കോഴിക്കോട്: ഐഎസ് അനുഭാവം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സുരക്ഷ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിച്ച മലയാളം വെബ്‌സൈറ്റ് അല്‍ മുഹാജിറുന്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങി. നേരത്തെ അല്‍ മുഹാജിറുന്‍2015 എന്ന പേരില്‍ പ്രവര്‍ത്തിച്ച വെബ്‌സൈറ്റ് ഇപ്പോള്‍ അല്‍മുജാഹിറുന്‍ 2016 എന്ന പേരിലാണ് വീണ്ടും തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നത്. ഇസ്ലാമുമായും തീവ്രവാദവുമായും ബന്ധമുള്ള നിരവധി ലേഖനങ്ങളും ചിത്രങ്ങളുമാണ് വെബ്‌സൈറ്റില്‍ ഉണ്ടായിരുന്നത്. തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് സുരക്ഷ
സുരക്ഷഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്താണ് സൈറ്റ് പൂട്ടിച്ചത്. ഓഗസ്ത് സെപ്തംബര്‍ മുതലുള്ള ലേഖനങ്ങളും കുറിപ്പുകളും വെബ്‌സൈറ്റില്‍ വീണ്ടും സജീവമായിട്ടുണ്ട് . സെപ്തംബര്‍ 27 മുതലാണ് സൈറ്റ് വീണ്ടും വേര്‍ഡ്പ്രസില്‍ സജീവമായിത്തുടങ്ങിയതെന്നാണ് കരുതുന്നത്. ഫെയ്‌സ്ബുക്കിലെ സമീര്‍ അലി എന്ന അക്കൗണ്ടില്‍ നിന്നാണ് വെബ്‌സൈറ്റിലേക്കുള്ള ലിങ്ക് പോസ്റ്റ് ചെയ്തത്. എന്നാല്‍ നിലവില്‍ ഈ അക്കൗണ്ട് ഫെയ്‌സ്ബുക്കില്‍ നിന്നും നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങിയ സൈറ്റില്‍ സെപ്തംബര്‍
18നാണ് ഏറ്റവും കൂടുതല്‍ അപ്‌ഡേഷനുകള്‍ നടന്നിട്ടുള്ളത്. സൈറ്റ് പൂട്ടിക്കുന്നതിനു മുന്‍പ് അമ്പതിലധികം ലേഖനങ്ങളുണ്ടായിരുന്ന സൈറ്റില്‍ ഇപ്പോള്‍ ഇതിനു പുറമേ ആറോളം ലേഖനങ്ങളാണുളളത്.
നേരത്തെ കേരളത്തില്‍ നിന്നും ഐഎസിലേക്കു പോയവരുമായി ഈ ബ്ലോഗിന് ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഇന്റലിജന്‍സ് വേഡ്പ്രസ്സിന് റിപ്പോര്‍ട്ട് ചെയ്താണ് സൈറ്റ് പൂട്ടിച്ചത്. എന്നാല്‍ ഇപ്പോള്‍ പുതിയ വെബ്‌സൈറ്റ് തുറന്നിരിക്കുന്നതും വേഡ്പ്രസ്സിലാണ്. അന്‍സാറുള്‍ ഖലീഫ എന്ന പേരിലാണ് സൈറ്റില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജിഹാദിന്റെ അര്‍ത്ഥം എന്താണെന്നതിന്റെ വിശദമായ ലേഖനങ്ങള്‍ മുതല്‍ ഇസ്ലാമിനേയും ഖലീഫയേയും സംബന്ധിച്ച നിരവധി ലേഖനങ്ങള്‍ സൈറ്റിലുണ്ട്. ഐഎസിനെ ഖിലാഫത്തായി അംഗീകരിക്കുന്നുണ്ടെങ്കില്‍ അതിന്റെ ഭാഗമാകാതിരിക്കാന്‍ എന്ത് ന്യായമാണുള്ളതെന്ന രീതിയില്‍ പല കുറിപ്പുകള്‍ സൈറ്റില്‍ കാണാം. തീവ്രവാദ ആഹ്വാനങ്ങളുള്ള വീഡിയോകളും ചിത്രങ്ങളും ഇതില്‍ നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here