ലണ്ടന്‍:ആല്‍പ്‌സിലെ കേബിള്‍ കാറിനും ബ്രൈറ്റണ്‍ ടവറിനും പിന്നാലെ ലണ്ടന്‍ നഗരത്തിലെ സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായ ‘ലണ്ടന്‍ ഐ’യും ആകാശയാത്രയ്ക്കിടെ പണിമുടക്കി. എല്ലാ ഡക്കുകളിലും നിറയെ യാത്രക്കാരുമായി കറക്കം തുടങ്ങിയ ലോകത്തിലെ ഏറ്റവും വലിയ ജയന്റ് വീല്‍ പാതിവഴി നിലച്ചു. സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതുവരെ ആശങ്കയിലും ദുരിതത്തിലും മണിക്കൂറുകള്‍ തള്ളിനീക്കിയ യാത്രക്കാരെ ഒടുവില്‍ സുരക്ഷിതമായി പുറത്തിറക്കി. ശനിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു നഗരത്തില്‍ വാരാന്ത്യവിനോദത്തിനിറങ്ങിയവരെ ഭീതിയിലും ദുരിതത്തിലുമാക്കിയ സംഭവം. അഞ്ഞൂറിലേറെ യാത്രക്കാര്‍ മൂന്നര മണിക്കൂറിലേറെയാണ് ആകാശത്ത് പ്രാര്‍ഥിച്ചും കരഞ്ഞും പരസ്പരം ആശ്വസിപ്പിച്ചും മുള്‍മുനയില്‍ നിന്നത്.

യാത്രക്കാര്‍ക്ക് ദീപപ്രഭയില്‍ വെട്ടിത്തിളങ്ങുന്ന നഗരത്തിന്റെ രാത്രിഭംഗി പകര്‍ന്ന് പതുക്കെ കറങ്ങിത്തുടങ്ങിയ ജയന്റ് വീല്‍ പെട്ടെന്ന് പതിവില്ലാത്ത ശബ്ദത്തോടെ നില്‍ക്കുകയായിരുന്നു. 135 മീറ്റര്‍ ഉയരത്തില്‍ മുകള്‍ ഭാഗത്തെ ഡക്കുകളില്‍ കുടുങ്ങിയവര്‍ ഇതോടെ ആശങ്കയിലായി. കറക്കം നിലച്ചതോടെ താപനിയന്ത്രണ സംവിധാനവും ലൈറ്റുകളും പ്രവര്‍ത്തിക്കാതെയായി. ഇതാണ് യാത്രക്കാരെ വലച്ചത്. ചിലര്‍ ചിത്രം സഹിതം സംഭവം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടതോടെ സംഗതി ലൈവായി. അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാനുള്ള ബ്ലാങ്കറ്റുകളും വെള്ളവും ഗ്ലൂക്കോസ് ഗുളികകളും കരുതല്‍ ഉണ്ടായിരുന്നെങ്കിലും ഓരോ ഡെക്കിലെയും ഇരുപതിലേറെവരുന്ന യാത്രക്കാര്‍ക്ക് ഇത് തികച്ചും അപര്യാപ്തമായിരുന്നു. വിശന്നുവലഞ്ഞും തണുത്തുവിറച്ചും കുട്ടികള്‍ ഉള്‍പ്പെടെ പലരും അവശരായി. ചിലര്‍ പേടിച്ചു കരയുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്.

വിനോദയാത്രയ്ക്കിടെ അപ്രതീക്ഷിതമായുണ്ടായ ഈ സംഭവത്തില്‍ വിരണ്ടുപോയ എല്ലാ യാത്രക്കാര്‍ക്കും പണം തിരിച്ചുനല്‍കുമെന്ന് വീല്‍ ഓപ്പറേറ്റര്‍മാരായ മെര്‍ലിന്‍ എന്റര്‍ടൈന്‍മെന്റ് അറിയിച്ചു. യാത്രക്കാരുടെ രക്ഷയ്ക്കായി പൊലീസും ഫയര്‍ഫോഴ്‌സും എത്തിയിരുന്നെങ്കിലും ഇവരുടെ സേവനം കൂടാതെ എന്‍ജിനീയര്‍മാര്‍തന്നെ തകരാര്‍ പരിഹരിച്ച് യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു.

ഏതാനും ദിവസം മുമ്പാണ് ബ്രൈറ്റണ്‍ ബീച്ചിനു സമീപമുള്ള ലോകത്തിലെ ഏറ്റവും വലിയ വെര്‍ട്ടിക്കല്‍ കേബിള്‍ കാര്‍ സര്‍വീസായ ബ്രൈറ്റണ്‍ ടവര്‍ (ഐ.360) സമാനമായ രീതിയില്‍ ഇരുന്നൂറോളം യാത്രക്കാരുമായി ആകാശത്തു പണിമുടക്കിയത്. ആല്‍പ്‌സ് പര്‍വതനിരയിലൂടെയുള്ള കേബിള്‍ കാറില്‍ അമ്പതോളം യാത്രക്കാര്‍ രണ്ടുദിവസത്തോളം കുടുങ്ങിയതും ആഴ്ചകള്‍ക്കുമുമ്പാണ്. 12,000 അടി ഉയരത്തിലുള്ള മഞ്ഞുമലയില്‍ കുടുങ്ങിയ ഇവരെ ഹെലികോപ്റ്റര്‍ സഹായത്തോടെ ഫ്രാന്‍സ്, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള സൈനികര്‍ സംയുക്തമായി രക്ഷിച്ചത് വലിയ വാര്‍ത്തയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here