ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം കൈക്കലാക്കിയ മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവ് മുനീർ പണം മടക്കി നൽകി. ബിഹാർ സ്വദേശിയും ഇതര സംസ്ഥാന തൊഴിലാളിയുമായ പരാതിക്കാരനിൽ നിന്നും 1.2 ലക്ഷം രൂപ തട്ടിയെന്നും ഇതിൽ 70000 മടക്കിനൽകിയെന്നും ബാക്കി നൽകാനുണ്ടെന്നുമായിരുന്നു പരാതി. പരാതിയെ തുടർന്ന് ബാക്കിയുള്ള തുകയായ 50000 രൂപ മുനീർ മടക്കി നൽകി. അതോടൊപ്പം വന്ന വാർത്ത വ്യാജമാണെന്ന് പറയണമെന്നും ആരോപണവിധേയൻ പരാതിക്കാരനെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു. എന്നാൽ താൻ അതിന് തയ്യാറല്ലെന്നു പരാതിക്കാരൻ വ്യക്തമാക്കി. മുനീറിന്റെ ഫോൺ സംഭാഷണം പരാതിക്കാരൻ റെക്കോർഡ് ചെയ്തു. തനിക്ക് കളവ് പറയാൻ കഴിയില്ലെന്ന് കുട്ടിയുടെ അച്ഛൻ ഫോൺ സംഭാഷണത്തിൽ വ്യക്തമാക്കി.

അസ്ഫാക് ആലം തട്ടിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ പെൺകുട്ടിയുടെ പിതാവാണ് പണം തട്ടിയെന്ന പരാതിയുമായി രംഗത്ത് വന്നത്. കുട്ടി മരിച്ച സമയത്ത് കുടുംബത്തെ സഹായിക്കുന്നതിന് മുന്നിൽ നിന്ന മുനീറെന്ന യുവാവാണ് പ്രതിസ്ഥാനത്ത്. പരാതിക്കാരന്റെ എടിഎം കാർഡ് ഉപയോഗിച്ച് ഇദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്ന് 1.2 ലക്ഷം രൂപ പലപ്പോഴായി പിൻവലിച്ച മുനീർ ഈ തുക മടക്കി നൽകിയില്ല. പൊലീസിൽ പരാതി നൽകുമെന്ന് പറഞ്ഞപ്പോഴാണ് 70000 രൂപ ഇയാൾ നൽകിയത്. എന്നിട്ടും ബാക്കി തുക നൽകാൻ തയ്യാറായില്ല.

അതേസമയം, താനും ഭർത്താവും അവരിൽനിന്ന് പണം കൈപ്പറ്റിയിട്ടില്ലെന്നും എന്തടിസ്ഥാനത്തിലാണ് ആരോപണം എന്നറിയില്ലെന്നും മഹിളാ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ഹസീന മുനീർ പറഞ്ഞു. പണം എടിഎമ്മിൽ നിന്ന് എടുത്ത് നൽകി സഹായിച്ചിട്ടുണ്ടെന്ന് പറഞ്ഞ മുനീർ, പറ്റിച്ചുവെന്നത് വ്യാജ ആരോപണമാണെന്നും കുട്ടി കൊല്ലപ്പെട്ട സമയത്ത് കുടുംബത്തെ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here