ലോക്സഭയിൽ ബിജെപി എംപി രമേഷ് ബിധൂരിയുടെ വിദ്വേഷ പ്രസംഗത്തിനിടെ പിന്നിലിരുന്ന് ചിരിച്ച മുൻ കേന്ദ്രമന്ത്രി ഹർഷ് വർധനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശന൦ ഉയരുന്നു. മുസ്ലിം എംപിയ്ക്കെതിരെ ബിധൂരി രൂക്ഷമായ വിദ്വേഷ പ്രസ്താവനകൾ നടത്തിക്കൊണ്ടിരിക്കെ തൊട്ടുപിന്നിലിരുന്ന് ബിജെപി നേതാവ് ഹർഷ് വർധൻ ഊറിച്ചിരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംഭവം വിവാദമായത്.

വിവാദത്തിനു പിന്നാലെ എക്സ് പ്ലാറ്റ്ഫോമിലൂടെ ഹർഷ് വർധൻ വിശദീകരണവുമായി രംഗത്തുവന്നു. “ഇരുവരും പരസ്പരം തർക്കിക്കെ ഞാൻ ചിരിക്കുന്നത് കാണാം. എന്നാൽ, ഈ ബഹളത്തിനിടെ അവർ എന്താണ് പറഞ്ഞെതെന്ന് ഞാൻ കേട്ടില്ല എന്നതാണ് സത്യം.”- ഹർഷ് വർധൻ കുറിച്ചു.

തൻ്റെ പേര് അനാവശ്യമായി ഈ വിവാദത്തിലേക്ക് വലിച്ചിഴച്ചതിൽ സങ്കടവും അപമാനവുമുണ്ട് എന്ന് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച സുദീർഘമായ കുറിപ്പിൽ ഹർഷ് വർധൻ പറഞ്ഞു. സോഷ്യൽ മീഡിയയിൽ തനിക്കെതിരെ എഴുതുന്ന മുസ്ലിം സുഹൃത്തുക്കളോട് ചോദിക്കാനുള്ളത്, ഒരു സമുദായത്തിൻ്റെ വികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള ഭാഷ ഉപയോഗിക്കുന്നവരോട് ഐക്യപ്പെടുമെന്ന് കരുതുന്നുണ്ടോ എന്നാണ്. ഒരു വ്യാജനിർമിതിയാണിത്. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി സോഷ്യൽ മീഡിയയിൽ തൻ്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനാണ് ഇവരുടെ ശ്രമം. മുസ്ലിം സുഹൃത്തുക്കൾക്കൊപ്പമായിരുന്നു താൻ വളർന്നത് എന്നും അദ്ദേഹം കുറിച്ചു.

ബിഎസ്പി എംപി ഡാനിഷ് അലിയ്ക്കെതിരെയാണ് പാർലമെൻ്റിൽ വച്ച് രമേഷ് ബിധൂരി വിദ്വേഷ പ്രസ്താവന നടത്തിയത്. രേഖകളിൽ നിന്ന് പരാമർശം നീക്കിയ സ്പീക്കർ ഓം ബിർള, ബിധൂരിയെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിൽ നടപടിയ്ക്ക് സാധ്യതയുണ്ടെന്നാണ് വിവരം. ഡാനിഷ് അലി സ്പീക്കറുടെ ഓഫിസിന് നൽകിയ പരാതിയിലാണ് അന്വേഷണം. കൊടിക്കുന്നിൽ സുരേഷ് സ്പീക്കർ ചെയറിൽ ഉണ്ടായിരുന്നപ്പോഴായിരുന്നു സംഭവം.

പാർലമെന്‍റിന് അകത്തോ പുറത്തോ ഉപയോഗിക്കാൻ പാടില്ലാത്ത ഭാഷയാണ് ബിജെപി എംപിയുടേത്. ഡാനിഷ് അലിയെ മാത്രമല്ല എല്ലാവർക്കും അപമാനിക്കുന്നതാണ് പരാമർശം. ബിജെപിയുടെ ഉദ്ദേശമാണ് ഇതിലൂടെ പുറത്ത് വന്നത്. രാജ്നാഥ് സിങിന്‍റെ മാപ്പ് മതിയാകില്ലെന്നും ജയ്റാം രമേശ് പറഞ്ഞു. മുസ്ലീം വിഭാഗക്കാരെയും പിന്നോക്കക്കാരെയും അവഹേളിക്കുന്നത് ബിജെപി സംസ്കാരമെന്ന് മഹുവ മൊയ്ത്ര എംപിയും വിമർശിച്ചു. സ്വന്തം നാട്ടില്‍ ഭയപ്പാടോടെ ജീവിക്കേണ്ട സാഹചര്യത്തിലാണ് ഇന്ത്യയിലെ മുസ്ലീം വിഭാഗമെന്നും ടിഎംസി എംപിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here