അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി. റിപ്പോര്‍ട്ട് അന്വേഷിച്ച വിദഗ്ധ സമിതിയെ അനുകൂലിച്ച സുപ്രിംകോടതി, സെബിയുടെ നിയന്ത്രണാധികാരങ്ങളില്‍ ഇടപെടാനാവില്ലെന്നും പറഞ്ഞു. അന്വേഷണം സെബിയില്‍ നിന്ന് മാറ്റേണ്ടതില്ലെന്നും രണ്ട് അന്വേഷണങ്ങള്‍ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ക്രമക്കേട് നടന്നുവെങ്കില്‍ സെബിക്ക് നടപടി സ്വീകരിക്കാമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ആണ് വിധി പറഞ്ഞത്. വിഷയത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി തള്ളിയാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്.

സെബിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ ഏതെങ്കിലും വിധത്തില്‍ വസ്തുതാപരമായി സ്ഥിരീകരിക്കാന്‍ എതിര്‍കക്ഷികള്‍ക്ക് സാധിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. അഭിഭാഷകരായ വിശാല്‍ തിവാരി, എംഎല്‍ ശര്‍മ, കോണ്‍ഗ്രസ് നേതാക്കളായ ജയ താക്കൂര്‍, അനാമിക ജയ്സ്വാള്‍ എന്നിവരാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചത്.

2023 ജനുവരിയിലാണ് അദാനി ഗ്രൂപ്പിനെതിരെ യുഎസ് ആസ്ഥാനമായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്കില്‍ കൃത്രിമത്വം കാട്ടിയിട്ടുണ്ടെന്നും അക്കൗണ്ട് തട്ടിപ്പില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യായമായതിലും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടിയിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്നെന്നും ആരോപണം ഉയര്‍ന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here