പെരുമ്പാവൂർ∙ നിയമവിദ്യാർഥിനി ജിഷയുടെ മരണസമയം സംബന്ധിച്ച് കൂടുതൽ വ്യക്തത. ജിഷ കൊല്ലപ്പെട്ടത് ആറുമണിയോട് അടുപ്പിച്ചാണെന്ന് പൊലീസ്. കൊല നടന്നത് 5.45ന് ശേഷമാണ്. ജിഷ അ‍ഞ്ചുമണിക്ക് വെള്ളവുമായി പോയത് കണ്ടതായി പരിസരവാസികൾ മൊഴി നൽകി. അരമണിക്കൂറിനുശേഷമാണ് ജിഷയുടെ നിലവിളി കേട്ടത്. ഘാതകനെന്ന് സംശയിക്കുന്ന ആൾ കനാൽ വഴി പോയത് 6.05നാണ്. പരിസരവാസികളായി മൂന്നു സ്ത്രീകളാണ് മൊഴി നൽകിയത്.

കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളത് അഞ്ചുപേർ മാത്രമാണ്. ഇതര സംസ്ഥാനത്തൊഴിലാളിയും ഇവരിൽ ഉൾപ്പെടുന്നു. 12 പേരായിരുന്നു നേരത്തെ കസ്റ്റഡിയിലുണ്ടായിരുന്നത്. പ്രതിയുടെ ചിത്രം പതിഞ്ഞിട്ടുണ്ടോയെന്നറിയാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ക്യാമറകൾ പൊലീസ് പരിശോധിക്കും. കൊലപാതകം നടന്ന ദിവസം ഇവിടെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.

അതേസമയം, പെരുമ്പാവൂർ കൊലപാതകക്കേസിൽ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ ആവശ്യപ്പെട്ടു. ജിഷയുടെ കൊലപാതകത്തിന് എല്ലാവരും ഉത്തരവാദികളാണ്. സമൂഹം ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കണമെന്നും സുധീരൻ പറഞ്ഞു. ജിഷയുടെ മരണത്തിൽ ദുരൂഹതയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും പറഞ്ഞു. പൊലീസിന് വീഴ്ച പറ്റി. മൃതദേഹം ദഹിപ്പിച്ചതിലും ദുരൂഹതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here