കൊച്ചി:ഐഎസ് പ്രവര്‍ത്തകരെന്ന രഹസ്യ വിവരത്തെ തുടര്‍ന്നു ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റു ചെയ്ത പ്രതികള്‍ കേരളത്തില്‍ 12 ആക്രമണങ്ങള്‍ക്കു പദ്ധതിയിട്ടതായി കണ്ടെത്തി. കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവ്, രണ്ടു ജഡ്ജിമാര്‍, ഒരു പൊലീസ് ഉന്നതന്‍ എന്നിവര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ ഇവരുടെ ഹിറ്റ് ലിസ്റ്റിലുണ്ടായിരുന്നു. ഏഴു സ്ഥാപനങ്ങളെയും ഇവര്‍ ഉന്നമിട്ടെന്നാണു വിവരം. പാരിസ് ആക്രമണത്തിന്റെ മാതൃകയില്‍ കൊച്ചിയിലെ പൊതുയോഗത്തിലേക്കു ലോറി ഇടിച്ചുകയറ്റി ആക്രമിക്കാനും ഇവര്‍ പദ്ധതിയിട്ടെങ്കിലും രഹസ്യാന്വേഷണ വിഭാഗം ഇടപെട്ടതോടെ പാളി. ആക്രമണത്തിനുള്ള സ്‌ഫോടക വസ്തുകള്‍ പ്രതികള്‍ ശേഖരിച്ചിരുന്നതായും സൂചനയുണ്ട്.
മൊബൈല്‍ ആപ്പ് വഴിയും പിന്നീടു നേരിട്ടു കണ്ടപ്പോഴും ഇവര്‍ അക്രമണ പദ്ധതികളാണു ചര്‍ച്ച ചെയ്തത്. പ്രതികള്‍ ലക്ഷ്യമിട്ട വ്യക്തികളെയും സ്ഥാപനങ്ങളെയും സംബന്ധിക്കുന്ന വിവരങ്ങള്‍ എന്‍ഐഎയുടെ പക്കലുണ്ട്. പത്തു ഫെയ്‌സ്ബുക് പേജുകളും മൂന്നു ബ്ലോഗുകളുമാണ് ഇവരുടെ ആശയപ്രചാരണത്തിനായി ഉപയോഗപ്പെടുത്തിയിരുന്നത്.
യെമനിലെ ദമ്മാജിലുള്ള കേന്ദ്രത്തില്‍ പഠനം പൂര്‍ത്തിയാക്കിയ 35 പേര്‍ സംസ്ഥാനത്തു വിവിധ കേന്ദ്രങ്ങളിലുണ്ടെന്ന് പിടിയിലായവര്‍ എന്‍ഐഎ സംഘത്തോടു വെളിപ്പെടുത്തി. കേരളത്തിലെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. 35 പേരെയും എന്‍ഐഎ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.
അതേസമയം ഐഎസ് ബന്ധമാരോപിച്ച് കണ്ണൂര്‍ കനകമലയില്‍നിന്ന് ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തവരുടെ കുടുംബങ്ങള്‍ ആശങ്കയില്‍.
കണ്ണൂര്‍ പെരിങ്ങത്തൂര്‍ അണിയാരം കീഴ്മാടത്തെ മദീന മന്‍സിലില്‍ മന്‍ഷിദിനെ പിടികൂടിയതോടെ തങ്ങളുടെ ഏക ആശ്രയമാണ് നഷ്ടമായതെന്ന് പിതാവ് മഹമൂദ് പറഞ്ഞു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മന്‍ഷിദ് ഇറങ്ങില്ലെന്ന് സഹോദരി മെഹറുന്നിസ പറയുന്നു.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് മന്‍ഷിദിന്റെ ഭാര്യ മറിയത്തിന്റെ ജോലി സംബന്ധമായ വിവരങ്ങളടങ്ങിയ ടാബ് നഷ്ടപ്പെട്ടെന്ന് പരാതി നല്‍കിയിരുന്നെങ്കിലും, ലഗേജ് പരിശോധനക്കുശേഷം ടാബ് ഇവര്‍ ബാഗിലേക്ക് വെക്കുന്നത് സി.സി.ടി.വി ദൃശ്യത്തില്‍ വ്യക്തമായിട്ടുണ്ടെന്നാണ് വീട്ടുകാരെ വിമാനത്താവള അധികൃതര്‍ അറിയിച്ചത്. മന്‍ഷിദ് എന്‍.ഡി.എഫില്‍ സജീവമായിരുന്നു. തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടിലത്തെി. ഖത്തറില്‍ വിവിധ ജോലികളിലേര്‍പ്പെട്ട മന്‍ഷിദ് മൂന്നു വര്‍ഷം മുമ്പ്, നഴ്‌സായി ജോലി ചെയ്യുന്ന ഫിലിപ്പീന്‍ സ്ത്രീയെ വിവാഹം ചെയ്തു. സെപ്റ്റംബര്‍ 30ന് രാവിലെയത്തെിയ ഇയാള്‍, കല്യാണത്തിന് പങ്കെടുക്കാന്‍ പറ്റാത്ത തന്റെ കൂട്ടുകാര്‍ വരുമെന്നും ഭക്ഷണമൊരുക്കണമെന്നും വീട്ടുകാരോട് പറഞ്ഞുവത്രെ. എന്നാല്‍, രണ്ടരക്ക് വീട്ടിലത്തെിയത് എന്‍.ഐ.എ സംഘമായിരുന്നു.
