വാഷിങ്ടന്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ത്രിദിന സന്ദര്‍ശനത്തിനായി യുഎസിലെത്തും യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും മോദിയും വീണ്ടും കൂടിക്കാണുമ്പോള്‍ ഇരു രാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നു വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. സുരക്ഷ, പ്രതിരോധ രംഗത്തെ സഹകരണം, സാമ്പത്തിക വളര്‍ച്ചയിലെ മുന്‍ഗണനകള്‍, കാലാവസ്ഥാ വ്യതിയാനം എന്നിവയെല്ലാമാണ് ഇരുവരും ചര്‍ച്ച ചെയ്യുക. ഒബാമ കഴിഞ്ഞവര്‍ഷം ജനുവരിയില്‍ നടത്തിയ സന്ദര്‍ശനത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ ശക്തിപ്പെട്ടിട്ടുണ്ടെന്നു വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വിലയിരുത്തുന്നു.

നാളെ വാഷിങ്ടന്‍ ഡിസിയിലെത്തുന്ന മോദി മൂന്നുദിവസമാണ് യുഎസില്‍ ചെലവഴിക്കുക. അധികാരത്തില്‍ വന്നശേഷം മോദിയുടെ നാലാമത്തെ യുഎസ് സന്ദര്‍ശനമാണിത്. നാളെ യുഎസില്‍ ആദ്യം മോദി ആര്‍ലിങ്ടണ്‍ ദേശീയ സെമിത്തേരിയില്‍ അജ്ഞാതഭടന്റെ കല്ലറയില്‍ റീത്ത് വയ്ക്കും. യുഎസ് പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടര്‍ മോദിയെ അനുഗമിക്കും. ഏഴിനു വൈറ്റ്ഹൗസില്‍ ഒബാമമോദി ചര്‍ച്ച. മോദിയും ഒബാമയും തമ്മിലുള്ള ഏഴാമത്തെ കൂടിക്കാഴ്ചയാകും ഇത്. യുഎസിന്റെ ഔദ്യോഗിക സഖ്യകക്ഷി അല്ലാത്ത ഒരു രാഷ്ട്രത്തിന്റെ തലവനുമായി യുഎസ് പ്രസിഡന്റ് രണ്ടു വര്‍ഷത്തിനിടെ ഇത്രയും കൂടിക്കാഴ്ചകള്‍ നടത്തുന്നതും അപൂര്‍വം. രണ്ടു വര്‍ഷത്തിനിടെ ഒബാമയ്ക്കും മോദിക്കുമിടയില്‍ ഉണ്ടായ സൗഹൃദവളര്‍ച്ച നയതന്ത്ര ബന്ധത്തിലും ഗുണപരമായ മാറ്റങ്ങള്‍ക്കു കാരണമായിട്ടുണ്ടെന്നാണു യുഎസിലെ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. മോദി സര്‍ക്കാരിന്റെ വിദേശനയം വിജയകരമാണെന്നും യുഎസ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

എട്ടിനു യുഎസ് കോണ്‍ഗ്രസിന്റെ സംയുക്തയോഗത്തില്‍ മോദി പ്രസംഗിക്കും. യുഎസ് കോണ്‍ഗ്രസിന്റെ സംയുക്തയോഗത്തില്‍ പ്രസംഗിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരിക്കും മോദി.

LEAVE A REPLY

Please enter your comment!
Please enter your name here