തിരുവനന്തപുരം: കേരളത്തിലെ എടിഎമ്മില്‍ സ്‌കിമ്മറും ക്യാമറയും ഉപയോഗിച്ചു കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തുന്ന സംഘത്തിന്റെ തട്ടിപ്പിലൂടെ യുഎസ് മലയാളിയുടെ പണവും നഷ്ടപ്പെട്ടു. കുണ്ടറ പെരിനാട് ശബരിഗിരിയില്‍ മോഹനചന്ദ്രന്‍ പിള്ളയുടെ മകന്‍ നിഥിന്റെ മൂന്നു അക്കൗണ്ടുകളില്‍ നിന്നാണു ഞായറാഴ്ച പണം കവര്‍ന്നത്. മറൈന്‍ എന്‍ജീനിയറായ നിഥിന്‍ ഇപ്പോള്‍ അമേരിക്കയിലാണ് താമസിക്കുന്നത്. ഏകദേശം 1.24 ലക്ഷം രൂപയാണ് നിഥിന്റെ അക്കൗണ്ടില്‍ നിന്ന് സംഘം തട്ടിച്ചത്. കൊല്ലം ഇരുമ്പുപാലത്തിനു സമീപമുള്ള യെസ് ബാങ്ക്, കടപ്പാക്കട എസ്ബിടി, കൊച്ചി എച്ച്എസ്ബിസി എന്നിവയിലാണു നിഥിന്റെ അക്കൗണ്ടുകള്‍, യെസ് ബാങ്ക് അക്കൗണ്ടില്‍ നിന്നു 10,000 രൂപയും എസ്ബിടിയുടെ അക്കൗണ്ടില്‍ നിന്നു 34,000 രൂപയും നഷ്ടമായി. രണ്ടു അക്കൗണ്ടുകളിലും വളരെ കുറച്ചു തുകയെ ഇനി ബാക്കിയുള്ളു.

എച്ച്എസ്ബിസി ബാങ്ക് അക്കൗണ്ടില്‍ നിന്നു 80,000 രൂപ നഷ്ടമായി. തുക പിന്‍വലിച്ചതായി മൊബൈല്‍ ഫോണില്‍ എസ്എംഎസ് ലഭിച്ചപ്പോള്‍ പിതാവ് മോഹനചന്ദ്രന്‍ പിള്ള ബാങ്കിന്റെ ടോള്‍ഫ്രീ നമ്പരില്‍ വിളിച്ചു കാര്‍ഡ് ബ്ലോക്ക് ചെയ്തതിനാല്‍ കൂടുതല്‍ തുക നഷ്ടമായില്ല. യെസ് ബാങ്ക് അക്കൗണ്ടിലെ പണം മുംബൈ മാഹിം എന്ന സ്ഥലത്തെ എടിഎമ്മില്‍ നിന്നും മറ്റു അക്കൗണ്ടുകളിലെ പണം മുംബൈയിടെ എടിഎമ്മുകളില്‍ നിന്നുമാണു പിന്‍വലിച്ചിട്ടുള്ളത്. ഞായറാഴ്ച 11 മണിക്കാണു യെസ് ബാങ്ക് അക്കൗണ്ടില്‍ നിന്നു പണം നഷ്ടമായത്. ഫോണില്‍ മെസേജ് ലഭിച്ചയുടന്‍ നിഥിന്‍ വീട്ടിലേക്കു വിളിച്ചു വിവരം അന്വേഷിക്കാന്‍ പറഞ്ഞിരുന്നു. അവധിദിനം ആയതിനാല്‍ ബാങ്കുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. നാലു മണിയോടെ എച്ച്എസ്ബിസി അക്കൗണ്ടില്‍ നിന്നു പണം നഷ്ടമായി. രാത്രിയിലാണ് എസ്ബിടി അക്കൗണ്ടില്‍ നിന്നു പണം കവര്‍ന്നത്.

നിഥിന്റെ ഭാര്യവീട് തിരുവനന്തപുരത്താണ്. ആറുമാസമായി നാട്ടിലുണ്ടായിരുന്ന നിഥിന്‍ ജൂലൈ 12ന് ആണ് അമേരിക്കയിലേക്കു പോയത്. നാട്ടിലുണ്ടായിരുന്നപ്പോള്‍ തിരുവനന്തപുരത്തെ എടിഎമ്മുകളില്‍ നിന്നു പണം പിന്‍വലിക്കുമായിരുന്നു. അപ്പോള്‍ കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടാകുമെന്നാണു സംശയം. ബാങ്കുകള്‍ക്കും ഡിജിപിക്കും പരാതി നല്‍കി.
അതേസമയം എടിഎമ്മില്‍ രഹസ്യക്യാമറ സ്ഥാപിച്ചു പണം തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതി അറസ്റ്റിലായി. റുമേനിയന്‍ പൗരന്‍ മരിയന്‍ ഗബ്രിയേല്‍ ആണ് മുംബൈയില്‍ പിടിയിലായത്. തട്ടിപ്പു സംഘം ഉപയോഗിച്ച ബൈക്കുകളും പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പുകളും കണ്ടെത്തി. നെയ്യാറ്റിന്‍കരയില്‍ നിന്നുള്ള രണ്ട് സ്‌കൂട്ടറുകളാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്. എടിഎം കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയുള്ള തട്ടിപ്പു വാര്‍ത്ത പുറത്തു വന്നതോടെ പൊലീസ് എടിഎമ്മിലെ ക്യാമറകള്‍ പരിശോധിച്ചിരുന്നു. അതോടെയാണു തട്ടിപ്പിനു പിന്നില്‍ വിദേശികളാണെന്ന് കണ്ടെത്തിയത്. മൂന്നു വിദേശികള്‍ ചേര്‍ന്നു പിന്‍നമ്പര്‍ ചോര്‍ത്താനുള്ള ക്യാമറ സ്ഥാപിക്കുന്ന ദൃശ്യങ്ങളാണു കണ്ടെത്തിയത്. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ തട്ടിപ്പ് സംഘം കഴിഞ്ഞത് തങ്ങളുടെ ഹോട്ടലിലാണെന്ന് സമീപത്തെ ആഡംബരഹോട്ടല്‍ അധികൃതര്‍ പൊലീസിനെ അറിയിച്ചു. പ്രതികള്‍ ഹോട്ടലില്‍ നല്‍കിയ പാസ്‌പോര്‍ട്ട് രേഖകളും കൈമാറി. ഇതോടെയാണു തട്ടിപ്പു സംഘം റുമാനിയക്കാരാണെന്നു കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here