തിരുവനന്തപുരം: ദുബായ് വിമാനാപകടത്തിന്റെ നടുക്കം മാറും മുന്‍പ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം ഒരിക്കല്‍ക്കൂടി ആശങ്കയുടെ മുള്‍മുനയിലായി. ഇന്നലെ വൈകിട്ട് നാലിനു മുംബൈയില്‍ നിന്നു 161 യാത്രക്കാരുമായി എത്തിയ ഇന്‍ഡിഗോയുടെ നമ്പര്‍ 933 വിമാനമാണു മുന്‍ഭാഗത്തെ ടയറിനു സാങ്കേതികത്തകരാറുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ്ങിനൊരുങ്ങിയത്. വിമാനത്താവളത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള ഫുള്‍ എമര്‍ജന്‍സി പ്രഖ്യാപിച്ചു. എന്നാല്‍ അവസാനനിമിഷം തകരാറില്ലെന്നു ബോധ്യമായതോടെ സുരക്ഷിതമായി നിലത്തിറക്കി.

ലാന്‍ഡിങിനു തൊട്ടുമുന്‍പാണു വിമാനത്തിന്റെ മുന്‍വശത്തെ നോസ് വീലിന്റെ സ്റ്റം ലോക് ആയില്ലെന്ന സംശയമുണ്ടെന്നു പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തെ അറിയിച്ചത്. നോസ് വീല്‍ തകരാറിലായാല്‍ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യാനാകില്ല. അപകടത്തിനുള്ള സാധ്യത മുന്നില്‍ക്കണ്ട് എയര്‍ ട്രാഫിക് വിഭാഗം ഉടന്‍ തന്നെ സന്ദേശം എയര്‍പോര്‍ട്ട് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നതര്‍ക്കു കൈമാറി. നിമിഷങ്ങള്‍ക്കകം ഫുള്‍ എമര്‍ജന്‍സി പ്രഖ്യാപിച്ചു.

ഇതോടെ വിമാനത്താവളത്തിലെ ഫയര്‍ സര്‍വീസ് റണ്‍വേയുടെ മൂന്നുഭാഗങ്ങളിലായി നിലയുറപ്പിച്ചു. ഏതു ഭാഗത്തു വിമാനം ഇടിച്ചിറക്കിയാലും ഉടനടി രക്ഷാപ്രവര്‍ത്തനത്തിനെത്തുന്നതിനു വേണ്ടിയാണിത്. സംസ്ഥാന ഫയര്‍ സര്‍വീസിന്റെ സേവനവും പൊലീസ്, ആശുപത്രികളുടെ സേവനവും ആവശ്യപ്പെട്ടു. അപകടം സംഭവിക്കുകയാണെങ്കില്‍ മൂന്നു മിനിറ്റിനുള്ളില്‍ രക്ഷാപ്രവര്‍ത്തനത്തിനു ലക്ഷ്യമിട്ടായിരുന്നു ഫുള്‍ എമര്‍ജന്‍സി. ഈ സമയത്തു ലാന്‍ഡിങിനോ ടേക്ക് ഓഫിനോ ഉള്ള വിമാനങ്ങള്‍ക്ക് അനുമതി നല്‍കാറില്ല.

എന്നാല്‍, ലാന്‍ഡിങിനു തൊട്ടുമുന്‍പ് പൈലറ്റിന്റെ എല്ലാം ഒകെയാണെന്ന സന്ദേശം ലഭിച്ചു. വിമാനത്താവളത്തിലെ സുരക്ഷാജീവനക്കാര്‍ക്ക് അപ്പോഴാണു ശ്വാസം നേരെ വീണത്. 4.18നു വിമാനം സുരക്ഷിതമായി നിലത്തിറക്കി.ഫുള്‍ എമര്‍ജന്‍സി പ്രഖ്യാപിച്ചു കഴിഞ്ഞതിനാല്‍ വിമാനം നിലത്തിറക്കി ബേയിലേയ്ക്കു മാറ്റിയ ശേഷം ഫുള്‍ എമര്‍ജന്‍സി പിന്‍വലിച്ചു. ഒരിക്കല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ചാല്‍ വിമാനം ബേയിലേക്കു മാറ്റിയ ശേഷമേ പിന്‍വലിക്കാവൂ എന്നാണു ചട്ടം. നിലത്തിറക്കിയ ശേഷം ഇന്‍ഡിഗോയുടെ സാങ്കേതികവിദഗ്ധര്‍ വിമാനം പരിശോധിച്ചു തകരാറുകളില്ലെന്ന് ഉറപ്പാക്കി. വൈകിട്ടു യാത്രക്കാരേയും കൊണ്ട് വിമാനം മുംബൈയിലേയ്ക്കു തിരിച്ചുപോകുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here