മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ തകർപ്പൻ വിജയത്തിന് പിന്നാലെ വോട്ടിം​ഗ് മെഷീനിൽ തിരിമറി സംശയിച്ച് കോൺഗ്രസ്. കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പോസ്റ്റൽ ബാലറ്റ് കണക്കുകൾ നിരത്തിയാണ് ദ്വിഗ് വിജയ് സിംഗിൻ്റെ ആരോപണം. മധ്യപ്രദേശിലെ 230 മണ്ഡലങ്ങളിലെ പോസ്റ്റൽ ബാലറ്റ് കണക്കുപ്രകാരം 190 സീറ്റുകളിൽ കോൺഗ്രസിനാണ് ലീഡെന്ന് ദ്വി​ഗ് വിജയ് സിം​ഗ് പറയുന്നു. ഈ വോട്ടിംഗ് പാറ്റേൺ സമ്പൂർണ്ണമായി മാറിയത് എങ്ങനെയാണ്. എത്രനാൾ ജനം നിശബ്ദരായി ഇരിക്കുമെന്നും ദ്വിഗ് വിജയ് സിംഗ് ചോദിക്കുന്നു.

ജനാധിപത്യത്തെ പ്രൊഫഷണൽ ഹാക്കർമാർ നിയന്ത്രിക്കുന്നത് തടയണമെന്നും 2003 മുതൽ താൻ ഇവിഎമ്മിന് എതിരാണെന്നും അദ്ദേഹം പറയുന്നു. രാഷ്ട്രീയപാർട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിയും ജനാധിപത്യത്തെ സംരക്ഷിക്കാൻ ഇടപെടണമെന്നും വിഷയം ഗൗരവത്തോടെ എടുക്കണമെന്നും ദ്വിഗ് വിജയ് സിംഗ് പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പിലെ താല്‍ക്കാലിക തിരിച്ചടികള്‍ മറികടക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. ലോക്സഭ തെര‍ഞ്ഞെടുപ്പിനെ നേരിടാൻ ഇന്ത്യ മുന്നണിയിലെ പാർട്ടികളോടൊപ്പം തയ്യാറെടുക്കും. മൂന്ന് സംസ്ഥാനങ്ങളിലെ പ്രകടനം നിരാശജനകമാണ്. എന്നാല്‍ നിശ്ചയദാർ‌ഢ്യത്തോടെ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുമെന്നും ഖാർഗെ പറഞ്ഞു. ജനവിധി അംഗീകരിക്കുന്നുവെന്നും ആശയപരമായ പോരാട്ടം തുടരുമെന്ന് രാഹുല്‍ഗാന്ധിയും സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി മിന്നും ജയമാണ് സ്വന്തമാക്കിയത്. മധ്യപ്രദേശിലും രാജസ്‌ഥാനിലും ചത്തീസ്ഗഢിലും മികച്ച ഭൂരിപക്ഷത്തോടെ ബിജെപി അധികാരമുറപ്പിച്ചു. തെലങ്കാനയിൽ ബിആർഎസിനെ വീഴ്ത്തി മിന്നും ജയം നേടാനായത് മാത്രമാണ് കോൺഗ്രസിന് ആശ്വാസം.

LEAVE A REPLY

Please enter your comment!
Please enter your name here