കോട്ടയം: ഓണ്‍ലൈനിലൂടെ പ്രചരിക്കുന്നതില്‍ സത്യമേത് മിഥ്യയേത് എന്ന അറിയുക ഏറെ വിഷമംപിടിച്ചതാണ്. കോട്ടയത്തുനിന്നുള്ള ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിനെക്കുറിച്ച് പ്രചരിച്ചത് ഉദാഹരണം. കുഞ്ഞിന്റെ ഉള്ളില്‍ കുടുങ്ങിയ സേഫ്റ്റി പിന്‍ ഒരാഴ്ച പിന്നിട്ടിട്ടും പുറത്തുവരാത്തതിന്റെ പേരിലാണ് പ്രചാരണം. ശരീരത്തിനുള്ളില്‍ കുടുങ്ങിയ പിന്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്നതിനെപ്പറ്റി ഡോക്ടര്‍മാര്‍ ആലോചിച്ചുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ബുധനാഴ്ചയാണ് വൈക്കം സ്വദേശികളായ ദമ്പതികളുടെ പെണ്‍കുഞ്ഞിന്റെ ഉള്ളില്‍ സേഫ്റ്റി പിന്‍ കുടുങ്ങിയത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കുഞ്ഞ് പ്രാഥമിക കര്‍മം നിര്‍വഹിക്കുമ്പോള്‍ സേഫ്റ്റി പിന്‍ തനിയെ പുറത്തുവരുമെന്ന പ്രതീക്ഷയിലായിരുന്നു ഡോക്ടര്‍മാര്‍. അന്നുമുതല്‍ കുഞ്ഞിനെ ആശുപത്രിയില്‍ തന്നെ കിടത്തി നിരീക്ഷിക്കുകയായിരുന്നു. എന്നാല്‍ ഒരാഴ്ച പിന്നിട്ടിട്ടും സേഫ്റ്റി പിന്‍ തനിയെ പുറത്തുവരാത്ത സാഹചര്യത്തില്‍ ഇതു കുടലില്‍ തറച്ചുനില്‍ക്കുകയാണോ എന്നാണ് ഡോക്ടര്‍മാര്‍ സംശയിക്കുന്നത്.

അമ്മയുടെ കഴുത്തിലെ മാലയില്‍ കിടന്ന സേഫ്റ്റിപിന്നാണ് കുഞ്ഞു വിഴുങ്ങിയത്. മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയിലെ ഹൃദ്രോഗ ശസ്ത്രക്രിയാ വിഭാഗത്തില്‍വച്ചു കുഞ്ഞിന്റെ അന്നനാളത്തില്‍ തറച്ചിരുന്ന പിന്‍ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് അന്നനാളത്തില്‍നിന്ന് ആമാശയത്തിലേക്കു തള്ളി വിടുകയായിരുന്നു. ആമാശയവും കടന്നു കുടല്‍വരെ എത്തിയ പിന്‍ കുടലിലൂടെ ചലിക്കുന്ന അവസ്ഥയിലായിരുന്നു. എന്നാല്‍ ഇത്രയും ദിവസം കാത്തിരുന്നിട്ടും സേഫ്റ്റി പിന്‍ പുറത്തുവരാത്തതിനാല്‍ ഇതു കുടലില്‍ തറച്ചിരിക്കുന്നതാകാമെന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍.

ശസ്ത്രക്രിയയ്ക്ക് 50 ലക്ഷം വേണമെന്നു വ്യാജ പ്രചാരണം സേഫ്റ്റി പിന്‍ വിഴുങ്ങിയ കുഞ്ഞിനെ ശസ്ത്രക്രിയ നടത്തുന്നതിനെപ്പറ്റി ഡോക്ടര്‍മാര്‍ ആലോചന തുടങ്ങുന്നതിനു മുന്‍പു ശസ്ത്രക്രിയയ്ക്ക് 50 ലക്ഷം രൂപ വേണമെന്ന വിധം സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം. യുവതിയുടെയും കുട്ടിയുടെയും ചിത്രവും അതിനൊപ്പം കുഞ്ഞിന്റ അന്നനാളത്തില്‍ സേഫ്റ്റി പിന്‍ തറഞ്ഞിരിക്കുന്നതിന്റെ എക്‌സറേ ചിത്രവും സഹിതമാണ് വാട്‌സാപ്പില്‍ പ്രചരിക്കുന്നത്. ‘ഈ കുട്ടി സേഫ്റ്റി പിന്‍ വിഴുങ്ങിയതാണ്. ഇതിനു രണ്ടാമത് ഒരു ശസ്ത്രക്രിയ അത്യാവശ്യമാണ്. ഇതിന്റെ ചെലവ് 50 ലക്ഷം രൂപവരും. വാട്‌സ് ആപ്പ് കമ്പനി ഇതിന്റെ ചികില്‍സാ ചെലവ് ഏറ്റെടുത്തിട്ടുണ്ട്. നമ്മുടെ ഓരോ ഷെയറിനും ഒരോ രൂപ വീതം കിട്ടും’ എന്നുമാണ് പ്രചാരണം.

LEAVE A REPLY

Please enter your comment!
Please enter your name here