തിരുവനന്തപുരം: നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്നായിരുന്നു എല്ലാ വിവാദസംഭവങ്ങളോടും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്. കെ.എം.മാണിക്കെതിരേ ഇപ്പോള്‍ തുടരുന്ന അഴിമതിയാരോപണങ്ങളില്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചാല്‍ മതിയെന്ന് കേരളത്തിലെ സിപിഎം നേതൃത്വവും എത്തിയിരിക്കുകയാണ്. ബാര്‍കോഴക്കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചതോടെ മാണിയോട് ഇടക്കാലത്തു രൂപപ്പെട്ട മൃദുസമീപനം പാര്‍ട്ടി വേണ്ടെന്നുവച്ചിരിക്കുകയാണ്. മുന്‍മന്ത്രി കെ.ബാബുവിന്റെ ബന്ധുവസതികളിലടക്കം നടന്ന റെയ്ഡിനെക്കുറിച്ചു സിപിഎം ഉന്നതനേതൃത്വത്തിന് അറിവുണ്ട്. എന്നാല്‍ അതു വിജിലന്‍സ് മേധാവി ജേക്കബ് തോമസിന്റെ താല്‍പര്യപ്രകാരം തന്നെയുള്ള നീക്കമായിരുന്നു. ജേക്കബ് തോമസിനോട് ഇക്കാര്യം പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ അദ്ദേഹം ചെയ്തതില്‍ അവര്‍ അഹിതമായി ഒന്നും കാണുന്നില്ല. നിലവിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യം ഇത്തരം അഴിമതിവിരുദ്ധ നീക്കങ്ങള്‍ക്ക് അനുയോജ്യമായി ഇതിനെ നേതൃത്വം വിലയിരുത്തുന്നു.

91 എംഎല്‍എമാരുമായി അധികാരത്തിലുള്ള എല്‍ഡിഎഫിന് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ വിട്ടുവീഴ്ചയുടെ ആവശ്യവുമില്ല. മുന്‍സര്‍ക്കാരിന്റെ കാലത്തെ ആക്ഷേപങ്ങളില്‍ സ്വന്തം ബോധ്യങ്ങളുമായി മുന്നോട്ടുപോകുകയാണു ജേക്കബ് തോമസ്. ആ ബോധ്യങ്ങള്‍ ശരിയാണെന്നു സ്ഥാപിക്കേണ്ട ഉത്തരവാദിത്വം അദ്ദേഹത്തിനു തന്നെയെന്നാണു സിപിഎം നേതാക്കള്‍ പറയുന്നത്. പാളുകയോ തിരിഞ്ഞുകൊത്തുകയോ ചെയ്താല്‍ അതും അദ്ദേഹം അനുഭവിക്കേണ്ടിവരും.

യുഡിഎഫ് വിട്ടതോടെ അടുപ്പിക്കാന്‍ നോക്കിയ കെ.എം.മാണിയുടെ കാര്യത്തിലും തല്‍ക്കാലം ഇതാണു സിപിഎം നിലപാട്. സിപിഐയുടെ വിയോജിപ്പ് തന്നെ തള്ളിക്കൊണ്ടു പ്രതീക്ഷ നല്‍കി ഒപ്പം നിര്‍ത്താനായിരുന്നു നേരത്തെ തീരുമാനം. വിജയത്തിളക്കത്തിലും പൂര്‍ണമായും കൂടെ നില്‍ക്കാഞ്ഞ മധ്യതിരുവിതാംകൂറിലെ മുന്നേറ്റത്തിനു മാണിയുടെ പിന്തുണ ഗുണകരമാകുമെന്ന വിലയിരുത്തലും ഇതിനു പ്രേരണയായി. പക്ഷേ തിരുവനന്തപുരം വിജിലന്‍സ് കോടതി മാണിക്കെതിരെ തുടരന്വേഷണം പ്രഖ്യാപിച്ചതോടെ അത് ആദ്യം മാണിയേയും ശേഷം യുഡിഎഫിനേയും ദുര്‍ബലമാക്കാന്‍ വഴിവയ്ക്കുമോ എന്നാണ് ഇപ്പോള്‍ സിപിഎം ആരായുന്നത്. മറ്റൊരു കേസില്‍ മൂവാറ്റുപുഴ കോടതിയുടെ നിര്‍ദേശാനുസരണം മാണിക്കെതിരെ എഫ്‌ഐആര്‍ കൂടി വന്നതോടെ ഇക്കാര്യത്തില്‍ സിപിഎമ്മിലും എല്‍ഡിഎഫിലും ഒരേ അഭിപ്രായം മതി എന്നതിലേക്കു പൂര്‍ണമായും നയം മാറ്റി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കെ മുന്നണി ഉന്നയിച്ചുവന്ന ആക്ഷേപത്തില്‍ തനിക്കെതിരെ തുടരന്വേഷണം നടക്കുകയും അതില്‍ കുറ്റവിമുക്തനാകുകയും ചെയ്യുക എന്ന വെല്ലുവിളിയാണ് ഇപ്പോള്‍ മാണിക്കു മുന്നില്‍. എല്‍ഡിഎഫ് രാഷ്ട്രീയവിരോധം തീര്‍ക്കാന്‍ ആരംഭിച്ചിരിക്കുകയാണെന്ന പ്രതിഷേധത്തിലാണ് യുഡിഎഫ്. കഴിഞ്ഞ സര്‍ക്കാരിന്റ കാലത്തു സിപിഎം നേതാക്കള്‍ക്കെതിരെ വന്ന നീക്കങ്ങള്‍ക്കുള്ള മറുപടിയും ഇതില്‍ ദര്‍ശിക്കുന്നവരുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here