അമേരിക്കയിലെ ചൈനീസ് കോണ്‍സുലേറ്റിലേക്ക് കാർ ഇടിച്ച് കയറ്റിയ ആള്‍ സുരക്ഷാ ഭടന്മാരുടെ വെടിയേറ്റ് മരിച്ചു. സാന്‍സ്ഫ്രാന്‍സിസ്കോയിലെ ചൈനീസ് കോണ്‍സുലേറ്റിലേക്ക് ഒരു ഹോണ്ട സെഡാന്‍ കാര്‍ ഇടിച്ചു കയറുകയായിരുന്നു. എന്നാൽ തൊട്ടടുത്ത നിമിഷം കാറിലെ ഡ്രൈവര്‍ക്ക് വെടിയേറ്റ് വാഹനം നിന്നതിനാല്‍ മറ്റാര്‍ക്കും സംഭവത്തില്‍ ഗുരുതര പരിക്കില്ല. ആക്രമണത്തിന് പിന്നാലെ കോണ്‍സുലേറ്റ് ഓഫീസിലുണ്ടായിരുന്ന ആളുകളെ ഒഴിപ്പിച്ചു. കാറോടിച്ച ആളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് ചൈനീസ് കോണ്‍സുലേറ്റ് പ്രസ്താവനയില്‍ വിശദമാക്കുന്നത്.

തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. വെടിയേറ്റ ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചൈനീസ് കോണ്‍സുലേറ്റിന്റെ വിസ ഓഫീസിലേക്ക് ഇരച്ചെത്തുന്ന കാറിന്റെ ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. സുരക്ഷാ ഭടന്മാര്‍ കാവല്‍ നില്‍ക്കുന്നതിനിടെയാണ് പ്രധാന വാതില്‍ ഇടിച്ച് തകര്‍ത്ത് കാര്‍ ലോബിയിലേക്ക് എത്തിയത്. കാറിനുള്ളില്‍ മറ്റ് യാത്രക്കാര്‍ ഉണ്ടായിരുന്നോ മറ്റാര്‍ക്കെങ്കിലും പരിക്കുണ്ടോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്.

സംഭവത്തെ എംബസി അപലപിക്കുന്നുവെന്നും ചൈനീസ് കോണ്‍സുലേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. ആക്രമണത്തില്‍ യുഎസ് പൊലീസ് വകുപ്പുമായി അന്വേഷണത്തില്‍ സഹകരിക്കുമെന്നും കോണ്‍സുലേറ്റ് വിശദമാക്കി. ജീവനക്കാരുടേയും കോണ്‍സുലേറ്റില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തിയ ആളുകളുടേയും ജീവന് വെല്ലുവിളി സൃഷ്ടിക്കുന്നതായിരുന്നു ആക്രമണം എന്നാണ് ചൈനീസ് കോണ്‍സുലേറ്റ് ആക്രമണത്തെ വിലയിരുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here