തന്റെ ഉയര്‍ച്ചയില്‍ ചിലര്‍ക്കൊക്കെ അസ്വസ്ഥയുണ്ടെന്ന് അമേരിക്കന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി വിവേക് രാമസ്വാമി. തന്റെ മുന്നേറ്റം പലര്‍ക്കും സുഖിക്കുന്നില്ല, അതാണ് നെഗറ്റീവ് സര്‍വേകള്‍ക്കു കാരണമെന്നും രാമസ്വാമി പറഞ്ഞു. ഓഗസ്റ്റിനു ശേഷം രാമസ്വാമിയുടെ മതിപ്പു 12% കുറഞ്ഞതായുള്ള ഫോക്സ് ന്യൂസിന്റെ പുതിയ പോളിംഗ് റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു വിവേക് രാമസ്വാമി.

ആദ്യ റിപ്പബ്ലിക്കന്‍ ഡിബേറ്റ് കഴിഞ്ഞു നടന്ന പോളിംഗിലാണ് രാമസ്വാമിക്ക് മതിപ്പ് കുറഞ്ഞത്. ‘ഡിബേറ്റില്‍ ഞാന്‍ നന്നായ ശേഷം ഞങ്ങള്‍ കടുത്ത വിമര്‍ശനം നേരിട്ടു തുടങ്ങി. സര്‍വേകളില്‍ തനിക്കെതിരെ നെഗറ്റീവ് റേറ്റിങ് ഉണ്ടാവുന്നത് തന്റെ ഉയര്‍ച്ചയില്‍ ചിലര്‍ക്കൊക്കെ അസ്വസ്ഥത ഉണ്ടാവുന്നതു കൊണ്ടാണ്. അതൊക്കെ ഈ പ്രക്രിയയുടെ ഭാഗമാണ്. ‘വാസ്തവത്തില്‍ ഒട്ടേറെപ്പേര്‍ക്ക് എന്റെ ഉയര്‍ച്ചയില്‍ അസ്വസ്ഥതയുണ്ട്. 38 വയസുള്ള ഒരാള്‍ പ്രസിഡന്റാവാന്‍ യോഗ്യനല്ല എന്നവര്‍ ചിന്തിക്കുന്നു. തോമസ് ജെഫേഴ്സണ്‍ യുഎസ് സ്വാതന്ത്ര്യ പ്രഖ്യാപനം എഴുതിയത് 33 വയസിലാണ്’ രാമസ്വാമി പറഞ്ഞു.

ഡിബേറ്റ് കണ്ട 28% പേര്‍ രാമസ്വാമിയുടെ മികവ് അംഗീകരിച്ചിരുന്നു. ട്രംപും താനും മാത്രമേ മത്സരത്തില്‍ ശേഷിക്കൂ എന്നാണ് അന്നു രാമസ്വാമി പറഞ്ഞത്. ഗൂഗിളില്‍ ഏറ്റവുമധികം പേര്‍ തിരയുന്ന സ്ഥാനാര്‍ഥി അദ്ദേഹമെന്നും ഫോക്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിപ്പബ്ലിക്കന്‍ വോട്ടര്‍മാര്‍ക്കിടയില്‍ ഡൊണാള്‍ഡ് ട്രംപിനു കനത്ത ലീഡ് ഉണ്ടെങ്കിലും രാമസ്വാമി മൂന്നാം സ്ഥാനത്തുണ്ട് എന്നാണ് മിക്ക സര്‍വേകളിലും കാണുന്നത്. ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് ഏറെക്കുറെ സ്ഥിരമായി രണ്ടാം സ്ഥാനത്തുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here