വാഷിം​ഗ്ടൺ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് ഫ്‌ളോറിഡ ഗവര്‍ണ്ണര്‍ റോണ്‍ ഡി സാന്റിസ് പിന്മാറി. വിജയിക്കാനാവശ്യമായ സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യ മാധ്യമമായ എക്‌സിലൂടെയാണ് തന്റെ പിന്മാറ്റം ഡി സാന്റിസ് അറിയിച്ചത്. ന്യൂഹാംഷെയറിലെ റിപ്പബ്ലിക്കന്‍ പ്രൈമറി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പിന്മാറ്റം.

ഡി സാന്റിസ് ഡൊണാള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അങ്ങനെയാണെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ ജയിച്ചു കയറാൻ നിക്കി ഹേലിക്ക് കടുത്ത പോരാട്ടം നേരിടേണ്ടി വരും. വിയോജിപ്പുകള്‍ ഉണ്ടെങ്കിലും ജോ ബൈഡനെക്കാള്‍ അനുഭവ സമ്പത്തുള്ളയാളാണ് ഡൊണാള്‍ഡ് ട്രംപ് എന്നും ഡി സാന്റിസ് പറഞ്ഞു. റിപ്പബ്ലിക്കൻ പാർട്ടിയിൽ ഡോണാൾഡ് ട്രംപും നിക്കി ഹേലിയും തമ്മിൽ ആയിരിക്കും ഇനി പോരാട്ടം. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡനെ തോല്‍പ്പിക്കാനുള്ള കരുത്ത് തനിക്ക് മാത്രമേയുള്ളൂവെന്ന് നിക്കി ഹേലി അവകാശപ്പെട്ടു.

ഒരു രാജ്യം താറുമാറാകുകയും ലോകം തീപിടിക്കുകയും ചെയ്യുമ്പോള്‍ 80 വയസ്സുള്ള രണ്ട് പേര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ നിങ്ങള്‍ ശരിക്കും ആഗ്രഹിക്കുന്നുണ്ടോയെന്ന് നിക്കി ഹേലി ചോദിച്ചു. ന്യൂ ഹാംഷെയറില്‍ അടുത്തിടെ നടന്ന ഒരു പൊതുയോഗത്തിലായിരുന്നു ഹേലിയുടെ ചോദ്യം.

LEAVE A REPLY

Please enter your comment!
Please enter your name here