രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ മോചിതനായ പ്രതി ശാന്തന് അന്തരിച്ചു. ചെന്നൈ രാജീവ് ഗാന്ധി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലാണ് അന്ത്യം. ജയില്‍ മോചിതനായ ശേഷം ട്രിച്ചി പ്രത്യേക ക്യാമ്പിലെത്തിയ ശാന്തനെ കരള്‍ രോഗവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ജയില്‍ മോചിതനായ ശേഷം ശ്രീലങ്കയിലേക്ക് പോകാന്‍ ശാന്തന് അനുമതി ലഭിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ എക്സിറ്റ് പെര്‍മിറ്റ് തിരുച്ചിറപ്പള്ളി കളക്ടര്‍ക്ക് കൈമാറിയതോടെയാണ് യാത്രക്ക് അനുമതി ലഭിച്ചത്. പ്രായമായ മാതാവിനൊപ്പം താമസിക്കാന്‍ ശ്രീലങ്കയിലേക്ക് വിടണമെന്ന് ശാന്തന് ആവശ്യപ്പെട്ടിരുന്നു.
2022 മെയ് മാസത്തിലാണ് സുപ്രീം കോടതി ശിക്ഷാ കാലയളവ് പൂര്‍ത്തിയാകും മുമ്പ് രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ മോചിപ്പിച്ചത്. ജയില്‍ മോചിതനായ ശേഷം ട്രിച്ചിയിലെ സ്പെഷ്യല്‍ ക്യാമ്പിലായിരുന്നു ശാന്തന് കഴിഞ്ഞിരുന്നത്. കഴിഞ്ഞ ആഴ്ചയാണ് ആശുപത്രിയില്‍ ചികിത്സാ സഹായം തേടിയെത്തിയത്.