ന്യൂഡൽഹി∙ തെറ്റായ ഇന്ത്യൻ ഭൂപടങ്ങൾ പ്രസിദ്ധീകരിച്ചാൽ പിഴയും തടവും ഏർപ്പെടുത്തുന്നതിനുള്ള ഇന്ത്യൻ ബില്ലിനെതിരെ രംഗത്തെത്തിയ പാക്കിസ്ഥാന് ഇന്ത്യയുടെ ശക്തമായ മറുപടി. വിഷയം തീർത്തും ഇന്ത്യയുടെ ആഭ്യന്തര നിയമ നിര്‍മ്മാണപരമായ വിഷയമാണെന്നും പാക്കിസ്ഥാനെന്നല്ല മറ്റാർക്കും ഇതിൽ ഇടപെടാൻ അധികാരമില്ലെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.

പാക്ക് അധീനകശ്മീരും അരുണാചൽപ്രദേശും ഇന്ത്യയുടെ ഭാഗമായല്ലാതെ ഭൂപടങ്ങൾ പ്രസിദ്ധീകരിച്ചാൽ പിഴയും തടവും ഏർപ്പെടുത്തുന്നതിനുള്ള ബില്ലിനെതിരെയാണ് പാക്കിസ്ഥാൻ രംഗത്തെത്തിയത്. ഇന്ത്യയുടെ നടപടി രാജ്യാന്തര നിയമങ്ങൾക്കെതിരാണെന്നും അത് തടയണമെന്നും യുഎന്നിനോട് പാക്കിസ്ഥാൻ ആവശ്യപ്പെട്ടിരുന്നു. ആശങ്കയറിയിച്ച് പാക്കിസ്ഥാൻ യുഎൻ സെക്രട്ടറി ജനറലിനും യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രസിഡന്റിനും കത്തയച്ചിച്ചുണ്ടെന്നും വിദേശ ഓഫിസ് അറിയിച്ചു.

ഇതിനു പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഇന്ത്യ രംഗത്തെത്തിയത്. നിലവിലുള്ള ബിൽ ഇന്ത്യയുടെ നിയമനിർമാണവുമായി ബന്ധപ്പെട്ട കാര്യമാണ്. ജമ്മു കശ്മീരിന്റെ മുഴുവൻ ഭാഗവും ഇന്ത്യയുടെ അവിഭാജ്യ ഘടമാണ്. പാക്കിസ്ഥാൻ എന്നല്ല ആർക്കും അതിനെ ചോദ്യം ചെയ്യാൻ സാധിക്കില്ല. ഇക്കാര്യങ്ങളെല്ലാം വിശദമായി ഉഭയകക്ഷി ചർച്ചകൾക്കിടെ പരിശോധിക്കാമെന്ന് പറഞ്ഞിരുന്നതാണ്. പക്ഷേ, പാക്കിസ്ഥാൻ രാജ്യാന്തരതലത്തിലുള്ള ഇടപെടലുകൾ ആവർത്തിക്കുകയും വർധിപ്പിക്കുകയും ചെയ്യുന്നു– വികാസ് സ്വരൂപ് പറഞ്ഞു.

ജമ്മുകശ്മീർ ഇന്ത്യയുടെ ഭാഗമാണോ അല്ലയോ എന്നതിനെച്ചൊല്ലി തർക്കം നിൽക്കുകയാണ് എന്നാണ് പാക്കിസ്ഥാൻ കത്തിൽ പറഞ്ഞത്. യഥാർഥമായും നിയമപരമായും അത് ഇന്ത്യയുടെ ഭാഗമാണെന്ന് സമർത്ഥിക്കാൻ കഴിയില്ല. ആ സാഹചര്യത്തിൽ ഇത്തരത്തിലൊരു നിയമം കൊണ്ടുവരുന്നതുമൂലം ആളുകൾക്കോ സംഘടനകൾക്കോ ജമ്മു കശ്മീർ തർക്ക പ്രദേശമായി കാണിക്കാനാകില്ല. യുഎൻ നിർദേശങ്ങൾ നടപ്പാക്കണമെന്നും ഇന്ത്യൻ നടപടികൾ നിർത്തിവയ്ക്കണമെന്നും കത്തിൽ പാക്കിസ്ഥാൻ ആവശ്യപ്പെട്ടിരുന്നു.

പാക്ക് അധീന കശ്മീരും അരുണാചൽപ്രദേശും ഇന്ത്യയുടെ ഭാഗമല്ലാതെ ചിത്രീകരിച്ച ഭൂപടമോ മറ്റു രേഖകളോ പ്രസിദ്ധീകരിച്ചാൽ, ഏഴുവർഷം വരെ തടവും 100 കോടി രൂപവരെ പിഴയും ശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ കൊണ്ടുവരുന്നതിനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതു പ്രത്യേക കുറ്റമായി കണക്കാക്കി കർശന ശിക്ഷ ഉറപ്പാക്കാനാണു സർക്കാർ ഉദ്ദേശിക്കുന്നത്. പുതിയ നിയമം അച്ചടി, ഓൺലൈൻ, ഇലക്ട്രോണിക് മാധ്യമങ്ങൾക്കും ബാധകമാണ്.

ഗൂഗിൾ പോലുള്ള മാധ്യമങ്ങൾ രാജ്യത്തിന്റെ ഭൂപടം പ്രസിദ്ധീകരിക്കുന്നതിനു മുൻകൂർ അനുമതി വാങ്ങണമെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു. ഇവ ഇടയ്ക്കിടെ പരിശോധിക്കാൻ സർക്കാരിന് അധികാരമുണ്ടായിരിക്കും. രാജ്യത്തിന്റെ തെറ്റായ ഭൂപടം പ്രസിദ്ധീകരിക്കുന്നത് ഐടി ആക്ടിന്റെ പരിധിയിൽ ഇപ്പോഴും കുറ്റകരമാണ്. ഈ കുറ്റത്തിനു കഴിഞ്ഞ വർഷം അൽജസീറ ടിവി ചാനൽ അഞ്ചുദിവസത്തേക്കു നിരോധിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here