കാസര്‍കോട്: ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയിലെ ചരചക്രയില്‍ ആയുര്‍വേദ മരുന്നു കമ്പനി നടത്തുന്ന കാസര്‍കോഡ് പള്ളത്തടുക്ക സ്വദേശി കുമാര്‍പ്രസാദിനേയും (41), സഹപ്രവര്‍ത്തക വെനസ്വേല സ്വദേശിനി എറീക്ക മറിയ അരസ് ലാതിക്കി(45)നേയും വെടിവച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. 24 കാരനായ എലിന്‍ ജയ്‌റോ ആന്റണ്‍ കോ എന്ന ടാക്‌സിഡ്രൈവറും വിക്ടര്‍ അലക്‌സാണ്ടര്‍ കാന്‍സ്‌റ്റെന്‍ഡ ജിമെനസ് എന്ന 23 കാരുമാണ് പിടിയിലായത്. ഇരുവരേയും കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ കുഴിച്ചുമൂടുകയായിരുന്നു. സമീപനാളുകളില്‍ ചരചത്രയില്‍ നടന്ന ഏറ്റവും ഭയാനകമായ കൊലപാതകമെന്നാണ് ലാറ്റിനമേരിക്കന്‍ മാധ്യമങ്ങള്‍ സംഭവത്തെ വിശേഷിപ്പിക്കുന്നത്.

ഇരട്ടകൊലപാതകത്തിനു പിന്നില്‍ രാജ്യാന്തര മരുന്നു കമ്പനികളുടെ പങ്കും സംശയിക്കുന്നുണ്ട്. വെനിസ്വേലയില്‍ ആയുര്‍വേദ ചികില്‍സയില്‍ വന്‍പ്രചാരം ഉണ്ടാക്കിയ ഡോ.പള്ളത്തടുക്ക കേശവഭട്ടിന്റെ മകനായ കുമാര്‍ പ്രസാദ് പിതാവിന്റെ പാത പിന്തുടര്‍ന്ന് ഇവിടെ മരുന്നുകമ്പനി പ്രവര്‍ത്തിപ്പിക്കുകയായിരുന്നു.
കുമാര്‍ പ്രസാദിനേയും എറീക്കയേയും ഒരാഴ്ച മുമ്പാണ് കാണാതായത്. കുമാര്‍ പ്രസാദിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍ പാചക ജോലിചെയ്യുന്ന ബദിയടുക്ക നീര്‍ച്ചാല്‍ ചെറുവ സ്വദേശി വെങ്കിട കൃഷ്ണ പോലിസില്‍ പരാതി നല്‍കിയതോടെയാണ് അരുംകൊല പുറംലോകം അറിയുന്നത്. കേസില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് ചരചക്രയിലെ മരുന്ന് നിര്‍മാണ പ്ലാന്റിന് സമീപത്ത് ഇരുവരുടേയും മൃദേഹങ്ങള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ടുപേരുടേയും മുഖത്ത് പ്ലാസ്റ്റിക് പൊതിഞ്ഞ നിലയിലായിരുന്നു.

കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്കുള്‍പ്പെടെ മരുന്നുനല്‍കുന്നു എന്നതിനാല്‍ കുമാര്‍ പ്രസാദിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം വെനസ്വേലയില്‍ പ്രസിദ്ധമായിരുന്നു. പ്രമുഖ സസ്യ ശാസ്ത്രജ്ഞനായ പിതാവ് ഡോ. കേശവഭട്ടാണ് ഇവിടെ ആയൂര്‍വേദ മരുന്ന് കമ്പനി തുടങ്ങുന്നതും മാരക രോഗങ്ങള്‍ക്കുള്ള മരുന്ന് കണ്ടെത്തുന്നതും. സ്ഥാപനം പ്രസിദ്ധമായതോടെ പ്രമുഖരടക്കം ഒട്ടേറെ പേര്‍ ഇവിടെ ചികില്‍സക്കെത്തിയിരുന്നു. സേവനങ്ങള്‍ മുന്‍നിറുത്തി പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്നത്തെ വെനസ്വേലന്‍ പ്രസിഡന്റായിരുന്ന ഹ്യൂഗോ ഷാവേസ് ഡോ. കേശവ ഭട്ടിനെ പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. 2010ല്‍ കേശവഭട്ട് മരിച്ചതോടെ കമ്പനി കുമാര്‍ പ്രസാദ് നടത്തിവരികയായിരുന്നു. കുമാര്‍ പ്രസാദിന്റെ മരുന്ന് കമ്പനി പുരോഗതി കൈവരിക്കുന്നതില്‍ അസൂയപൂണ്ട മറ്റേതെങ്കിലും കമ്പനിക്കാരാകാം കൊലക്ക് പിന്നിലെന്നാണ് സംശയം.

LEAVE A REPLY

Please enter your comment!
Please enter your name here