തിരുവനന്തപുരം: സംസ്ഥാനത്തെ ഇടതു-വലതു രാഷ് ട്രീയനേതാക്കളെ ഒരു പോലെ ആശങ്കയിലാഴ്ത്തി മൂന്നാര്‍ ഓപ്പറേഷനിലെ അന്തപ്പുര രഹസ്യങ്ങള്‍ പരസ്യമാകുന്നു. ഐഎഎസില്‍ നിന്ന് രാജിവച്ച കെ. സുരേഷ്‌കുമാറാണ് രണ്ടു ഭാഗങ്ങളുള്ള സര്‍വീസ് സ്റ്റോറി എഴുതുന്നത്. ഒരേസമയം ഇംഗ്ലീഷില്‍ പെന്‍ഗ്വിന്‍ ബുക്‌സും മലയാളത്തില്‍ ഡിസി ബുക്‌സുമായിരിക്കും ഇത് പ്രസിദ്ധീകരിക്കുക. വി.എസിനൊപ്പം എന്റെ ദിനങ്ങള്‍ എന്ന പേരില്‍ ഒരു പുസ്തകവും മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കലിനു പോയ ദൗത്യസംഘത്തിന്റെ തലവന്‍ എന്ന നിലയിലുള്ള അനുഭവങ്ങള്‍ മറ്റൊരു പുസ്തകവുമായിരിക്കും. വൈകാതെ രണ്ടും പ്രസിദ്ധീകരിക്കാനാണ് നീക്കം.

സമീപകാല കേരള രാഷ്ട്രീയ, ഭരണ രംഗങ്ങളെ പിടിച്ചുകുലുക്കിയ നിരവധി സംഭവവികാസങ്ങളില്‍ നേരിട്ടു പങ്കാളിയാവുകയോ സാക്ഷ്യം വഹിക്കുകയോ ചെയ്ത ആള്‍ എന്ന നിലയില്‍ സുരേഷ്‌കുമാര്‍ വെളിപ്പെടുത്തുന്ന കാര്യങ്ങള്‍ വലിയ കോളിളക്കം ഉണ്ടാക്കിയേക്കും. ഇതിനു മുന്നോടിയായി പ്രമുഖ മലയാളം വാരികയ്ക്ക് സുരേഷ്‌കുമാര്‍ നല്‍കിയ അഭിമുഖം വലിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു. വി എസ് പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ. എം. ഷാജഹാന്‍, വി. എസ് മുഖ്യമന്ത്രിയായപ്പോള്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായ കെ. എന്‍ ബാലഗോപാല്‍, പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന എസ് രാജേന്ദ്രന്‍ തുടങ്ങിയവരേക്കുറിച്ച് കടുത്ത പരാമര്‍ശങ്ങളാണ് അഭിമുഖത്തിലുള്ളത്. പുസ്തകത്തിലാകട്ടെ ഇവയുടെയൊക്കെ വിശദാംശങ്ങള്‍ ഉണ്ടാകുമെന്നാണു വിവരം.

വി. എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്റെ കാലത്ത് സ്മാര്‍ട് സിറ്റി പദ്ധതി നടപ്പാകാതിരിക്കാന്‍ എ കെ ജി സെന്ററില്‍ നിന്നുള്ള നിര്‍ദേശപ്രകാരം ബാലഗോപാലും രാജേന്ദ്രനും ശ്രമിച്ചു എന്നും ബന്ധപ്പെട്ട ഫയലുകള്‍ പൂഴ്ത്തിവച്ചു എന്നും മറ്റുമുള്ള പരാമര്‍ശങ്ങള്‍ അഭിമുഖത്തിലുണ്ട്. വിവാദമായ ഡി പി ഇ പി പദ്ധതിയുടെ ആദ്യ ഡയറക്ടറായിരുന്നു കെ സുരേഷ്‌കുമാര്‍. അക്കാലത്തെ അനുഭവങ്ങളും ഇ. ടി മുഹമ്മദ് ബഷീര്‍, നാലകത്ത് സൂപ്പി എന്നീ മുസ്്‌ലിം ലീഗ് നേതാക്കള്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴത്തെ വ്യത്യാസങ്ങളും പുസ്തകത്തിലുണ്ടാകും. ഇതിനേക്കാളൊക്കെ പ്രധാനം വി എസിന്റെ മകന്‍ വി. എ അരുണ്‍കുമാര്‍ വി എസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഭരണത്തില്‍ ഇടപെടാന്‍ പലവിധത്തില്‍ നടത്തിയ ശ്രമങ്ങളുടെ വിശദാംശങ്ങളായേക്കും.

എന്തായാലും അന്ന് ഭരണവുമായി നടന്ന ഒട്ടേറെ അണിയറ രഹസ്യങ്ങള്‍ പുസ്തകത്തിലൂടെ പുറത്തുവരുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here