കൊച്ചി:പള്ളിപ്പരിസരങ്ങളില്‍ നേര്‍ച്ചവസ്തുക്കള്‍ പാചകം ചെയ്തു കഴിക്കുന്ന രീതിയും ഊട്ടുനേര്‍ച്ച തിരുനാളുകളും നിരുല്‍സാഹപ്പെടുത്തണമെന്നു സിറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ആര്‍ഭാടങ്ങളും അനാചാരങ്ങളും നിയന്ത്രിച്ച് ആത്മീയതയ്ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കണമെന്നു ‘തിരുനാള്‍ ആഘോഷങ്ങള്‍ക്കൊരു പുനര്‍വായന’ എന്ന തലക്കെട്ടോടെ എഴുതിയ ലേഖനത്തില്‍ കര്‍ദിനാള്‍ നിര്‍ദേശിക്കുന്നു.

വെടിക്കെട്ടും തിരുനാള്‍ സ്ഥലങ്ങളിലെ കച്ചവട സ്വഭാവമുള്ള പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കണം. മൈക്ക് അനൗണ്‍സ്‌മെന്റും വെടിക്കെട്ടും മൂലം ശബ്ദമുഖരിതമാവുന്ന അന്തരീക്ഷത്തില്‍ ശാന്തമായി പ്രാര്‍ഥിക്കാനോ ആശയവിനിമയം നടത്താനോ കഴിയില്ല. വെടിക്കെട്ടും അനൗണ്‍സ്‌മെന്റും വൈദ്യുതി അലങ്കാരങ്ങളും തിരുനാളിന്റെ ലക്ഷ്യം തന്നെ ഇല്ലാതാക്കുന്നു. വിശുദ്ധരുടെ അദ്ഭുത പ്രവര്‍ത്തന ശക്തിയെ അതിശയോക്തി കലര്‍ത്തി അവതരിപ്പിക്കുന്ന രീതിയും വ്യാപകമാകുന്നുണ്ട്.

വിശുദ്ധരുടെ മാധ്യസ്ഥ ശക്തി പരസ്യത്തിലൂടെ വിളംബരം ചെയ്യേണ്ടതല്ല. കൃത്രിമമായ പ്രചാരണങ്ങള്‍ വിശുദ്ധരുടെ മാധ്യസ്ഥ ശക്തിയെക്കുറിച്ചു തെറ്റായ ധാരണകള്‍ സൃഷ്ടിക്കാനേ ഉപകരിക്കൂ. പുതിയ ആചാരങ്ങള്‍ മെനഞ്ഞെടുത്തു തിരുനാളിന് ആളെക്കൂട്ടാന്‍ അവസരങ്ങളുണ്ടാക്കുന്നവരും ഉണ്ടെന്നു കര്‍ദിനാള്‍ ഓര്‍മിപ്പിക്കുന്നു.

നേര്‍ച്ചപ്പണം ധൂര്‍ത്തടിക്കാനുള്ളതല്ല, ആരാധനയുടെ ആവശ്യങ്ങള്‍ക്കും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി അതു ചെലവിടണം. ലാളിത്യത്തിന്റെ മാതൃകകളായ വിശുദ്ധരുടെ തിരുനാളുകള്‍ ആഡംബരത്തിന്റെ അവസരങ്ങളാക്കി മാറ്റുന്നതില്‍ അനൗചിത്യമുണ്ടെന്നും വെടിക്കെട്ടിലും ശബ്ദ കോലാഹലങ്ങളിലും നിന്നു തിരുനാളുകളെ മോചിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here