ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് തുടങ്ങാൻ കുറഞ്ഞത് 13 വയസ്സ് ആകണമെന്നാണ്. ചിലതിൽ അത് 17 വയസ്സാണ്. യൂട്യൂബിലാകട്ടെ 13-ാം വയസ്സിൽ അക്കൗണ്ട് തുടങ്ങണമെങ്കിൽ രക്ഷിതാക്കളുടെ സമ്മതം വേണം. അങ്ങനെയെല്ലാമായിരിക്കെ ഒരു പത്തു വയസ്സുകാരന് ഇൻസ്റ്റഗ്രാമിൽ എന്താണു കാര്യം? കാര്യമുണ്ട്-ഫെയ്സ്ബുക്കിനു കീഴിലുള്ള ഫോട്ടോഷെയറിങ് വെബ്സൈറ്റായ ഇൻസ്റ്റഗ്രാമിലെ സുരക്ഷാപ്പിഴവ് ചൂണ്ടിക്കാണിച്ചതിന് 10,000 ഡോളറാണ് (ഏകദേശം 6.6 ലക്ഷം രൂപ) കമ്പനി ഈ പയ്യനു നൽകിയത്.

ഫെയ്സ്ബുക്കിലെയും അതിന്റെ ഉടമസ്ഥതയിലുള്ള വെബ്സൈറ്റുകളിലെയും സുരക്ഷാപിഴവുകൾ ചൂണ്ടിക്കാണിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന ‘ബഗ് ബൗണ്ടി’ പദ്ധതി അഞ്ചു വർഷം മുൻപാണ് ആരംഭിച്ചത്. ഇതുവരെ 2400ലേറെ നിർദേശങ്ങൾ വന്നു. തിരഞ്ഞെടുക്കപ്പെട്ട എണ്ണൂറിലേറെപ്പേർക്ക് പാരിതോഷികം നൽകി. ആ തുക ഏകദേശം 43 ലക്ഷം ഡോളർ വരും. ഇവരിൽ ഇന്ത്യക്കാരാണ് ഏറ്റവുമധികം സുരക്ഷാപ്പിഴവുകൾ കണ്ടെത്തിയത്. അക്കൂട്ടത്തിൽ മലയാളികളുമുണ്ട്.

അങ്ങനെ അംഗീകാരം ലഭിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞ പയ്യന്‍ ഫിൻലൻഡിൽ നിന്നുള്ള ജാനി എന്ന ഈ പത്തുവയസ്സുകാരനാണ്. നേരത്തേ ഈ റെക്കോർഡ് ഒരു പതിമൂന്നുകാരന്റെ പേരിലായിരുന്നു. ഇൻസ്റ്റഗ്രാമിൽ ലോഗിൻ ചെയ്യാതെ, എന്തിനേറെ അക്കൗണ്ട് പോലും ഉണ്ടാക്കാതെ അതിനകത്തെ കമന്റുകളും ഫോട്ടോ ക്യാപ്ഷനുകളും ഡിലീറ്റ് ചെയ്യാനാകുമെന്ന പിഴവ് കണ്ടെത്തിയതിനാണ് ഈ അംഗീകാരം.

ഇൻസ്റ്റഗ്രാം സെർവറുകൾ ഹാക്ക് ചെയ്ത് അവയിലെ കോഡിൽ മാറ്റം വരുത്തിയാണ് കമന്റുകളും ക്യാപ്ഷനുകളും ഡിലീറ്റ് ചെയ്യിപ്പിച്ചത്. ‘ജസ്റ്റിൻ ബീബറുടെ കമന്റ് പോലും കക്ഷി അറിയാതെ മായ്ച്ചു കളയാനാകുമായിരുന്നു’ എന്നാണ് ഇതിനെപ്പറ്റി ഹെൽസിങ്കിയിലെ Iltalehti പത്രത്തോട് ജാനി പറഞ്ഞത്. ഇൻസ്റ്റഗ്രാം തയാറാക്കി നൽകിയ ടെസ്റ്റിങ് അക്കൗണ്ടിൽ ഇക്കാര്യം തെളിയിക്കുകയും ചെയ്തു പയ്യൻസ്. ഫെബ്രുവരിയിലാണു സംഭവം. തൊട്ടുപിറകെ കമ്പനി പ്രശ്നവും പരിഹരിച്ചു.

യൂട്യൂബ് വിഡിയോകൾ കണ്ടാണത്രേ ജാനി ഇന്റർനെറ്റ് സുരക്ഷാവിഷയങ്ങളിലേക്ക് ആകൃഷ്ടനായത്. ഇരട്ടസഹോദരനെ കൂട്ടുപിടിച്ച് ഇതിനു മുൻപും പല വെബ്സൈറ്റുകളിലെയും സുരക്ഷാപിഴവുകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്രയും വലിയ അംഗീകാരം. സമ്മാനമായി കിട്ടിയ കാശു കൊണ്ട് എന്തു ചെയ്യുമെന്നു ചോദിച്ചപ്പോൾ ജാനിയുടെ ഉത്തരമിങ്ങനെ: ഒരു ഫുട്ബോൾ വാങ്ങണം, പിന്നെയൊരു സൈക്കിളും…!!

LEAVE A REPLY

Please enter your comment!
Please enter your name here