തിരുവനന്തപുരം: നഴ്‌സിംഗ് ഉള്‍പ്പെടെ വിദേശജോലിക്കു ശ്രമിക്കുന്ന മലയാളികള്‍ ജാഗ്രതൈ. ഇത്തരക്കാരെ ലക്ഷ്യമിട്ടുനടക്കുന്ന വ്യാജ തൊഴില്‍ റിക്രൂട്ട്‌മെന്റിനെതിരെ മുന്നറിയിപ്പു നല്‍കുന്നത് നോര്‍ക്ക റൂട്ട്‌സ് ആണ്. വ്യാജ റിക്രൂട്ടുമെന്റുകളില്‍പ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ വഞ്ചിക്കപ്പെടരുതെന്നാണ് നോര്‍ക്ക പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നത്. നോര്‍ക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ഉഷ ടൈറ്റസാണ് പത്രക്കുറിപ്പ് പുറത്തിറക്കിയത്. ബെഗളൂരുവിലെ ഒരു സ്വകാര്യ ഏജന്‍സി വന്‍ തുകയ്ക്ക് കുവൈത്ത് ഓയില്‍ കമ്പനിയിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി നോര്‍ക്ക നേരിട്ട് രംഗത്തെത്തിയത്.
കുവൈത്ത് ഓയില്‍ കമ്പനിയിലേക്ക് 50 നഴ്‌സുമാരുടെ ഒഴിവുണ്ടെന്ന് കാണിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഇ മൈഗ്രേറ്റ് സംവിധാനം വഴി നോര്‍ക്കയ്ക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്വകാര്യ റിക്രൂട്ടിംഗ് ഏജന്‍സികളുടെ വലയില്‍പ്പെട്ട് പണവും രേഖകളും നഷ്ടപ്പെടുത്തരുതെന്നും നോര്‍ക്ക പത്രക്കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കുന്നു. നോര്‍ക്ക റൂട്ട്‌സ് വഴിയുള്ള തൊഴില്‍ റിക്രൂട്ട്‌മെന്റിന് 20,000 രൂപ മാത്രമാണ് ചെലവ് വരുന്ന തുക. നോര്‍ക്ക റൂട്ട്‌സിന്റെ പേരില്‍ എടുക്കുന്ന ഡിഡി വഴിയാണ് ഇടപാട് പൂര്‍ത്തിയാക്കേണ്ടത്. തൊഴില്‍ റിക്രൂട്ട്‌മെന്റില്‍ നോര്‍ക്കയ്ക്ക് ഇടനിലക്കാരില്ലെന്ന് വ്യക്തമാക്കുന്നതോടൊപ്പം വഞ്ചിക്കപ്പെടാനുള്ള സാധ്യതയും പത്രക്കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഇന്ത്യയില്‍ കര്‍ശനമാക്കിയെങ്കിലും വ്യാജ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റുകള്‍ ഇപ്പോഴും നിര്‍ബാധം തുടരുന്നുവെന്നാണ് ഇതുസൂചിപ്പിക്കുന്നത്. സ്വകാര്യ ഏജന്‍സികളെ ഒഴിവാക്കി സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രം റിക്രൂട്ട്‌മെന്റ് നടത്താന്‍ തിരുമാനിച്ചെങ്കിലും കരാര്‍ അടിസ്ഥാനത്തിലുള്ള റിക്രൂട്ട്‌മെന്റുകള്‍ ഇപ്പോഴും തുടരുന്നതായാണ് വിവരം. ഇന്ത്യയില്‍നിന്നുള്ള നഴ്‌സിങ് നിയമനം സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമാക്കാന്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ തീരുമാനമായതാണ്. അംഗീകൃത റിക്രൂട്ട്‌മെന്റിനായി കേരള സര്‍ക്കാറിന്റെ കീഴിലുള്ള നോര്‍ക്ക റൂട്ട്‌സ്, ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്‍ഡ് എംപ്‌ളോയ്‌മെന്റ് പ്രമോഷന്‍ കണ്‍സല്‍ട്ടന്റ്‌സ് (ഒഡാപെക്), തമിഴ്‌നാട്ടിലെ ഓവര്‍സീസ് മാന്‍പവര്‍ കോര്‍പറേഷന്‍ എന്നീ ഏജന്‍സികളെയാണ് ചുമതലപ്പെടുത്തിയിരുന്നത്.

ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങി സ്വകാര്യ ഏജന്‍സികള്‍ റിക്രൂട്ടിംഗ് നടത്തുന്ന സംഭവങ്ങള്‍ പതിവായതിന്റ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ ഏജന്‍സികളെ പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ട് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമായി റിക്രൂട്ടിംഗ് പരിമിതപ്പെടുത്തിയത്. എന്നാല്‍ കര്‍ശനമായ നിയമം നിലനില്‍ക്കുന്നതിന്റെ അടിസ്ഥാനത്തിലും വ്യാജന്‍മാര്‍ രംഗത്ത് സജീവമാകുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here