തിരുവനന്തപുരം: എല്ലാവരാലും ആട്ടിയോടിക്കപ്പെടുന്ന കേരളത്തിലെ തെരുവുപട്ടികളെ ഭരണസിരാകേന്ദ്രത്തിന്റെ സംരക്ഷണം ഏല്‍പ്പിക്കാന്‍ നീക്കം. കേരളത്തിലെ തെരുവുകളില്‍ കുരച്ചുചാടിവരുന്ന പട്ടികളെക്കൊണ്ട് പൊതുജനം വലയുമ്പോഴാണു മറുഭാഗത്ത് സെക്രട്ടറിയേറ്റിനു കാവലായി തെരുവ് പട്ടികളെ അവരോധിക്കാന്‍ ശ്രമം. സംസ്ഥാന ഡി ജി പി ലോക്‌നാഥ് ബെഹ്‌റയാണ് സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ സുരക്ഷയ്ക്കു തെരുവുനായ്ക്കളെ വളര്‍ത്താമെന്നുള്ള നിര്‍ദേശം മുന്നോട്ടുവെച്ചത്. ഡി ജി പിയുടെ നിര്‍ദ്ദേശം ഉദ്യോഗസ്ഥരെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. പട്ടി പിടുത്തത്തില്‍ പരിശീലനം നേടിയവരെ കോര്‍പ്പറേഷന്‍ അധികൃതര്‍ക്കുപോലും ലഭിക്കാത്ത സാഹചര്യത്തില്‍ എങ്ങനെയാണ് തെരുവ് നായ്ക്കളെ പിടിച്ച് പരിശീലിപ്പിച്ച് കാവല്‍നായ്ക്കളാക്കും എന്ന ടെന്‍ഷനിലാണ് ഉദ്യോഗസ്ഥര്‍.

സെക്രട്ടേറിയറ്റിനു ചില തീവ്രവാദസംഘടനകളുടെ ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ഡി ജിപി നിര്‍ദ്ദേശം. സെക്രട്ടേറിയറ്റിനു സമീപം അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളെ പരിശീലിപ്പിച്ച് ഓരോ ഗേറ്റിലും സുരക്ഷയൊരുക്കുന്ന പദ്ധതിയാണു ഡിജിപി ലക്ഷ്യമിടുന്നത്. അതേസമയം, സെക്രട്ടേറിയറ്റിലെ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തണമെന്നും സുരക്ഷാ ചുമതലയുള്ള പൊലീസുകാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നുമുള്ള നിര്‍ദേശം നടപ്പിലാക്കാന്‍ ഡിജിപിയുടെ ഭാഗത്തുനിന്നു നടപടി ഉണ്ടായിട്ടില്ല. സെക്രട്ടേറിയറ്റില്‍ ആകെ പ്രവര്‍ത്തിക്കുന്നതു രണ്ടു മെറ്റല്‍ ഡിറ്റക്ടറുകളാണ്. മറ്റുള്ളവ പണിമുടക്കിയിട്ടു വര്‍ഷം രണ്ടു കഴിഞ്ഞു. മൂന്നു മന്ത്രിമാരുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന പുതിയ അനക്‌സിന്റെ സുരക്ഷയ്ക്കായി പൊലീസിനെ വിന്യസിച്ചിട്ടില്ല.തെരുവുനായ്ക്കളെ പുനരധിവസിപ്പിച്ച് സെക്രട്ടേറിയറ്റ് സുരക്ഷയൊരുക്കാമെന്ന നിര്‍ദ്ദേശം വച്ച ഡിജിപി അതീവ ജാഗ്രതാ മേഖലയായ സെക്രട്ടേറിയറ്റില്‍ ഒരുക്കേണ്ട സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ഗൗനിക്കുന്നതേയില്ല. സുരക്ഷാ ചുമതലയുള്ള പോലീസുകാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം ഡിജിപി നടപ്പാക്കിയിട്ടില്ല.
അതേസമയം തെരുവുനായ്ക്കളെ പരിശീലിപ്പിച്ച് സെക്രട്ടേറിയറ്റ് കവാടത്തില്‍ സുരക്ഷയ്ക്ക് നിയോഗിക്കാമെന്ന ഡിജിപിയുടെ നിര്‍ദ്ദേശം അപ്രായോഗികമെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ പറയുന്നു. നായ്ക്കളുടെ പരിശീലനം ഒന്ന് ഒന്നര വയസ്സിനുള്ളില്‍ നടത്തണം. മുതിര്‍ന്ന നായ്ക്കളെ പരിശീലിപ്പിക്കുക വളരെ ബുദ്ധിമുട്ടാണ്. നോ ഓള്‍ഡ് ഡോഗ്‌സ് കാണ്ട് ബി ട്രെയിന്‍ഡ് എന്ന് ഇംഗ്ലീഷില്‍ ചൊല്ലുപോലുമുണ്ട്. പ്രായപൂര്‍ത്തിയെത്തും മുമ്പ് പരിശീലിപ്പിച്ചാല്‍ മാത്രമേ അവ നമ്മുടെ വരുതിക്ക് നില്‍ക്കുകയുള്ളൂ. ഡിജിപിയുടെ നിര്‍ദ്ദേശം വാസ്തവത്തില്‍ പ്രതികരണം അര്‍ഹിക്കുന്നതല്ല. ഇത് വലിയ തിരിച്ചടിയാകുമെന്നും തീര്‍ച്ചയാണ്. മുമ്പ് ആലപ്പുഴ കെഎസ്ആര്‍ടിസി ഗ്യാരേജില്‍ കുറച്ചു ജീവനക്കാര്‍ ചേര്‍ന്ന് കുറേ തെരുവുനായ്ക്കളെ തീറ്റിപ്പോറ്റി.
അവസാനം ഗ്യാരേജില്‍ പുറത്തുനിന്നുള്ള ആര്‍ക്കും രാപ്പകല്‍ ഭേദമെന്യേ പ്രവേശിക്കാന്‍ സാധിക്കാതെ വന്നു. പരിശോധനയ്‌ക്കെത്തുന്ന ഉദ്യോഗസ്ഥരെ പോലും പ്രവേശിക്കാന്‍ അവസരം നല്‍കാതെ ഈ തെരുവുനായ്ക്കള്‍ ഉപദ്രവിക്കാന്‍ തുടങ്ങി. ഇതല്ലാതെ മറ്റൊന്നും പറയാനില്ലെന്നും മുന്‍ ഡിജിപി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here