കണ്ണൂര്‍: സൗമ്യവധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്താം ബ്ലോക്കില്‍ നിന്ന് മാറ്റുന്ന കാര്യത്തില്‍ രാഷ്ട്രീയ തീരുമാനത്തിനു വിട്ടു. അയാളെ വധശിക്ഷയ്ക്കു വിധിച്ചവരെയും രാജ്യദ്രോഹക്കേസ് പ്രതികളെയും താമസിപ്പിക്കുന്ന പത്താം ബ്ലോക്കില്‍ നിന്നമലു മാറ്റണോ എന്ന് സിപിഎം, ഇടതുമുന്നണി നേതൃത്വവുമായി കൂടിയാലോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിക്കും എന്നാണു വിവരം. വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം തടവാക്കിയ സാഹചര്യത്തില്‍ അത്തരം തടവുകാരെ താമസിപ്പിക്കുന്ന ബ്ലോക്കിലേക്കു മാറ്റേണ്ടി വരും. എന്നാല്‍ കേരളത്തില്‍ ഗോവിന്ദച്ചാമിക്കെതിരെ വ്യാപക രോഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അയാളെ മറ്റു തടവുകാരുടെ കൂട്ടത്തിലേക്കു മാറ്റിയാല്‍ ആക്രമിക്കപ്പെടുമോ എന്ന ആശങ്കയുണ്ട്.
ഗോവിന്ദച്ചാമിയെ മുമ്പ് കോടതിയില്‍ ഹാജരാക്കിയപ്പോഴൊക്കെ ജനരോഷം അയാള്‍ക്കെതിരെ ഉയര്‍ന്നിരുന്നു. വധശിക്ഷ നല്‍കിയത് പരക്കെ സ്വാഗതം ചെയ്യപ്പെടുകയുമുണ്ടായിരുന്നു. കൊലക്കേസ് ഉള്‍പ്പെടെ മറ്റ് മാരകമായ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് പോലും ബലാത്സംഗക്കേസുകളിലെ പ്രതികളോടുള്ളത് കടുത്ത രോഷവും വെറുപ്പുമാണത്രേ. അത്തരം കേസുകളില്‍ ജയിലിലാകുന്നവര്‍ക്ക് സഹതടവുകാരില്‍ നിന്ന് മര്‍ദനം ഏല്‍ക്കാറുണ്ടെന്നും പറയപ്പെടുന്നു. ഇതിനേക്കുറിച്ച് നന്നായി അറിയാവുന്ന ജയില്‍ അധികൃതര്‍ക്ക് ഗോവിന്ദച്ചാമി ആക്രമിക്കപ്പെടുമോ എന്ന പേടിയുണ്ട്. അങ്ങനെ ജയിലില്‍ ആക്രമണമുണ്ടായാല്‍ അത് ജയില്‍ അധികൃതരുടെയും ജയില്‍ വകുപ്പിന്റെയും വലിയ വീഴ്ചയായി വ്യാഖ്യാനിക്കപ്പെടാനും ഇടയുണ്ട്. ഈ സാഹചര്യത്തിലാണ് ജയില്‍ വകുപ്പിന്റെകൂടി ചുമതലയുള്ള മുഖ്യമന്ത്രിയുടെ തീരുമാനം നിര്‍ണായകമാകുന്നത്.
വധശിക്ഷ റദ്ദാക്കി ജീവപര്യന്തമാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പകര്‍പ്പ് കിട്ടിയ ശേഷം ബ്ലോക്ക് മാറ്റുന്ന കാര്യം തീരുമാനിക്കും എന്നാണ് ഇതേക്കുറിച്ച് അന്വേഷിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതരില്‍ നിന്നു ലഭിച്ച വിവരം. എന്നാല്‍ അങ്ങനെ ജയില്‍ സൂപ്രണ്ട് തലത്തിലെന്നല്ല ജയില്‍ ഡിജിപി തലത്തില്‍പ്പോലും ഇക്കാര്യം തീരുമാനിക്കാന്‍ എളുപ്പമല്ലാത്ത സ്ഥിതിയാണുള്ളത്. വധശിക്ഷാവിധി കാത്ത് ഏകാന്ത തടവില്‍ കഴിയുന്നവര്‍ക്ക് ജയിലില്‍ ജോലികളൊന്നും നല്‍കാറില്ല.
ശിക്ഷ ജീവപര്യന്തമായി മാറിയ സാഹചര്യത്തില്‍ മറ്റു തടവുകാര്‍ ചെയ്യുന്നതുപോലുള്ള ജോലികള്‍ ഗോവിന്ദച്ചാമിയും ചെയ്യണം. പത്താംബ്ലോക്കില്‍ത്തന്നെ തുടര്‍ന്നും താമസിപ്പിക്കാമെന്നുവച്ചാലും ജോലിക്കായി പുറത്തിറക്കുമ്പോള്‍ മറ്റുള്ളവരുമായി ഇടപഴകേണ്ടി വരും. അപ്പോഴും ആക്രമണഭീഷണി പ്രശ്‌നം തന്നെയാണ്. ചുരുക്കത്തില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയത് ഉണ്ടാക്കിയ വിവാദത്തേക്കാള്‍ വലിയ കുരുക്കിലാണ് സര്‍ക്കാര്‍ അയാളുടെ സുരക്ഷാപ്രശ്‌നത്തില്‍ ചെന്നുപെട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here