പാലക്കാട്:ചലചിത്രതാരം ശ്രീജിത് രവി അശ്ലീല ചേഷ്ട കാണിച്ചെന്ന കേസിനെ സംബന്ധിച്ചു പൊലീസിനെതിരെ ശിശുക്ഷേമ സമിതിക്കു വിദ്യാര്‍ഥികളുടെ മൊഴി. പത്തിരിപ്പാല പതിനാലാം മൈലിലെ സ്‌കൂളില്‍ ഇന്നലെ നടന്ന തെളിവെടുപ്പില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും പരാതിയില്‍ ഉറച്ചുനിന്നു. മൊഴി രേഖപ്പെടുത്താന്‍ ചില ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥിനികളെ പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചെന്നാണ് ആക്ഷേപം. ആദ്യം പ്രിന്‍സിപ്പല്‍ നല്‍കിയ പരാതി അവഗണിക്കപ്പെട്ടെന്നും ചെയര്‍മാന്‍ ഫാ. ജോസ് പോളിന്റെ നേതൃത്വത്തിലുള്ള സമിതി മുന്‍പാകെ അധ്യാപകര്‍ മൊഴി നല്‍കിയതായാണു വിവരം.

അധ്യാപകരും രക്ഷിതാക്കളും നിയമപരമായ ആശങ്കകള്‍ പങ്കുവച്ചു. വിദ്യാര്‍ഥികള്‍ക്കു സമിതി അംഗങ്ങള്‍ കേസുമായി ബന്ധപ്പെട്ട നിയമ ബോധവല്‍ക്കരണം നല്‍കി. പരാതിക്കാരായ 14 വിദ്യാര്‍ഥിനികളില്‍ നിന്നും പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ള അധ്യാപകരില്‍ നിന്നുമാണു വി.പി.കുര്യാക്കോസ്, സിസ്റ്റര്‍ ടെസിന്‍ എന്നിവരും ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ അനന്തനും ഉള്‍പ്പെട്ട സംഘം തെളിവെടുത്തത്.

നേരത്തെ സബ് കലക്ടര്‍ പി.ബി.നൂഹ് നടത്തിയ അന്വേഷണത്തിലും പൊലീസ് നടപടികളില്‍ വിദ്യാര്‍ഥികള്‍ അതൃപ്തി അറിയിച്ചിരുന്നു. സബ് കലക്ടറുടെ റിപ്പോര്‍ട്ടില്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ക്കെതിരെ നടപടിക്കു ശുപാര്‍ശയുള്ളതായാണു വിവരം. പത്തിരിപ്പാല ചന്തയ്ക്കു സമീപം 27നു രാവിലെ 7.50നു നിര്‍ത്തിയിട്ട കാറില്‍ മുന്‍വശത്തെ ഇടതു സീറ്റില്‍ ഇരുന്നിരുന്ന ശ്രീജിത് സ്‌കൂളിലേക്കു നടന്നു പോയിരുന്ന പെണ്‍കുട്ടികള്‍ കാണ്‍കെ അശ്ലീലം കാണിച്ചെന്നാണു കേസ്.വ്യാഴാഴ്ച വൈകിട്ടു കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here