ന്യൂഡല്‍ഹി : എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുള്ള ഏകീകൃത പ്രവേശനപരീക്ഷയില്‍(നീറ്റ്)നിന്ന് സംസ്ഥാനങ്ങള്‍ക്ക് ഈ വര്‍ഷം ഇളവ്. സര്‍ക്കാര്‍ ക്വോട്ടകളിലേക്കുള്ള പ്രവേശനത്തിന് സംസ്ഥാനങ്ങള്‍ക്ക് പ്രവേശനപരീക്ഷ നടത്താന്‍ അനുമതി നല്‍കാന്‍ 1956ലെ മെഡിക്കല്‍കൌണ്‍സില്‍ ഓഫ് ഇന്ത്യ നിയമം ഭേദഗതി ചെയ്തുള്ള പ്രത്യേക ഓര്‍ഡിനന്‍സ് രാഷ്ട്രപതി അംഗീകരിച്ചു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നടത്തിയ മെഡിക്കല്‍ പ്രവേശനപരീക്ഷകള്‍ക്ക് നിയമസാധുത ലഭിക്കും. അതേസമയം, സ്വകാര്യ മെഡിക്കല്‍ കോളേജുകളും കല്‍പ്പിതസര്‍വകലാശാലകളും നീറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നടത്തണം. 15 ശതമാനം വരുന്ന കേന്ദ്രസര്‍ക്കാര്‍ ക്വോട്ടയിലേക്കും നീറ്റ് വഴിയാകും പ്രവേശനം.
സംസ്ഥാന സര്‍ക്കാര്‍ ക്വോട്ടയില്‍ മെഡിക്കല്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ജൂലൈ 24ന് നടക്കുന്ന നീറ്റ് രണ്ടാംഘട്ടം എഴുതേണ്ടിവരില്ലെന്ന് ഉറപ്പായി. ഡിസംബറിലെ മെഡിക്കല്‍ പിജി പ്രവേശനം നീറ്റ് അടിസ്ഥാനത്തിലാകും. എന്നാല്‍, നിയമവിരുദ്ധ ഓര്‍ഡിനന്‍സിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സങ്കല്‍പ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് ഉള്‍പ്പെടെയുള്ള എന്‍ജിഒകള്‍ അറിയിച്ചു.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ മെഡിക്കല്‍, ഡെന്റല്‍ സീറ്റുകളിലേക്കുള്ള പ്രവേശനവും സ്വകാര്യ മെഡിക്കല്‍കോളേജുകളിലെ 12 മുതല്‍ 15 ശതമാനം വരെയുള്ള സര്‍ക്കാര്‍ സീറ്റുകളിലേക്കുള്ള പ്രവേശനവുമാണ് നീറ്റില്‍നിന്ന് ഒഴിവാക്കപ്പെടുന്നത്. എന്നാല്‍, അടുത്ത അക്കാദമിക് വര്‍ഷം മുതല്‍ എല്ലാ സംസ്ഥാനങ്ങളും നീറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നടത്തണം. മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന് ഏകീകൃത പ്രവേശനപരീക്ഷ നടത്തണമെന്ന സുപ്രീംകോടതി ഉത്തരവ് ഭാഗികമായി മറികടക്കാനാണ് സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. സിലബസിലെ വ്യത്യാസങ്ങളും പ്രാദേശികഭാഷയില്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതും ചൂണ്ടിക്കാണിച്ച് പതിനഞ്ചോളം സംസ്ഥാനങ്ങള്‍ ഈ വര്‍ഷം നീറ്റ് നടപ്പാക്കുന്നതിനെ ശക്തമായി എതിര്‍ത്തിരുന്നു. വിഷയം ചര്‍ച്ചചെയ്ത ആരോഗ്യമന്ത്രിമാരുടെ യോഗത്തിലും സര്‍വകക്ഷി യോഗത്തിലും നീറ്റ് ഈ വര്‍ഷം നടപ്പാക്കരുതെന്ന പൊതുവികാരമാണ് ഉയര്‍ന്നത്. തുടര്‍ന്ന്, സംസ്ഥാനങ്ങളെ ഈ വര്‍ഷംകൂടി നീറ്റ് പരിധിയില്‍നിന്ന് ഒഴിവാക്കി കേന്ദ്രമന്ത്രിസഭായോഗം ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ തീരുമാനിച്ചു.

ആരോഗ്യമന്ത്രി ജെ പി നദ്ദ തിങ്കളാഴ്ച രാഷ്ട്രപതിയെ സന്ദര്‍ശിച്ച് സാഹചര്യം  വിശദീകരിച്ചിരുന്നു. അറ്റോണി ജനറല്‍ മുകുള്‍ റോഹ്തഗി ചൊവ്വാഴ്ച രാഷ്ട്രപതിയെ സന്ദര്‍ശിച്ച് ഓര്‍ഡിനന്‍സിന്റെ നിയമസാധ്യതകള്‍ ബോധ്യപ്പെടുത്തി. ചൈനാസന്ദര്‍ശനത്തിന് യാത്രതിരിക്കുന്നതിനുമുമ്പ് രാഷ്ട്രപതി ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടു. നീറ്റ് ആദ്യഘട്ടം മെയ് ഒന്നിന് നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here