പിടികൂടിയ സംഘത്തിലുള്‍പ്പെടുന്ന തിരൂര്‍ പൊന്‍മുണ്ടം സ്വദേശി സഫ്വാന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണ്. കോഴിക്കോട്ടെ ഒരു പത്രത്തില്‍ സ്ഥിരം ജീവനക്കാരനാണ്. എന്‍.ഐ.എ കസ്റ്റഡിയിലെടുത്ത തൃശൂര്‍ വെങ്ങാനെല്ലൂര്‍ അമ്പലത്ത് സ്വാലിഹ് (26) കഴിഞ്ഞ 25ന് പിതാവ് താഹ മുഹമ്മദിനും മാതാവ് റംലത്തിനുമൊപ്പം വെങ്ങാനെല്ലൂരിലെ വീട്ടിലത്തെിയിരുന്നു. മൂന്ന് വര്‍ഷമായി സ്വാലിഹ് ചെന്നൈയിലാണ് താമസം. വീടിന് തൊട്ടടുത്തുള്ളവരോട് പോലും സ്വാലിഹ് മുമ്പ് അടുപ്പം കാണിച്ചിരുന്നില്ല. അടുത്തിടെ വല്ലപ്പോഴും മാത്രമെ വരാറുള്ളൂവത്രേ. ചെന്നൈയിലേക്ക് മാറിയതോടെ മലപ്പുറം സ്വദേശിനിയെ വിവാഹം കഴിച്ചു.
ഏതാനും വര്‍ഷങ്ങളായി ചേലക്കരയില്‍ ഇല്ലാതിരുന്ന മുഹമ്മദ് സ്വാലിഹ് ആറുമാസം മുമ്പ് വെങ്ങാനെല്ലൂര്‍ വിലാസത്തില്‍ പാസ്‌പോര്‍ട്ട് എടുത്തിട്ടുണ്ടത്രേ. എന്‍.ഐ.എയുടെ പിടിയിലായപ്പോള്‍ പാസ്‌പോര്‍ട്ടില്‍നിന്ന് ലഭിച്ച വിലാസം വഴിയാണ് ഇയാള്‍ ചേലക്കര സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞതെന്നാണ് വിവരം.
ഐ.എസ് ബന്ധം ആരോപിച്ച് തിരുനെല്‍വേലിയില്‍ കസ്റ്റഡിയിലായ സുബ്ഹാന്റെ വിവരങ്ങള്‍ തേടി എന്‍.ഐ.എ സംഘം തൊടുപുഴയിലത്തെി. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍നിന്ന് 40 വര്‍ഷം മുമ്പ് വസ്ത്രവ്യാപാരത്തിനായി തൊടുപുഴയിലത്തെിയ വ്യാപാരിയുടെ നാലു മക്കളില്‍ ഒരാളാണ് സുബ്ഹാന്‍. എറണാകുളത്തെ ഒരു കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ കുറച്ചു നാള്‍ ജോലി ചെയ്ത ഇയാള്‍ പിന്നീട് വസ്ത്ര വ്യാപാര ജോലി ചെയ്തു. 2012ല്‍ തിരുനെല്‍വേലിയിലേക്ക് പോയ സുബ്ഹാന്‍ അവിടെനിന്ന് വിവാഹം കഴിച്ചു. പിന്നീട് ഒരു തവണ മാത്രമാണ് തൊടുപുഴയില്‍ വന്നത്. സുബുഹാനെ എന്‍.ഐ.എ സംഘം പുലര്‍ച്ചെതന്നെ കൊച്ചിയിലേക്ക് കൊണ്ടുപോയി.

LEAVE A REPLY

Please enter your comment!
Please enter your name here