കൊച്ചി:മദര്‍ തെരേസയെ വിശുദ്ധരുടെ ഗണത്തിലേയ്ക്കുയര്‍ത്തുന്ന പുണ്യ നിമിഷത്തിനായി പ്രാര്‍ഥനാപൂര്‍വ്വം കാത്തിരിക്കുകയാണ് കേരള കത്തോലിക്കാ സഭ. ലത്തീന്‍ സഭയ്ക്ക് പുറമെ, സിറോ മലങ്കര, സിറോ മലബാര്‍ സഭകളിലെ വിവിധ പള്ളികളിലും പ്രത്യേക പ്രാര്‍ഥനകളും, ആഘോഷച്ചടങ്ങുകളും തല്‍സമയം ഒരുക്കിയിട്ടുണ്ട്. മദര്‍ തെരേസയുടെ പാദസ്പര്‍ശം കൊണ്ട് ധന്യമായ കൊച്ചുതുറയിലെ സെന്റ് ആന്റണീസ് പള്ളിയിലാണ് ലത്തീന്‍ അതിരൂപതയുടെ പ്രധാന ചടങ്ങുകള്‍.വൈകിട്ട് ആറിന് കൃതജ്ഞതാ ബലി.ആര്‍ച്ച് ബിഷപ്പ് ഡോ.എം സൂസൈപാക്യം തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.തിങ്കളാഴ്ച വൈകിട്ട് പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ ദിവ്യബലിയ്ക്ക് പുറമെ വിപുലമായ ആഘോഷങ്ങളും. മദര്‍ തേരേസയുടെ പേരിലുള്ള ലോകത്തിലെ ആദ്യദേവാലയമായ മേലാരിയോട് ഇടവകയും ആഘോഷനിറവിലാണ്

വിശ്വാസസാഗരം തീര്‍ത്ത് മദര്‍ തെരേസയുടെ വിശുദ്ധ പ്രഖ്യാപനത്തെ അവിസ്മരണീയമാക്കാനുള്ള തയ്യാറെടുപ്പിലാണ് സിറോ മലബാര്‍സഭയും. മുഴുവന്‍ ദേവാലയങ്ങളിലും പ്രത്യേക പ്രാര്‍ഥനകളും ദിവ്യബലിയുമുണ്ടാകും.എറണാകുളം അങ്കമാലി അതിരൂപതയില്‍ മദര്‍ തെരേസയുടെ പേരിലുള്ള ഏക ആരാധനാലയമായ കറുകുറ്റി പന്തയ്ക്കല്‍ പള്ളിയില്‍ വിശുദ്ധ പ്രഖ്യാപനം ഇടവകാംഗങ്ങളെല്ലാം ചേര്‍ന്ന് കാരുണ്യസംഗമമാക്കാനുള്ള തയ്യാറെടുപ്പിലാണ്. വിശുദ്ധ പ്രഖ്യാപനത്തോടനുബന്ധിച്ചുള്ള മലങ്കര കത്തോലിക്ക സഭയുടെ പ്രധാന ശുശ്രൂഷകള്‍ പട്ടം സെന്റ് മേരീസ് കത്തീഡ്രലിലാണ്.കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്‌ളിമ്മിസ് കാതോലിക്ക ബാവ,തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായ മെത്രാന്‍ ബിഷപ്പ് ഡോ.ആര്‍. ക്രിസ്തുദാസ് എന്നിവര്‍ വത്തിക്കാനിലെ വിശുദ്ധചടങ്ങുകള്‍ക്ക് സാക്ഷ്യംവഹിക്കും

LEAVE A REPLY

Please enter your comment!
Please enter your name here