congress-22.jpg.image.576.432തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം വിലയിരുത്താന്‍ ചേര്‍ന്ന കെപിസിസി എക്‌സിക്യൂട്ടീവില്‍ നേതൃത്വത്തിനും പാര്‍ട്ടിക്കും എതിരെ രൂക്ഷ വിമര്‍ശനം. ഇതോടെ പാര്‍ട്ടിയില്‍ ഒരിടവേളയ്ക്കുശേഷം ആഭ്യന്തരകലഹം ശക്തമാവുകയാണ്. മുതിര്‍ന്ന നേതാക്കളായ എ.കെ ആന്റണി, കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍, മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരെയാണ് യോഗത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതെങ്കിലും ഒടുവില്‍ എല്ലാവരും കൂടി കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരനെ പ്രതികൂട്ടിലാക്കി കൈകഴുകി.

നേതൃത്വത്തില്‍ തലമുറ മാറ്റം വേണം.പാര്‍ട്ടിയുടെ ഭരണ നേതൃത്വത്തില്‍ ജനങ്ങള്‍ക്കുളള വിശ്വാസം നഷ്ടപ്പെട്ടു. പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിന് ഒരു സമരം പോലും നടത്താനുളള ത്രാണി ഉണ്ടായിരുന്നില്ല. ആന്റണി പറയേണ്ട കാര്യം പറയണമായിരുന്നു എന്നും നോക്കിയിരുന്നിട്ട് കാര്യമില്ലെന്നും മദ്യനയവുമായി ബന്ധപ്പെട്ട് സതീശന്‍ വ്യക്തമാക്കി. മദ്യനയം കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായില്ലെന്നും ആദര്‍ശം പറയാനെ കൊള്ളു പ്രാവര്‍ത്തികമാക്കാന്‍ പറ്റില്ലെന്നും പലരും അഭിപ്രായപ്പെട്ടു.
ഏതായാലും പാര്‍ട്ടി ആഭ്യന്തരകലഹത്തിലേക്ക് നീങ്ങുകയാണ്. തോല്‍വിയുണ്ടായല്‍ അതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിലെ മൂന്നു നേതാക്കള്‍ക്കുമാണെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയ എ, ഐ ഗ്രൂപ്പ് നേതാക്കള്‍ ഒടുവില്‍ കാലുമാറിയതോടെ രണ്ടു തട്ടിലാണ് നേതാക്കള്‍ ഇപ്പോള്‍. ദയനീയ പരാജയത്തിന്റെ പാപഭാരം മുഴുവനും കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ തലയില്‍ കെട്ടിവെച്ചു. കെപിസിസി പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടും സമഗ്രമായ അഴിച്ചുപണി ആവശ്യപ്പെട്ടും എ, ഐ ഗ്രൂപ്പു നേതാക്കള്‍ ഒറ്റക്കെട്ടായി നിലപാടെടുത്തു. ആരോപണ ശരങ്ങളെ പ്രതിരോധിക്കാന്‍ നേതാക്കളില്ലാതെ വി എം സുധീരന്‍ ഒറ്റപ്പെടുകയും ചെയ്തു. നിയമസഭ തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ക്ക് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ അടക്കമുള്ള മൂവര്‍ക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്നാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തെരഞ്ഞെടുപ്പിന് മുന്‍പ് പരസ്യമായി പറഞ്ഞിരുന്നത്. എന്നാല്‍, പരാജയം പരിശോധിക്കാന്‍ നെയ്യാര്‍ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിച്ച ദ്വിദിന എക്‌സിക്യൂട്ടീവ് ക്യാമ്പിന്റെ ആദ്യ ദിനമായ ഇന്നലെ, പരാജയത്തിന് ഉത്തരവാദി സുധീരന്‍ മാത്രമാണെന്ന് ഗ്രൂപ്പു ഭേദമന്യേ നേതാക്കള്‍ തുറന്നടിച്ചു. മാത്രമല്ല, കെപിസിസിയില്‍ നേതൃമാറ്റം വേണമെന്ന ആവശ്യവുമായി എ ഗ്രൂപ്പ് നേതാവ് എം എം ഹസന്റെയും ഐ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് വി ഡി സതീശന്റെയും നേതൃത്വത്തിലുള്ള നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു.
വി എം സുധീരനെതിരെ ആഞ്ഞടിച്ച നേതാക്കള്‍, മുന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും തോല്‍വിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ആകില്ലെന്ന് പറഞ്ഞവരെ വളഞ്ഞിട്ട് ശകാരിച്ചു. ഓരോ മണ്ഡലങ്ങളിലെയും തോല്‍വി സ്ഥാനാര്‍ഥികളുടെ സാന്നിധ്യത്തില്‍ പരിശോധിക്കാനായാണ് ക്യാമ്പ് നടത്തിയതെങ്കിലും പരസ്പരം വാക്കേറ്റത്തില്‍ കലാശിച്ച് യോഗം പിരിഞ്ഞു.

മദ്യനയവുമായി ബന്ധപ്പെട്ട് വി എം സുധീരന്റെ കടുംപിടുത്തങ്ങള്‍ തോല്‍വിയുടെ ഒന്നാമത്തെ കാരണമായി ചൂണ്ടിക്കാട്ടിയാണ് നേതാക്കള്‍ ചര്‍ച്ചയ്ക്ക് തിരികൊളുത്തിയത്. യുഡിഎഫ് സര്‍ക്കാര്‍ പലതും മുന്നില്‍കണ്ട് നടത്തിയ ഉത്തരവുകള്‍ വിവാദമായപ്പോള്‍ പ്രതിപക്ഷത്തിനൊപ്പം വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് രംഗത്തെത്തി. സര്‍ക്കാരിന്റെ അവസാന മന്ത്രിസഭായോഗങ്ങളില്‍ കൈക്കൊണ്ട വിവാദ ഭൂമി ഇടപാട് ഉത്തരവുകള്‍ പിന്‍വലിക്കാന്‍ പ്രതിപക്ഷത്തെപ്പോലെ സുധീരനും നിലകൊണ്ടു. ഹൈക്കമാന്‍ഡ് ഗ്രൂപ്പു നേതാക്കളുടെ ആവശ്യം ചെവിക്കൊണ്ടില്ല. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് വി എം സുധീരന്റെ നിലപാടുകള്‍ നടപ്പിലാക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കുകയും ഒടുവില്‍ പിന്‍വാങ്ങുകയും ചെയ്തത് തിരിച്ചടിയായി. മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷി നേതാക്കളെ മുഖവിലയ്‌ക്കെടുക്കാതെയുള്ള സുധീരന്റെ ധാര്‍ഷ്ട്യമാണ് വിവിധ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളെ പരാജയത്തിലെത്തിച്ചതെന്നും എ, ഐ ഗ്രൂപ്പു നേതാക്കള്‍ തുറന്നടിച്ചു.

സര്‍ക്കാരിന്റെ മദ്യനയത്തെ രാഷ്ട്രീയ വിഷയമാക്കി ഉയര്‍ത്തിക്കൊണ്ടുവന്നത് വി എം സുധീരനും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ അനന്തരഫലമായാണ്. അന്നു മുതലാണ് യുഡിഎഫിന്റെ തകര്‍ച്ച ആരംഭിച്ചതെന്നും യോഗത്തില്‍ ഒരു വിഭാഗം നേതാക്കള്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here