
യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയുടെ അപ്പീൽ യെമൻ തള്ളിയെന്ന് കേന്ദ്രസർക്കാർ. വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് നിമിഷ പ്രിയ കോടതിയെ സമീപിച്ചത്. കേസ് കഴിഞ്ഞ 28ന് പരിഗണിച്ചെങ്കിലും ഹർജി പരിഗണിയ്ക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വധശിക്ഷയിൽ ഇളവ് വേണമെന്ന നിമിഷ പ്രിയയുടെ അപ്പീൽ പരിഗണിച്ചത് മൂന്ന് അംഗ ബെഞ്ചാണ്. നിലവിൽ യെമന്‍ തലസ്ഥാനമായ സനായിലെ ജയിലിൽ വധശിക്ഷ കാത്ത് കഴിയുകയാണ് നിമിഷപ്രിയ. 2017 ലായിരുന്നു കേസിനാസ്പദമായ സംഭവം.
അപ്പീല്‍ യെമന്‍ സുപ്രീം കോടതി തള്ളിയെന്ന കാര്യം ഡൽഹി ഹൈക്കോടതിയിലാണ് കേന്ദ്രസർക്കാർ അറിയിച്ചത്. അതേസമയം യമനിലേക്ക് പോകാൻ കേന്ദ്രസർക്കാർ സഹായം തേടി നിമിഷയുടെ അമ്മ പ്രേമകുമാരി നൽകുന്ന അപേക്ഷയിൽ ഒരാഴ്ച്ചയ്ക്കം തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. അപ്പീൽ തള്ളിയത് അപ്രതീക്ഷിതമെന്ന് നിമിഷയുടെ അമ്മ പ്രതികരിച്ചു. നിമിഷപ്രിയയുടെ ശിക്ഷയില്‍ ഇളവു നല്‍കണമെങ്കില്‍ ഇനി യെമന്‍ പ്രസിഡന്റിന് മാത്രമേ കഴിയൂ എന്നാണ് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചത്.