സിജോയ് പറപ്പള്ളില്‍

ന്യൂജഴ്സി: ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പുതിയ പ്രവര്‍ത്തന വര്‍ഷത്തിന് അമേരിക്കയിലെ ക്നാനായ റീജനിലെ വിവിധ ഇടവകളില്‍ ആവേശഭരിതമായ തുടക്കം. ന്യൂജഴ്സിയിലെ ക്രൈസ്റ്റ് ദി കിങ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ 2023 – 2024 വര്‍ഷത്തെ മിഷന്‍ ലീഗ് പ്രവര്‍ത്തനങ്ങള്‍ ഇടവക വികാരി ഫാ. ബിന്‍സ് ചേത്തലില്‍ ഉദ്ഘാടനം ചെയ്തു.

പുതിയ ഭാരവാഹികളായി ആന്‍ലിയാ കൊളങ്ങായില്‍ (പ്രസിഡന്റ്), ആദിത്യ വാഴക്കാട്ട് (വൈസ് പ്രസിഡന്റ്), അലീഷാ പോളപ്രയില്‍ (സെക്രട്ടറി), സൈമണ്‍ കട്ടപ്പുറം (ജോയിന്റ് സെക്രട്ടറി), സിജോയ് പറപ്പള്ളില്‍ (വൈസ് ഡയറക്ടര്‍), ജൂബി പോളപ്രായില്‍ (ഓര്‍ഗനൈസര്‍), ആന്‍മരിയാ കൊളങ്ങായില്‍ (ജോയിന്റ് ഓര്‍ഗനൈസര്‍) എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്ത് ശുശ്രൂഷ ഏറ്റെടുത്തു.

തുടര്‍ന്ന് കൊടിയും പിടിച്ചു കുട്ടികള്‍ നടത്തിയ മിഷന്‍ റാലിയും മുദ്രാവാക്യം വിളിയും വിശുദ്ധ കൊച്ചു ത്രേസ്യയുടെ വേഷവിധാനത്തോടെ അണിനിരന്നവരും പതാക ഉയര്‍ത്തലും മിഷന്‍ ലീഗിന്റെ ആവേശം ഏവരിലും വാനോളം ഉയര്‍ത്തി. പരിപാടികള്‍ മുതിര്‍ന്നവര്‍ക്ക് കുട്ടികാലത്തെ മിഷന്‍ ലീഗ് പ്രവര്‍ത്തനങ്ങളുടെ ഓര്‍മ്മ പുതുക്കല്‍ അനുഭവമാക്കി മാറ്റി. എഴുപത്താറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയിലെ ഭരണങ്ങാനത്ത് ഉദ്ഘാടനം ചെയ്ത ചെറുപുഷ്പ മിഷന്‍ ലീഗ് എന്ന അത്മായ പ്രേഷിത സംഘടന, ഇന്ന് ക്നാനായ റീജനിലെ എല്ലാ ഇടവകകളിലും വളരെ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here