തിരുവനന്തപുരം :എസ്ബിഐയില്‍ ലയിപ്പിക്കുന്നതിനു മുന്നോടിയായി 1500 താല്‍ക്കാലിക ജീവനക്കാരെ എസ്ബിടി പിരിച്ചുവിടുന്നു. മുഴുവന്‍ താല്‍ക്കാലിക ജീവനക്കാരെയും പിരിച്ചുവിടാന്‍ നിര്‍ദേശിച്ച് എസ്ബിഐ എച്ച്ആര്‍ മാനേജര്‍ സോണല്‍– റീജ്യണല്‍ ഓഫീസുകളിലേക്ക് സര്‍ക്കുലര്‍ അയച്ചു. ബാങ്ക് ലയനത്തിനെതിരെ ജീവനക്കാരുടെ സംഘടനകള്‍ ദേശവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിനിടെയാണ് കൂട്ടപ്പിരിച്ചുവിടല്‍.

തുച്ഛവേതനത്തിന് ജോലിചെയ്യുന്ന സ്വീപ്പര്‍, പ്യൂണ്‍ തസ്തികകളിലുള്ള ജീവനക്കാരും കുടുംബങ്ങളുമാണ് ഇതോടെ പെരുവഴിയിലാകുന്നത്. എസ്ബിഐയില്‍ നിലവില്‍ ഇത്തരം ജോലികള്‍ പുറംകരാര്‍ ഏജന്‍സികള്‍ക്കാണ് നല്‍കുന്നത്. സെക്യൂരിറ്റിനിയമനവും എസ്ബിഐയില്‍ പുറംകരാര്‍ ഏജന്‍സികള്‍ക്കാണ്. ഇതേ മാതൃകയില്‍ എസ്ബിടിയില്‍ സ്വീപ്പര്‍, പ്യൂണ്‍ തസ്തികകള്‍ പുറംകരാര്‍ നല്‍കാനാണ് നീക്കം. എസ്ബിഐയില്‍ എടിഎം മെഷീനില്‍ പണം നിറയ്ക്കുന്നതുള്‍പ്പെടെയുള്ള ജോലികളും സ്വകാര്യ ഏജന്‍സികള്‍ക്ക് കരാര്‍ നല്‍കുകയാണ്. എസ്ബിടിയില്‍ നിലവില്‍ ബാങ്ക് ജീവനക്കാരാണ് ഈ ജോലി ചെയ്യുന്നത്.

എസ്ബിഐയില്‍ നിലവിലുള്ള തൊഴില്‍ക്രമങ്ങളും നിയമനരീതിയും ഘട്ടംഘട്ടമായി എസ്ബിടിയിലും നടപ്പാക്കാനാണ് നീക്കം. എസ്ബിഐയില്‍ നിലവിലുള്ള കരിയര്‍ പ്രോഗ്രഷന്‍ സ്കീം എസ്ബിടിയിലും നടപ്പാക്കണമെന്ന നിര്‍ദേശത്തിനതിരെ ജീവനക്കാര്‍ ശക്തമായ പ്രക്ഷോഭം നടത്തിയിരുന്നു. ലയനത്തിനു മുന്നോടിയായി എസ്ബിടിയിലെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിച്ചു. വെകിട്ട് 3.30 വരെയുണ്ടായിരുന്ന എസ്ബിടി പ്രവര്‍ത്തനസമയം എസ്ബിഐയുടേതിനു തുല്യമാക്കാനായി വൈകിട്ട് നാലുവരെ നീട്ടി.

ബാങ്ക് ലയനത്തിനെതിരെ പണിമുടക്കാന്‍ എസ്ബിടി സ്റ്റാഫ് യൂണിയന്‍ (ബെഫി) ആഹ്വാനംചെയ്തത് ഈ ഘട്ടത്തിലാണ്.കേരളം ആസ്ഥാനമായ ദേശസാല്‍കൃത ബാങ്കായ എസ്ബിടിയെ തനിമ നിലനിര്‍ത്തി സംരക്ഷിക്കുക, ലയനനീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം. ബാങ്ക് ലയനത്തിനെതിരെ മെയ് 20ന് എസ്ബിടിഎസ്യു പണിമുടക്കി.

കേരളത്തിലെ മൊത്തം ബാങ്കിടപാടുകളില്‍ 23 ശതമാനവും നടത്തുന്ന, വിദ്യാഭ്യാസവായ്പയുടെ 25 ശതമാനവും നല്‍കുന്ന എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിക്കുന്നത് സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും ജീവനക്കാരുടെയും താല്‍പ്പര്യത്തിന് വിരുദ്ധമാണ്. ജീവനക്കാരുടെയും പൊതുജനങ്ങളുടെയും കേരള നിയമസഭയുടെയും എതിര്‍പ്പ് അവഗണിച്ചാണ് ലയനനീക്കവുമായി അധികാരികള്‍ മുന്നോട്ടുപോകുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് ജീവനക്കാര്‍ തയ്യാറെടുക്കുന്നത്.

ബാങ്ക് പണിമുടക്ക് മാറ്റി
ന്യൂഡല്‍ഹി : എസ്ബിഐയും അസോസിയറ്റ് ബാങ്കുകളുമായുള്ള ലയത്തിനെതിരെ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ബാങ്ക് ജീവനക്കാരും ഉദ്യോഗസ്ഥരും നടത്താനിരുന്ന പണിമുടക്ക് മാറ്റി. ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് പണിമുടക്ക് മറ്റിയത്. കോടതിവിധി മാനിച്ച് പണിമുടക്ക് മാറ്റുകയാണെങ്കിലും ബാങ്ക് ലയനത്തിനെതിരെ യോജിച്ച പ്രക്ഷോഭവുമായി മുന്നോട്ടുപോവുമെന്ന് ബെഫി ഭാരവാഹികള്‍ അറിയിച്ചു. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ളോയീസ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളാണ് അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനംചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here