ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അത് നടപ്പാക്കുന്നതിനെക്കുറിച്ചുള്ള അമേരിക്കയുടെ പ്രസ്താവന തെറ്റായതും അനാവശ്യവുമാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍. പൗരത്വ നിയമ ഭേദഗതി വിവേചനപരമായ സ്വഭാവത്തിലുള്ളതും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനവുമാണെന്ന് യുഎന്‍ ഹൈക്കമ്മീഷണര്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.

‘2014 ഡിസംബര്‍ 31-നോ അതിനുമുമ്പോ ഇന്ത്യയില്‍ പ്രവേശിച്ച അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, പാഴ്‌സി, ക്രിസ്ത്യന്‍ സമുദായങ്ങളില്‍പ്പെട്ട ന്യൂനപക്ഷങ്ങള്‍ക്ക് ഈ നിയമം സുരക്ഷിത താവളമൊരുക്കുന്നു. ഇത് മനുഷ്യാവകാശങ്ങളെ പിന്തുണയ്ക്കുന്നു,’ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയുടെ ഭരണഘടന അതിലെ എല്ലാ പൗരന്മാര്‍ക്കും മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നു. ന്യൂനപക്ഷങ്ങളെക്കുറിച്ച് ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഈ മാസം 19ന് പരിഗണിക്കും. ഹര്‍ജികളിന്മേല്‍ ചൊവ്വാഴ്ച വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. 237 ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാകും ഹര്‍ജികള്‍ പരിഗണിക്കുക. പൗരത്വം നല്‍കുന്നത് എതിര്‍ക്കാനാവില്ലെന്നും ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. സ്റ്റേ ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് ഹര്‍ജിക്കാരും ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here