ന്യൂഡല്‍ഹി: ജമ്മുകാഷ്മീരിലെ ഉറിയില്‍ ഞായറാഴ്ചയുണ്ടായ ഭീകരാക്രമണം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം ഏറ്റവും രൂക്ഷമായ അവസ്ഥയിലെത്തിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇനിയും സംയമനം പാലിച്ച് വെറുതേയിരിക്കാനാവില്ലെന്ന നിലപാടിലാണ് ഇന്ത്യന്‍ സൈന്യം. കേന്ദ്ര സര്‍ക്കാരിനുളളിലും ഭൂരിപക്ഷം പേര്‍ക്കും ഇതേ നിലപാട് തന്നെയാണ്. പാക്കിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നാണ് ഭരണകക്ഷിയായ ബിജെപിയുടേത് അടക്കമുള്ള നേതാക്കളുടെ ആവശ്യം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അനുമതി അത്യാവശ്യമാണ്. മോദി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്ത് നിലപാടെടുക്കും എന്നാണ് അറിയേണ്ടത്.
നിയന്ത്രരേഖയിലെ സൈനിക ബറ്റാലിയനുകള്‍ക്കും വ്യോമസേന താവളത്തിനും എന്തിനും തയ്യാറായിരിക്കാനുള്ള നിര്‍ദ്ദേശം ഇപ്പോള്‍ തന്നെ നല്‍കിയിട്ടുണ്ട്.
ഇന്ത്യക്ക്‌നേര്‍ക്ക് ഇത്രയേറെ ഭീകരാക്രമണങ്ങള്‍ ഉണ്ടായിട്ടും സൈനികമായ ഒരു മറുപടി ഇന്ത്യ നല്‍കിയിട്ടില്ല. പക്ഷേ പാകിസ്താന്‍ അത് വീണ്ടും വീണ്ടും ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇനി പാകിസ്താന് മറുപടി കൊടുത്തേ പറ്റൂ എന്നാണ് സൈന്യം പറയുന്നത്. അതിന് വേണ്ടി നിയന്ത്രണ രേഖ മറികടന്നുള്ള ആക്രമണം തന്നെ വേണം.
അതേസമയം, ഉറിയില്‍ ഭീകരാക്രമണം നടത്തിയവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. മൂന്ന് ചാവേര്‍ ഭീകരസംഘങ്ങള്‍ കശ്മീരിലേക്ക് നുഴഞ്ഞുകയറിയെന്ന് സൈന്യം സ്ഥിരീകരിച്ചു. മൂന്നു മുതല്‍ അഞ്ച് വരെ ഭീകരര്‍ വീതമുള്ള മൂന്ന് ചാവേര്‍ സംഘങ്ങളില്‍ ഒരു സംഘമാണ് ഉറിയില്‍ ആക്രമണം നടത്തിയത്. ഒരു സംഘം പൂഞ്ചിലേക്ക് കടന്നിട്ടുണ്ടെന്നും മൂന്നാമത്തെ സംഘം എവിടെയെത്തിയെന്ന് കണ്ടെത്താനായിട്ടില്ലെന്നും സൈന്യം സ്ഥിരീകരിക്കുന്നു. പഠാന്‍കോട്ട്, ഉറി മാതൃകയില്‍ ആക്രമണം നടത്താന്‍ പരിശീലനം നേടിയ ഭീകരരാണ് കടന്നിട്ടുള്ളത്. തുടര്‍ന്ന് പൂഞ്ചിലും കശ്മീരിലെ തന്ത്രപ്രധാന സ്ഥലങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങളില്‍ നിന്ന് പരിശീലനം നേടിയ ഇരുന്നൂറിലധികം ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ കാത്തിരിക്കുന്നതെന്നാണ് സൈന്യത്തിന്റെ നിഗമനം. അതിനിടെ, ഇനി സംയമനം പാലിക്കേണ്ടെന്നാണ് മന്ത്രിമാരും ബിജെപി ദേശീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുന്നത്. ഭീകരര്‍ക്കായി പാക്കിസ്ഥാന്‍ നേരിട്ട് ഇടപെടുന്നുവെന്ന ആഭ്യന്തരമന്ത്രിയുടെ ആരോപണത്തോട് പാക്കിസ്ഥാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here