ഭാരതത്തിന്റെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ 1 വിജയകരമായി ലക്ഷ്യസ്ഥാനത്തെത്തി. ആദിത്യ എൽവൺ ലക്ഷ്യത്തിലെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്തെ അറിയിച്ചത്. ഏറ്റവും സങ്കീർണ്ണമായ ബഹിരാകാശ ദൗത്യങ്ങൾ സാക്ഷാത്കരിക്കുന്നതിൽ നമ്മുടെ ശാസ്ത്രജ്ഞരുടെ അക്ഷീണമായ അർപ്പണബോധത്തിന്റെ തെളിവാണിതെന്ന് ദൗത്യ വിജയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി പറഞ്ഞു. 15 ലക്ഷം കിലോമീറ്റർ 127 ദിവസം കൊണ്ട് താണ്ടിയാണ് ലിഗ്രാഞ്ച് പോയിന്റ് വണ്ണിൽ ആദ്യത്യയെ വിജയകരമായി എത്തിച്ചത്.

മഹത്തായ വിജയത്തിന് ശാസ്ത്രഞ്ജരെ അഭിനന്ദിച്ച രാഷ്ട്രപതി ദ്രൗപദി മുര്‍മു ദൗത്യം മനുഷ്യരാശിക്ക് ​ഗുണകരമാകുമെന്നും നിർണായക ദൗത്യങ്ങളിലെ സ്ത്രീ പങ്കാളിത്തം സ്ത്രീ ശാക്തീകരണത്തെ പുതിയ ഉയരങ്ങളിലെത്തിച്ചെന്നും പറഞ്ഞു.

നാല് മണിയോടെയാണ് ആദിത്യ എൽ1 ഒന്നാം ലഗ്രാ‍‌ഞ്ച് പോയിന്‍റിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിൽ പ്രവേശിച്ചത്. ബെംഗളുരൂവിലെ ഐഎസ്ആർഒ ട്രാക്കിംഗ് ആൻഡ് ടെലിമെട്രി നെറ്റ്‍വർക്കിൽ നിന്നാണ് പേടകത്തെ നിയന്ത്രിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ രണ്ടിന് വിക്ഷേപിച്ച പേടകം 126 ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് നിർദ്ദിഷ്ട ലക്ഷ്യസ്ഥാനത്തെത്തുന്നത്. ദൗത്യം വിജയിച്ചതോടെ ഒന്നാം ലഗ്രാഞ്ച് പോയിന്റിൽ ഉപഗ്രഹമെത്തിക്കുന്ന നാലാമത്തെ ബഹിരാകാശ ഏജൻസിയെന്ന അതുല്യ നേട്ടത്തിലും ഐഎസ്ആര്‍ഒ എത്തി. സൂര്യന്റെ കൊറോണയെക്കുറിച്ചും കൊറോണൽ മാസ് ഇജക്ഷൻ എന്ന് വിളിക്കുന്ന സൗര സ്ഫോടനങ്ങളെക്കുറിച്ചും പുത്തൻ വിവരങ്ങളാണ് ആദിത്യയിലൂടെ ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here