ന്യൂഡൽഹി: മണിപ്പൂര്‍ കലാപത്തിന്റെ വീഡിയോ പ്രചരിപ്പിച്ചുവെന്ന പേരില്‍ കേസ് ചുമത്തിയ ഫാദര്‍ അനില്‍ ഫ്രാന്‍സിസിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സീറോ മലബാര്‍ സഭ വൈദികനും സാഗര്‍ അതിരൂപതാംഗവുമായിരുന്നു അനില്‍ ഫ്രാന്‍സിസ്. കലാപത്തിന്റെ വീഡിയോ പ്രചരിപ്പിച്ചുവെന്ന പേരില്‍ കേസെടുത്തതിന്റെ സമ്മര്‍ദ്ദത്തിലാണോ ആത്മഹത്യ എന്നും സംശയിക്കുന്നുണ്ട്. മധ്യപ്രദേശ് സ്വദേശിയാണ് അനില്‍ ഫ്രാന്‍സിസ്.

സെപ്റ്റംബര്‍ 14ന് ആണ് വൈദികന്റെ മൃതദേഹം കണ്ടെത്തിയത്. 13ന് അനില്‍ ഫ്രാന്‍സിസ് ബിഷപ്പ് ഹൗസ് സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് വൈദികനെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് രൂപതാ പിആര്‍ഒ സാബു പുത്തന്‍പുരയ്ക്കല്‍ അറിയിച്ചു. വൈദികന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം വ്യക്തമാകൂ എന്ന് പിആര്‍ഒ പറഞ്ഞു.

വൈദികന്റെ ആത്മഹത്യ കുറിപ്പില്‍ തന്റെ ശരീരം ദഹിപ്പിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആത്മഹത്യ കുറിപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത് പോലെ മരണാനന്തര ചടങ്ങുകള്‍ നടത്തുമെന്ന് ബിഷപ്പ് ജയിംസ് അത്തിക്കളം അറിയിച്ചു. 2013ല്‍ ആയിരുന്നു അനില്‍ ഫ്രാന്‍സിസ് വൈദികനായി തിരഞ്ഞെടുക്കപ്പെട്ടത്. മധ്യപ്രദേശ് പൊലീസ് ക്രിമിനല്‍ കേസ് എടുത്തത് അറിഞ്ഞ ശേഷം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു അനില്‍ ഫ്രാന്‍സിസ് എന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here