
‘ന്യൂസ് ക്ലിക്ക്’ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് അമേരിക്കൻ വ്യവസായി നെവിൽ റോയി സിംഘത്തെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED). ന്യൂസ് പോർട്ടലിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം വഴി നെവിലിന് ഇ.ഡി സമൻസ് അയച്ചു.
ചൈനീസ് ബന്ധമുള്ള മൂന്ന് സ്ഥാപനങ്ങളില്‍നിന്ന് ന്യൂസ് ക്ലിക്ക് ഫണ്ട് സ്വീകരിച്ചെന്നാണ് ഡൽഹി പോലീസിന്റെ എഫ്.ഐ.ആറിൽ പറയുന്നത്. ഷാങ്ഹായ് കേന്ദ്രീകരിച്ചാണ് നെവിൽ റോയ് സിംഘാം പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ വിദേശകാര്യമന്ത്രാലയം വഴി ചൈനീസ് സർക്കാരിലേക്കാണ് ഇഡിയുടെ നോട്ടീസ് എത്തിയിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് സിംഘത്തെ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂ. ഈ കേസുമായി ബന്ധപ്പെട്ട് ന്യൂസ് ക്ലിക്കിന്റെ എഡിറ്ററടക്കം രണ്ട് പേർ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്.
അതിനിടയിൽ ന്യൂസ് ക്ലിക്ക് കേസുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ നിഷേധിച്ച് നെവില്‍ രംഗത്തെത്തിയിരുന്നു. താന്‍ ചൈനീസ് ഏജന്‍റല്ലെന്നും ബിസിനസുകാരനായ തനിക്ക് സമൂഹത്തിലെ എല്ലാ തുറകളിലുള്ളവരുമായി ബന്ധമുണ്ടാകുമെന്നും നെവിൽ പറഞ്ഞു. തനിക്ക് ഒരു നിരോധിത സംഘടനയുമായും ബന്ധമില്ലെന്നും സ്വന്തം കമ്പനികളിലൂടെയാണ് വരുമാനമുണ്ടാക്കുന്നതെന്നും നെവിൽ പറഞ്ഞു.