കൊച്ചി: നികൃഷ്ടജീവി പ്രയോഗത്തിലൂടെ കേരളത്തിലെ കത്തോലിക്ക സഭയുടെ കണ്ണിലെ കരടായി മാറിയ സിപിഎം നേതാവ് പിണറായി വിജയന്‍ മുഖ്യമന്ത്രി പദത്തിലെത്തിയതോടെ സഭയുടെ കുഞ്ഞാടായി മാറുന്നു. കോട്ടയത്തു നടക്കുന്ന, മെത്രാന്മാരും, പുരോഹിതരും പങ്കെടുക്കുന്ന കാരുണ്യവര്‍ഷ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്.. നേരത്തെ കടുത്ത അഭിപ്രായവ്യത്യാസം പുലര്‍ത്തിയിരുന്ന കതോലിക്കാസഭയും പിണറായി വിജയനും കൂടുതല്‍ അടുക്കുന്നതിന്റെ സൂചനകളാണിതെന്നു വിലയിരുത്തപ്പെടുന്നു.
പിണറായി വിജയന്‍ സിപിഎമ്മി ന്റെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്ത് നികൃഷ്ഠജീവിയെന്നാണ് ഒരു ബിഷപ്പിനെ വിശേഷിപ്പിച്ചത്. അതാകട്ടെ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. അതൊരിക്കലും തിരുത്തി പറയാന്‍ തയാറാകാതിരുന്ന പിണറായി വിജയനെയാണ് ഇപ്പോള്‍ കതോലികാസഭ കാരുണ്യവര്‍ഷസമാപനസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ചിരിക്കുന്നത്. കേരളത്തിലെ കതോലിക്കാരൂപതകളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന കാരുണ്യവര്‍ഷസമാപന സമ്മേളനത്തില്‍ അല്‍മായര്‍ക്കൊപ്പം വിവിധ രൂപതാപിതാക്കന്മാരും പങ്കെടുക്കുന്നുണ്ട്.
ഭരണത്തിലിരിക്കുന്ന പിണറായി വിജയനോട് കൂടുതല്‍ അടുത്തില്ലയെങ്കില്‍ തങ്ങള്‍ക്ക് ലഭിക്കേണ്ട പല ആനുകൂല്ല്യങ്ങളും മറ്റ് സമുദായംഗങ്ങള്‍ തട്ടിയെടുക്കുമോയെന്ന ഭയവും ഇതിന് പിന്നിലുണ്ടെന്നാണ് കരുതപ്പെടുന്നത്. പിണറായിക്ക് ഇനിയും അയിത്തം കല്‍പ്പിച്ച് അകറ്റി നിര്‍ത്തിയാല്‍ ആരോഗ്യരംഗത്തെയും വിദ്യാഭ്യാസരംഗത്തെയും സഭയുടെ താല്‍പ്പര്യങ്ങള്‍ക്ക് തിരിച്ചടി ഉണ്ടായേക്കാമെന്നും ഇവര്‍ കരുതുന്നു.
ഒരു കാലത്ത് ബിഷപ്പിനെ നികൃഷ്ടജീവി എന്ന് വിളിച്ചുവെന്ന് ആരോപിച്ച് അദേഹത്തിന് എതിരെ ഉറഞ്ഞ് തുള്ളിയവര്‍ തന്നെയാണ് ഇപ്പോള്‍ അനുനയനീക്കത്തിന് മുന്‍കൈയെടുത്തിരിക്കുന്നത്. സീറോമലബാര്‍ സഭയിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ടെങ്കിലും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുള്ളവര്‍ പിണറായിഅനുകൂലനിലപാടിലേക്ക് മാറിയെന്നാണ് സൂചന. ലത്തീന്‍ ,സീറോമലങ്കര റീത്തുകളുടെ മേലദ്ധ്യക്ഷന്മാരും പങ്കെടുക്കുന്ന സമ്മേളനമാണ് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം.
ആലോചനായോഗത്തില്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍കൂറിലോസ് അദ്ധ്യക്ഷനായി. നവംബര്‍ 12 ന് കോട്ടയം തെള്ളകം ചൈതന്യാ പാസ്റ്ററല്‍ സെന്ററില്‍ വച്ചാണ് സമ്മേളനം നടക്കുന്നത്. സമ്മേളനത്തോട് അനുബന്ധിച്ച് കാരുണ്യസന്ദേശയാത്രയും റാലിയും സംഘടിപ്പിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here