരുതര ആരോപണവിധേയനായ ഡിവൈഎസ് പിക്ക് അന്വേഷണചുമതല
എം രഘുനാഥ്
കൊച്ചി: സാധാരണ കുറ്റകൃത്യങ്ങളുടെ അന്വേഷണചുമതലപോലും ഏല്‍പ്പിക്കരുതെന്നും സര്‍വീസില്‍നിന്ന് പിരിച്ചുവിടുന്നതുള്‍പ്പെടെയുള്ള അച്ചടക്ക നടപടിവേണമെന്നും ആഭ്യന്തരവകുപ്പ് നിര്‍ദ്ദേശിച്ച ഡിവൈഎസ്പിയെ ദളിത് വിദ്യാര്‍ഥിനി ജിഷ ദാരുണമായി കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ഏല്‍പ്പിച്ചു. കേസില്‍ അന്വേഷണം വഴിമുട്ടിനില്‍ക്കെയാണ് ദുരൂഹമായ നടപടി. ആഭ്യന്തരമന്ത്രിയുടെ വിശ്വസ്തനായ ആലുവ ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജിജിമോന് ആണ് അന്വേഷണചുമതല നല്‍കിയത്. അന്വേഷണ പുരോഗതിയെക്കുറിച്ച് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി. പൊലീസിന് ഗുരുതരമായ വീഴ്ച വന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

2014ല്‍ മൂവാറ്റുപുഴ ഡിവൈഎസ്പിയായിരിക്കെ ഭൂമാഫിയകള്‍ക്കുവേണ്ടി നടത്തിയ വഴിവിട്ട ഇടപെടലുകളെയും മറ്റ് പരാതികളെയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജിജിമോനെതിരെ ഡിജിപി ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിരിച്ചുവിടുന്നതുള്‍പ്പെടെയുള്ള അച്ചടക്ക നടപടിയും ശുപാര്‍ശചെയ്തു. എന്നാല്‍ ഉന്നത ഇടപെടലിനെത്തുടര്‍ന്ന് നടപടി സ്ഥലംമാറ്റത്തില്‍ ഒതുങ്ങി. ഇയാള്‍ക്ക് തുടര്‍ന്ന് ക്രമസമാധാന ചുമതലയോ കുറ്റകൃത്യങ്ങളുടെ അന്വേഷണ ചുമതലയോ നല്‍കരുതെന്ന് അന്ന് ആഭ്യന്തരവകുപ്പ് പുറപ്പെടുവിച്ച 39192–എച്ച്–2014 നമ്പര്‍ ഉത്തരവില്‍ നിര്‍ദേശിച്ചു. ഈ ഉത്തരവു മറികടന്നാണ് പെരുമ്പാവൂര്‍ ഡിവൈഎസ്പി അനില്‍കുമാറിനെ മാറ്റി ജിജിമോനെ കൊണ്ടുവന്നത്. ആഭ്യന്തരമന്ത്രി ജില്ലയില്‍ ഉണ്ടായിരുന്ന വ്യാഴാഴ്ചതന്നെ ചുമതല ഏല്‍പ്പിച്ചു. മൂന്ന് ഡിവൈഎസ്പിമാര്‍കൂടി സംഘത്തിലുണ്ടെങ്കിലും മുഖ്യചുമതല ജിജിമോനാണ്.

കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരില്‍ എത്തിയപ്പോള്‍ അനില്‍കുമാര്‍ മതിയായ സുരക്ഷ നല്‍കിയില്ലെന്ന് പരാതിയുണ്ടായിരുന്നു. അനില്‍കുമാറിനെ ഒഴിവാക്കിയത് അന്വേഷണ സംഘത്തില്‍ത്തന്നെ അതൃപ്തിയുണ്ടാക്കി.

ജനരോഷം അണപൊട്ടിയൊഴുകുന്ന പെരുമ്പാവൂരിലേക്ക് ആയിരങ്ങള്‍ ദിവസവും എത്തുന്നു. വ്യാഴാഴ്ച പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് എല്‍ഡിഎഫ് നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. രാപ്പകല്‍ സമരവും ആരംഭിച്ചു. മറ്റ് നിരവധി സംഘടനകളുടെ നേതൃത്വത്തിലും ശക്തമായ പ്രതിഷേധ പരിപാടികള്‍ നടക്കുന്നു. ജിഷയുടെ വീട്ടുപരിസരത്തെത്തുന്നവര്‍ കണ്ണീര്‍പൊഴിച്ചാണ് തിരിച്ചുപോകുന്നത്. ജിഷയുടെ അമ്മ ചികിത്സയില്‍ കഴിയുന്ന പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്കും ജനപ്രവാഹമാണ്.

പോസ്റ്റ്മോര്‍ട്ടം വീഴ്ച: അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം : ജിഷയുടെ പോസ്റ്റ്മോര്‍ട്ടം നടപടികളിലെ ഗുരുതര വീഴ്ചകള്‍ അന്വേഷിക്കാന്‍  ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍ ഉത്തരവിട്ടു. അഡീഷണല്‍ ഡയറക്ടര്‍ ഡോ. ശ്രീകുമാരിക്കാണ് അന്വേഷണചുമതല. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ശശികലയും അന്വേഷണസംഘത്തിലുണ്ടാകും. പോസ്റ്റ്മോര്‍ട്ടം ചെയ്യുമ്പോള്‍ തെളിവു ശേഖരിക്കുന്നതില്‍ വീഴ്ച സംഭവിച്ചതായി ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സര്‍ക്കാരിന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here