വാഷിങ്ടണ്‍: അമേരിക്കന്‍ അജയ്യതയുടെ പര്യായങ്ങളായിരുന്ന വേള്‍ഡ് ട്രേഡ് സെന്ററും പെന്റഗണും തകര്‍ത്തെറിഞ്ഞ സെപ്റ്റംബര്‍ 11 ആക്രമണത്തിന് 15 ആണ്ട് തികഞ്ഞു. വിദേശീയരായ അക്രമികള്‍ നാലു യു.എസ് വിമാനങ്ങള്‍ റാഞ്ചി നടത്തിയ ആക്രമണത്തില്‍ 2999 ആളുകള്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. 6000 പേര്‍ക്ക് പരിക്കേറ്റു. അല്‍ഖാഇദയാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു യു.എസ് പ്രഖ്യാപനം. പതിനഞ്ചുവര്‍ഷം കഴിയുമ്പോഴേക്കും ആക്രമണം നടത്തിയ അല്‍ക്വയ്ദ നാമാവിശേഷമാവുകയും ഐഎസ് എന്ന പുതിയ തീവ്രവാദസംഘടന ലോകത്തിന്റെ ഉറക്കംകെടുത്തുന്ന നിലയിലേക്കു വളരുകയും ചെയ്തു. എങ്കിലും അല്‍ക്വയ്ദ ഭീഷണി തുടരുകയാണ്. സെപ്റ്റംബര്‍ 11 മോഡല്‍ ആക്രമണങ്ങള്‍ ആയിരക്കണക്കിനു തവണ ആവര്‍ത്തിക്കുമെന്നാണ് അല്‍ക്വയ്ദ നേതാവ് അയ്മന്‍ സവാഹിരിയുടെ ഭീഷണി. യുട്യൂബില്‍ പോസ്റ്റു ചെയ്ത വീഡിയോയിലാണ് ഭീഷണി. അറബി മുസ്‌ലിം രാജ്യങ്ങളോടുള്ള യുഎസിന്റെ നയം, അവിടങ്ങളിലെ അഴിമതി ഭരണകൂടങ്ങള്‍ക്കുള്ള പിന്തുണ, പ്രസ്തുത രാജ്യങ്ങളിലെ സ്ഥലങ്ങളിലെ യുഎസ് അധിനിവേശം തുടങ്ങിയ ഒരു പിടി കുറ്റങ്ങള്‍ സവാഹിരി നിരത്തി.

എന്തായാലും 1941ലെ പേള്‍ ഹാര്‍ബര്‍ ആക്രമണത്തിനു ശേഷം അമേരിക്കയെ നടുക്കിയ സംഭവമായിരുന്നു സെപ്റ്റംബര്‍ 11 ആക്രമണം. 2001നു മുമ്പും എണ്ണമറ്റ ആക്രമണങ്ങള്‍ക്ക് യു.എസ് വേദിയായിരുന്നു. 1993ല്‍ വേള്‍ഡ് ട്രേഡ് സെന്ററിനു നേരെ നടന്ന കാര്‍ബോംബ് സ്‌ഫോടനം അത്തരത്തിലൊന്നായിരുന്നു. അന്ന് കെട്ടിടത്തിന്റെ ഏഴു നിലകള്‍ തകരുകയും ആറു പേര്‍ മരിക്കുകയും ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബോംബാക്രമണത്തിന് പിന്നിലെ ശക്തികേന്ദ്രങ്ങളെന്നു കരുതുന്നവര്‍ അറസ്റ്റിലായി. 1998ല്‍ യു.എസിലെ കെനിയന്‍, താന്‍സാനിയന്‍ എംബസികള്‍ക്കു നേരെയും ആക്രമണമുണ്ടായി. പിന്നീട് 2000യിരത്തിലും ആക്രമണം നടന്നു. എന്നാല്‍, വലിയൊരു ദുരന്തത്തിന്റെ സൂചനയായി ഇതൊന്നും അമേരിക്കന്‍ ഭരണകൂടം മുഖവിലക്കെടുത്തിരുന്നില്ല.

സെപ്റ്റംബര്‍ 11നു ശേഷം അമേരിക്ക ഭീകരതക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചു. യു.എസില്‍ മാത്രമൊതുങ്ങിയില്ല അത്. അതിന്റെ ഭാഗമായി 2001ല്‍ അഫ്ഗാന്‍ അധിനിവേശവും 2003ല്‍ ഇറാഖ് അധിനിവേശവും നടന്നു. ഇറാന്‍, സിറിയ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെയും അമേരിക്ക നീക്കം തുടങ്ങി. തന്ത്രപരമായ നീക്കത്തിലൂടെയായിരുന്നു ഈ രാജ്യങ്ങളില്‍ അമേരിക്കയുടെ ഇടപെടല്‍. അഫ്ഗാനില്‍ താലിബാനെയും അല്‍ഖാഇദയെയും തുരത്താനായിരുന്നു പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷ് കോണ്‍ഗ്രസിന്റെ അനുമതി വാങ്ങി സൈനിക നീക്കത്തിന് ഉത്തരവിട്ടത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ തുടര്‍ന്ന് അല്‍ഖാഇദയും ഇറാഖ് ഇന്റലിജന്‍സ് സര്‍വിസും പരസ്പര ബന്ധിതമാണ് എന്നാരോപിച്ചായിരുന്നു ഇറാഖ് അധിനിവേശം. മാനവരാശിയെ ഒന്നടങ്കം ഉന്മൂലനം ചെയ്യാനുള്ള ആയുധങ്ങളും ആയുധ ഫാക്ടറിയും ഇറാഖിന്റെ കൈവശമുണ്ടെന്ന അമേരിക്കയുടെ വാദം പിന്നീട് പൊളിഞ്ഞു. സെപ്റ്റംബര്‍ ആക്രമണത്തിന്റെ സൂത്രധാരനെന്നു കരുതുന്ന അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ലാദിന്റെ തലക്ക് 250 ലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചു. 10 വര്‍ഷത്തെ വേട്ടക്കുശേഷം 2011 മേയ് രണ്ടിന് ഉസാമയെ കീഴടക്കി. ആബട്ടാബാദിലെ ഒളിത്താവളത്തില്‍ വെച്ച് ഉസാമയെയും അംഗരക്ഷകരെയും വെടിവെച്ചു കൊല്ലുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here